കോയമ്പത്തൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്നാട്ടിൽ പ്രചാരണ പരിപാടികൾ സജീവമായി നടക്കുകയാണ്. സംസ്ഥാനത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപി പ്രമുഖ നേതാക്കളെ ഇവിടെയെത്തിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു.
കോയമ്പത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പാർട്ടി പ്രവർത്തകർക്കൊപ്പമുള്ള സ്മൃതിയുടെ ഒരു നൃത്തവീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലെ സ്ഥാനാർഥി വനതി ശ്രീനിവാസന് വേണ്ടി വോട്ടഭ്യർത്ഥിക്കാനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി, പാർട്ടി അംഗങ്ങൾക്കൊപ്പം നൃത്തച്ചുവടുകൾ വച്ചത്.
വരുന്ന ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. കോൺഗ്രസ്-ഡിഎംകെ സഖ്യം, ബിജെപി-എഐഎഡിഎംകെ സഖ്യം പോരാട്ടം നടക്കുന്ന തമിഴ്നാട്ടിൽ കമൽഹാസന്റെ മക്കൾ നീതി മയ്യവും വെല്ലുവിളി ഉയർത്തി പ്രചാരണ പരിപാടികളില്‍ സജീവമാണ്.
Also Read-'
ഡിഎംകെ മുന്നണിയിൽ ചേരാൻ സിപിഎം കോടികൾ വാങ്ങി'; സഖാക്കളുടെ അധഃപതനമെന്ന് കമൽ ഹാസന്സ്മൃതി ഇറാനി പ്രചാരണത്തിനായെത്തിയ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിൽ നിന്നാണ് കമൽ ഹാസനും തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്. പ്രചാരണത്തിനിടെ കമലിനെ വെല്ലുവിളിച്ച കേന്ദ്രമന്ത്രി, മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വനതി ശ്രീനിവാസനുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാകാനാണ് താരത്തോട് ആവശ്യപ്പെട്ടത്.
'പ്രശ്നങ്ങൾ നന്നായി അറിയാമെന്നും പരിഹാരങ്ങൾ നൽകാനും നയങ്ങൾ നടപ്പിലാക്കാനും സാധിക്കുമെന്നും തെളിയിക്കുന്നതിനായി വനതി ശ്രീനിവാസനുമായി ഒരു സംവാദത്തിന് വരാൻ ഞാൻ കമൽ ഹാസനെ വെല്ലുവിളിക്കുന്നു' എന്നായിരുന്നു ഇവരുടെ വാക്കുകൾ.
ബിജെപിക്ക് സംസ്ഥാനത്ത് സ്വാധീനം ഉണ്ടായിത്തുടങ്ങിയെന്ന് വ്യക്തമാണെന്നും ജനക്കൂട്ടത്തിന്റെ ആവേശം പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നുമായിരുന്നു പ്രചാരണത്തിനെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് ജെപി നദ്ദയുടെ വാക്കുകൾ. 'തീർച്ചയായും, തമിഴ്നാട്ടിൽ ബിജെപി കടന്നുകയറുകയാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ നരേന്ദ്ര മോദിജി നടത്തിയ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതാണ് കാണികളുടെ ആവേശം' എന്നായിരുന്നു നദ്ദയുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.