മധുരൈ: ഗർഭിണിയായ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ പിഴ ചുമത്തി തമിഴ്നാട് പൊലീസ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇതുസംബന്ധിച്ച് ഓട്ടോഡ്രൈവർ സോഷ്യൽമീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പൂർണ ഗർഭിണിയായ യുവതിയെ പ്രസവത്തിനായി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ഇതിന്റെ പേരിലാണ് ലോക്ക്ഡൗൺ ലംഘിച്ചതിന് പൊലീസ് 500 രൂപ പിഴ ചുമത്തിയതെന്നും വീഡിയോയിൽ ഡ്രൈവർ പറയുന്നു.
സൗജന്യമായാണ് സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവറുടെ വീഡിയോ ഇതിനകം വൈറലാണ്. ഇതോടെ വിശദീകരണവുമായി സിറ്റി പൊലീസും രംഗത്തത്തി. ഓട്ടോ ഡ്രൈവറുടെ പരാതി പരിശോധിക്കുമെന്നും വാസ്തവമുണ്ടെങ്കിൽ ചുമത്തിയ പിഴ തിരികെ നൽകുമെന്നും പൊലീസ് അറിയിച്ചതായും മധുരൈ സിറ്റി പൊലീസ് കമ്മീഷണറെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
TRENDING:Covid 19 Death| സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോട്ടയം സ്വദേശിയായ ഓട്ടോഡ്രൈവർ [NEWS]Padmanabhaswamy Temple| ആചാരപരമായ കാര്യങ്ങളിൽ രാജകുടുംബത്തിന് അവകാശമെന്ന് സുപ്രീംകോടതി [NEWS]ഒടുവിൽ മാസ്ക് ധരിച്ച് ഡൊണാൾഡ് ട്രംപ്; മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി [PHOTOS]
തമിഴ്നാട്ടിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. നഗരത്തിൽ ഓട്ടോ അടക്കമുള്ള വാഹനങ്ങൾക്ക് അനുമതിയില്ല.
എന്നാൽ, ഗർഭിണിയായ സ്ത്രീയെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തള്ളിക്കളയാനായില്ലെന്ന് ഓട്ടോഡ്രൈവറായ എസ് മുത്തുകൃഷ്ണൻ പറയുന്നു. ബുധനാഴ്ച്ചയാണ് സംഭവം നടക്കുന്നത്. മധുരൈയിലെ രാജാജി സർക്കാർ ആശുപത്രിയിലേക്കാണ് ഗർഭിണിയുമായി മുത്തുകൃഷ്ണൻ പോയത്. തിരിച്ചു വരുന്ന വഴിയിൽ ഗോരിപാളയം ജംഗ്ഷനിൽ എത്തിയപ്പോൾ പൊലീസ് ഓട്ടോ തടഞ്ഞു.
തന്റെ ഭാഗം കേൾക്കാൻ തയ്യാറാകാതെ പിഴ ചുമത്തുകയായിരുന്നുവെന്ന് മുത്തുകൃഷ്ണൻ പറയുന്നു. ലോക്ക്ഡൗണിനെ തുടർന്ന് മാസങ്ങളായി വരുമാനമില്ലെന്നും പിന്നെ എങ്ങനെയാണ് പിഴ നൽകുന്നതെന്നും ഓട്ടോ ഡ്രൈവർ ചോദിക്കുന്നു.
പൊലീസിന്റെ നടപടി ഇത്തരത്തിലാണെങ്കിൽ ആളുകളുടെ ജീവൻ രക്ഷിക്കേണ്ട ഘട്ടത്തിൽ പോലും സഹായിക്കാൻ ഓട്ടോഡ്രൈവർമാർ മുന്നോട്ടു വരാൻ മടിക്കുമെന്നും മുത്തുകൃഷ്ണൻ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.