കോയമ്പത്തൂർ: മക്കൾ നീതി മയ്യം പ്രസിഡന്‍റ് കമൽ ഹാസനെതിരെ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിനാണ് കേസ്. മക്കൾ നീതി മയ്യം പാർട്ടിക്കായി കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിൽ നിന്നും ജനവിധി തേടാനിറങ്ങുകയാണ് കമൽ ഹാസൻ. സ്വതന്ത്ര സ്ഥാനാർഥിയായ പളനികുമാർ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടൂർ പൊലീസ് കമലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
രാംനഗറിലെ രാമക്ഷേത്രത്തിന് സമീപം ശ്രീരാമനായും ദേവിയായും വേഷമിട്ടെത്തിയ അഭിനേതാക്കൾ കമൽ ഹാസൻ വേണ്ടി പ്രചരണം നടത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചതിന് അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Also Read-യുഡിഎഫ് സ്ഥാനാർഥിയുടെ വീടിന് മുന്നിൽ മുട്ടയും നാരങ്ങയും; കൂടോത്രമെന്ന് പരാതി
ഇതിനിടെ തന്‍റെ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാൽ സിനിമാ രംഗം ഉപേക്ഷിക്കാൻ തയ്യാറെന്ന് കമൽ ഹാസൻ അറിയിച്ചിട്ടുണ്ട്. ജനങ്ങളെ സേവിക്കുന്നതിനായാണ് രാഷ്ട്രീയം തെരഞ്ഞെടുത്തത്. ഇതിന് സിനിമ ഒരു തടസ്സമായാൽ അത് ഉപേക്ഷിക്കുമെന്നാണ് കമൽ വ്യക്തമാക്കിയിരിക്കുന്നത്. 'എന്‍റെ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാൽ നിലവിൽ ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കി സിനിമാ രംഗം ഉപേക്ഷിക്കും' എന്നായിരുന്നു വാക്കുകള്‍. കോയമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് 'ഉലകനായകൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കമൽ നിലപാട് വ്യക്തമാക്കിയത്.
അടുത്ത ദിവസാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. കോൺഗ്രസ്-ഡിഎംകെ സഖ്യം, ബിജെപി-എഐഎഡിഎംകെ സഖ്യം പോരാട്ടം നടക്കുന്ന തമിഴ്നാട്ടിൽ കമൽഹാസന്‍റെ മക്കൾ നീതി മയ്യവും കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
Also Read-ലൈവ് റിപ്പോർട്ടിങ് നിർത്തി അപകട സ്ഥലത്തേക്ക് ഓടിയ റിപ്പോർട്ടർ; അനഘയെ അഭിനന്ദിച്ച് സോഷ്യൽമീഡിയ
കമൽ ഹാസൻ മത്സരിക്കുന്ന കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി വനതി ശ്രീനിവാസനായി പ്രചരണത്തിനെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കമൽ ഹാസനെ വെല്ലുവിളിച്ചത് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. വനതി ശ്രീനിവാസനുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാകാനാണ് കമലിനോട് സ്മൃതി ആവശ്യപ്പെട്ടത്. 'പ്രശ്‌നങ്ങൾ നന്നായി അറിയാമെന്നും പരിഹാരങ്ങൾ നൽകാനും നയങ്ങൾ നടപ്പിലാക്കാനും സാധിക്കുമെന്നും തെളിയിക്കുന്നതിനായി വനതി ശ്രീനിവാസനുമായി ഒരു സംവാദത്തിന് വരാൻ ഞാൻ കമൽ ഹാസനെ വെല്ലുവിളിക്കുന്നു' എന്നായിരുന്നു ഇവരുടെ വാക്കുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kamal hassan, Tamilnadu, Tamilnadu Assembly Election 2021