• HOME
  • »
  • NEWS
  • »
  • india
  • »
  • Taj Mahal | താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറക്കില്ല; ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

Taj Mahal | താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറക്കില്ല; ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇന്‍ ചാര്‍ജ് കൂടിയായ ഡോ രജനീഷ് സിംഗ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. 

  • Share this:
    ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ ( 22 rooms) തുറക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി (allahabad hc) തള്ളി. ഈ മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് മുറികള്‍ തുറക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇന്‍ ചാര്‍ജ് കൂടിയായ ഡോ രജനീഷ് സിംഗ് (Dr rajneesh singh) നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

    പൊതുതാല്‍പര്യ ഹര്‍ജി സംവിധാനം (PIL system) ദുരുപയോഗം ചെയ്യരുതെന്നും കോടതിയില്‍ വരുന്നതിന് മുമ്പ് താജ്മഹലിനെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് ഡികെ ഉപാധ്യായ ഹര്‍ജിക്കാരനോട് പറഞ്ഞു. '' നാളെ നിങ്ങള്‍ ഞങ്ങളുടെ ചേമ്പറുകള്‍ കാണാന്‍ അനുവാദം ചോദിക്കും. ദയവായി പൊതുതാല്‍പര്യ ഹര്‍ജി വ്യവസ്ഥയെ പരിഹസിക്കരുത്'', വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് ഹർജിക്കാരനെ രൂക്ഷമായി വിമർശിച്ചു. മുറികള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേക പഠനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം ചരിത്രകാരന്‍മാര്‍ക്ക് വിടേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ റിട്ട് ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

    കോടതിയില്‍ വരുന്നതിന് മുമ്പ് ഈ വിഷയത്തില്‍ പിഎച്ച്ഡി ചെയ്യാന്‍ ഹര്‍ജിക്കാരനോട് ജസ്റ്റിസ് ഉപാധ്യായ ആവശ്യപ്പെട്ടു. '' ഏതെങ്കിലും യൂണിവേഴ്‌സിറ്റി നിങ്ങള്‍ക്ക് ഗവേഷണം ചെയ്യാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയെ അറിയിക്കാം. ആദ്യം പോയി താജ്മഹല്‍ ആരാണ് നിര്‍മ്മിച്ചതെന്നും എപ്പോഴാണ് നിര്‍മ്മിച്ചതെന്നും വായിക്കൂ. പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കാനുള്ള അവകാശത്തെ പരിഹസിക്കരുത്'', അദ്ദേഹം പറഞ്ഞു.

    താജ്മഹലിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പ്രതിമകളും ലിഖിതങ്ങളും പോലുള്ള സുപ്രധാന ചരിത്ര തെളിവുകള്‍ക്കായി ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

    'തേജോ മഹാലയ' എന്നറിയപ്പെടുന്ന പഴയ ശിവക്ഷേത്രമാണ് താജ്മഹല്‍ എന്ന് നിരവധി ഹിന്ദു ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നുണ്ടെന്നും നിരവധി ചരിത്രകാരന്മാര്‍ ഇതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അഭിഭാഷകനായ രുദ്ര വിക്രം സിംഗ് ഹര്‍ജിയില്‍ വാദിച്ചു. ഈ അവകാശവാദങ്ങള്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ തര്‍ക്കത്തിനിടയാക്കിയിട്ടുണ്ടെന്നും അതിനാല്‍ തര്‍ക്കം അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

    അതേസമയം, വിഷയത്തില്‍ കോടതിയെ അഭിനന്ദിച്ച് സമാജ്വാദ് പാര്‍ട്ടി ട്വീറ്റ് ചെയ്തിരുന്നു. 'കോടതിക്ക് നന്ദി. ഏറ്റവും പ്രസിദ്ധമായ ചരിത്ര പൈതൃകമായ താജ്മഹല്‍ സ്‌നേഹത്തിന്റെ അടയാളമാണ്. കോടതിയുടെ കര്‍ശനമായ പരാമര്‍ശങ്ങളെ സ്വാഗതം ചെയ്യുന്നു. അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം'', പാര്‍ട്ടി ട്വീറ്റ് ചെയ്തു.

    ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍, യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക്, കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (UNESCO) പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള സ്ഥലമാണ്. 1631ല്‍ തന്റെ ഭാര്യ മുംതാസിന്റെ സ്മരണയ്ക്കായിട്ടാണ് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഈ കുടീരം പണികഴിപ്പിച്ചത്. മുംതാസ് മഹലിനെയും ഷാജഹാനെയും താജ് മഹലിലെ കുംഭഗോപുരത്തിനടിയിലാണ് അടക്കം ചെയ്തിരിക്കുന്നത്.
    Published by:Jayashankar Av
    First published: