ചെന്നൈ: തമിഴ്നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. റൂട്ട് മാർച്ചിന് അനുമതി നൽകാൻ പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.
റൂട്ട് മാർച്ചിന് മൂന്ന് തീയതികൾ നിർദ്ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനുമായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിർദേശിച്ചതോടൊപ്പം ആരെയും പ്രകോപിക്കാതെ മാർച്ച് സംഘടിപ്പിക്കാൻ ആർഎസ്എസിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ ആർ മഹാദേവൻ, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ബെഞ്ചിന്‍റെ ഉത്തരവ്.
Also Read- ‘പ്രകോപനമരുത്’; ആർ എസ് എസ് റൂട്ട് മാർച്ചിന് തമിഴ്നാട് ഹൈക്കോടതി അനുമതി
കഴിഞ്ഞ വർഷം ഒക്‌ടോബർ രണ്ടിന് ആർഎസ്‌എസ് സംസ്ഥാനത്തുടനീളം റൂട്ട് മാർച്ച് നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും സംസ്ഥാന പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ആർഎസ്എസ് കോടതി അലക്ഷ്യ ഹർജി നൽകി. നവംബർ 6 ന് 50 സ്ഥലങ്ങളിൽ 44 ഇടങ്ങളിലും മാർച്ച് നടത്താൻ കോടതി അനുമതി നൽകിയിരുന്നു, എന്നാൽ കെട്ടിടത്തിനകത്തോ സ്റ്റേഡിയത്തിനകത്തോ നടത്താമെന്ന് സിംഗിൾ ബെഞ്ച് വിധിച്ചു. ഇതിനെ തുടർന്നാണ് സിംഗിൾ ജഡ്ജി വിധിക്കെതിരെ ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.