ന്യൂഡൽഹി: ഇന്നലെ രാത്രി അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്‍റെ വൈകിട്ട് മൂന്ന് മണിക്ക് ലോധി റോഡ് വൈദ്യത ശ്മശാനത്തിൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാരം. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് അശുപത്രിയിൽ ചൊവ്വാഴ്ച രാത്രി 10.50ഓടെ ആയിരുന്നു അന്ത്യം. വീട്ടിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനേത്തുടർന്ന് ഇന്നലെ രാത്രി 10.20 ഓടെയാണ് സുഷമാ സ്വരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭൗതിക ശരീരം രാവിലെ 11 വരെ വസതിയിലും 12 മുതൽ ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിന് വെക്കും.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല. കഴിഞ്ഞ എൻ.ഡി.എ സർക്കാറിൽ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ, ഇന്ദിര ഗാന്ധിക്കുശേഷം ആ പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു. ഡൽഹി മുഖ്യമന്ത്രിയാവുന്ന ആദ്യ വനിതയായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി, വാർത്തവിതരണ-പ്രക്ഷേപണ മന്ത്രി, വാർത്തവിനിമയ മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഏഴു തവണ പാർലമെന്റ് അംഗമായിട്ടുണ്ട്. 25ആം വയസ്സിൽ ഹരിയാനയിൽ മന്ത്രിയായി സുഷമ.
ഹരിയാനയിലെ അംബാലയിൽ 1953 ഫെബ്രുവരി 14ന് ഹർദേവ് ശർമയുടെയും ലക്ഷ്മി ദേവിയുടെയും മകളായാണ് ജനനം. എ.ബി.വി.പിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സുഷമ അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു. 1980ൽ ജനതാ പാർട്ടിയിൽ നിന്ന് ജനസംഘ വിഭാഗം പിരിഞ്ഞ് ബിജെപി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിൽ സജീവമാണ്. ഒരു ദേശീയ പാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന ബഹുമതിയും സുഷമക്കുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ അന്ത്യമെന്നായിരുന്നു സുഷമാ സ്വരാജിന്റെ മരണത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. രാജ്യത്തിന് തീരാനഷ്ടമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും സുഷമാ സ്വരാജിന്റെ മരണത്തിൽ അനുശോചിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.