ന്യൂഡൽഹി: ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് വളരെയേറെ കളങ്കം വരുത്തിവെച്ച സംഭവമായിരുന്നു ബിജെപി നേതാവായ നൂപുർ ശർമ്മയുടെ മുസ്ലീം വിരുദ്ധ പരാമർശം. ഇതിനേതുടർന്ന് രാജ്യത്തിന്റെ പലഭാഗത്ത് അനിഷ്ടസംഭവങ്ങൾ അരങ്ങേറി. ഹിന്ദു മുസ്ലീം വേർതിരിവിന് വലിയ വളമാണ് ഈ സംഭവം നൽകിയത്.
പ്രവാചകനെ നിന്ദിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലൂടെ വിവാദത്തിലായ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യുന്നത് വിലക്കി സുപ്രീംകോടതി.
പ്രവാചക വിരുദ്ധ പരാമർശം നടത്തിയതിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ അറസ്റ്റ് ചെയ്യുന്നതിനാണ് താൽക്കാലിക വിലക്ക്. വിവിധയിടങ്ങളിലായി റജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ ഒറ്റ കേസാക്കുന്നതിനായി നൂപുർ ശർമ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.
വിവിധ സംസ്ഥാനങ്ങളിലായി ഒൻപതു കേസുകളാണ് നൂപുർ ശർമയ്‌ക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതെല്ലാം കൂടി ഒന്നിച്ച് ഒറ്റ കേസായി പരിഗണിക്കണമെന്ന നൂപൂറിന്റെ വാദം ഇനി ഓഗസ്റ്റ് 10ന് കോടതി പരിഗണിക്കും. ഇക്കാര്യം ആവശ്യപ്പെട്ടും അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുമാണ് നൂപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചത്. നൂപുർ ശർമയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ള ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ബംഗാൾ, കർണാടക, ഉത്തർ പ്രദേശ്, ജമ്മു കശ്മീർ, അസം എന്നീ സംസ്ഥാനങ്ങളോടാണ് സുപ്രീംകോടതി അഭിപ്രായം തേടിയത്.
Also read: വിവാദ പരാമര്‍ശം: ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂപുർ ശർമയ്‌ക്കെതിരായ വധഭീഷണികൾ വർധിക്കുന്നതായി അവരുടെ അഭിഭാഷകൻ ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഒറ്റക്കേസായി പരിഗണിക്കണമെന്ന ആവശ്യം. അതിനിടെ, ജൂലൈ ഒന്നിന് സുപ്രീംകോടതിയിലെ അവധിക്കാല ബെഞ്ച് തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും നൂപുർ ശർമ ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരുൾപ്പെട്ട ബെഞ്ച് നടത്തിയ കടുത്ത പരാമർശങ്ങൾക്കുശേഷം തനിക്കെതിരെ വധഭീഷണി വർധിച്ചതായി ശർമ ചൂണ്ടിക്കാട്ടി.
നൂപുർ ശർമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് അവധിക്കാല ബെഞ്ച് കടുത്ത പരാമർശങ്ങൾ നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Hindu Muslim, Nupur Sharma, Supreme court