ശ്രീനഗർ: മകര സംക്രാന്തി (Makar Sankranti) ദിനത്തിൽ എല്ലാ കോളജുകളിലെയും അധ്യാപകരും വിദ്യാർത്ഥികളും സൂര്യ നമസ്‌കാരം (Surya Namaskar) ചെയ്യണമെന്ന ജമ്മു കശ്മീർ സർക്കാർ (J&K government) ഉത്തരവ് വിവാദമാകുന്നു. മുസ്ലീം (Muslim) ഭൂരിപക്ഷ മേഖലയിലെ വിദ്യാർത്ഥികളോട് ആദ്യമായാണ് ഇത്തരത്തിൽ സൂര്യ നമസ്കാരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്നത്. എന്നാൽ ഈ ആവശ്യം അസ്വീകാര്യവും വിശ്വാസങ്ങൾക്ക് വിരുദ്ധവുമാണെന്ന് മുസ്ലീം മതവിശ്വാസികളിൽ പലരും പറയുന്നു.
"2022 ജനുവരി 14 മകരസംക്രാന്തി ദിനത്തിൽ, ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നിരവധി ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വെർച്വൽ സൂര്യ നമസ്‌കാരം സംഘടിപ്പിക്കണമെന്നാണ് ഇന്ത്യൻ സർക്കാർ ആഗ്രഹിക്കുന്നത്", ജമ്മു കശ്മീർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
"ഉണർവിനായി സൂര്യനമസ്‌കാർ" ("Surya Namaskar for vitality'') എന്ന ടാഗ്‌ലൈനോടെ ഇതൊരു ജനകേന്ദ്രീകൃത പരിപാടിയാക്കാൻ അധ്യാപകരോടും വിദ്യാർത്ഥികളോടും ഈ ഉത്തരവ് ആവശ്യപ്പെടുന്നു. "എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് ദയവായി ഉറപ്പു വരുത്തണമെന്നും" നിർദ്ദേശത്തിൽ പറയുന്നു.
ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഈ നിർദ്ദേശത്തെ സർക്കാരിന്റെ "പിആർ അബദ്ധം" എന്നും "വർഗീയ മനസ്ഥിതിയുടെ" പ്രതിഫലനമെന്നുമാണ് വിശേഷിപ്പിച്ചത്.
"ഇന്ത്യൻ സർക്കാരിന്റെ ഈ പിആർ സാഹസം കശ്മീരികളെ തരംതാഴ്ത്താനും അപമാനിക്കാനും വേണ്ടിയുള്ളതാണ്. സൂര്യനമസ്‌കാരം പോലുള്ള കാര്യങ്ങൾ ചെയ്യാൻ വിദ്യാർത്ഥികളെയും അധ്യാപകരെയും നിർബന്ധിക്കുന്നത് സർക്കാരിന്റെ വർഗീയ ചിന്താഗതിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടാണ് വ്യക്തമാക്കുന്നതെന്നും" അവർ ട്വീറ്റിൽ പറഞ്ഞു.
"മകര സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി മുസ്ലീം വിദ്യാർത്ഥികളെ യോഗയുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് എന്തിന്? മകര സംക്രാന്തി ഒരു ഉത്സവമാണ്, അത് ആഘോഷിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമായിരിക്കണം. മുസ്ലീങ്ങളല്ലാത്ത വിദ്യാർത്ഥികൾ നിർബന്ധമായും ഈദ് ആഘോഷിക്കണമെന്ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ ബിജെപിയ്ക്ക് അത് അംഗീകരിക്കാനാകുമോ?", മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.
നാളെ ഒരു മുസ്ലീം മുഖ്യമന്ത്രി എല്ലാവരോടും റംസാൻ വ്രതം അനുഷ്ഠിക്കണമെന്ന് ഉത്തരവിട്ടാൽ എന്തായിരിക്കും പ്രതികരണമെന്ന് നാഷണൽ കോൺഫറൻസിന്റെ യുവ നേതാവ് ഉമേഷ് തലാഷി ചോദിച്ചു.
"നാളെ ഒരു മുസ്ലീം മുഖ്യമന്ത്രി എല്ലാവരും റംസാൻ വ്രതം അനുഷ്ഠിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചാൽ, മുസ്ലീം ഇതര സമുദായക്കാർക്ക് എന്ത്തോന്നും? മതപരമായ ആചാരങ്ങൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത് നേതാക്കന്മാർ അവസാനിപ്പിക്കണം, അവർക്ക് ഈ വിഷയങ്ങളിൽ ഇടപെടാൻ അവകാശമില്ല." അദ്ദേഹം പറഞ്ഞു.
ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ ഒപ്പിട്ട ഉദ്യോഗസ്ഥരുടെ അടിമത്വത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് മറ്റൊരു നേതാവ് റുഹുല്ല മെഹ്ദി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jammu and kashmir, Makar Sankranti, Yoga