• HOME
 • »
 • NEWS
 • »
 • india
 • »
 • Online Gambling | ഓണ്‍ലൈന്‍ ചൂതാട്ടം നിർത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; നിയമക്കുരുക്കിൽപ്പെട്ട് ഗെയ്മിങ് നിയമഭേദഗതി

Online Gambling | ഓണ്‍ലൈന്‍ ചൂതാട്ടം നിർത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; നിയമക്കുരുക്കിൽപ്പെട്ട് ഗെയ്മിങ് നിയമഭേദഗതി

തമിഴ്‌നാട്ടില്‍ 2020 നവംബറില്‍ അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ റമ്മി നിരോധിക്കുമെന്നും അതിന്റെ സംഘാടകരെയും കളിക്കാരെയും അറസ്റ്റ് ചെയ്യാന്‍ ഉതകുന്ന വിധത്തിൽ നിയമങ്ങളിൽ മാറ്റം കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

 • Last Updated :
 • Share this:
  അര്‍ച്ചന ആര്‍

  ഈ പുതുവര്‍ഷത്തിൽ (New Year) ദാരുണമായ ഒരു സംഭവത്തിനാണ് തമിഴ്നാട് (Tamil Nadu) സാക്ഷ്യം വഹിച്ചത്. ചെന്നൈയിലെ (Chennai) പെരുങ്കുടി മേഖലയില്‍ 35 വയസ്സുള്ള സ്ത്രീയും പതിനൊന്നു വയസും ഒരു വയസും പ്രായമുള്ള കുട്ടികളും ഉൾപ്പെടുന്ന നാലംഗ കുടുംബത്തെ ജനുവരി ഒന്നിന് വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. ബാങ്ക് ജീവനക്കാരനായിരുന്ന 36കാരൻ മണികണ്ഠന്‍ തന്റെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന് ശേഷം അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നു. മണികണ്ഠന്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് (Online Gambling) അടിമയായിരുന്നെന്നും അതിലൂടെ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടെന്നും ഇത് ഇയാളും ഭാര്യയും തമ്മിലുള്ള വഴക്കിലേക്ക് നയിച്ചെന്നും പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യക്തമായി. പണം നഷ്ടപ്പെട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിൽ ഗൃഹനാഥൻ ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സ്വന്തം കുട്ടികളെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം അയാൾ തൂങ്ങിമരിച്ചു.

  സമാനമായ മറ്റൊരു സംഭവം ജനുവരി മൂന്നിന് ഉണ്ടായി. ചെന്നൈയിലെ തിരുവാൺമിയൂര്‍ എംആര്‍ടിഎസ് റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് 1.32 ലക്ഷം രൂപ കൊള്ളയടിച്ചതിന് ശേഷം വ്യാജ പരാതി സമർപ്പിച്ചതിന് ജീവനക്കാരനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് അജ്ഞാതൻ തോക്ക് ചൂണ്ടി പണം കൊള്ളയടിച്ചെന്നായിരുന്നു ജീവനക്കാരന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടർന്ന് കടക്കെണിയിലായ റെയില്‍വേ ബുക്കിംഗ് ക്ലാര്‍ക്ക് ഭാര്യയോടൊപ്പം പണം കവരുകയായിരുന്നു എന്ന് പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

  ഈ രണ്ട് പ്രധാന സംഭവങ്ങളിലും പൊതുവായി കാണാൻ കഴിയുന്ന കാര്യം ഓണ്‍ലൈന്‍ ചൂതാട്ടത്തിന് ഇരയായ രണ്ട് വ്യക്തികളും മാന്യമായ ജോലിയും ഉയര്‍ന്ന ശമ്പളവും ഉള്ളവരായിരുന്നു എന്നതാണ്.

  തമിഴ്‌നാട്ടില്‍ 2020 നവംബറില്‍ അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ റമ്മി നിരോധിക്കുമെന്നും അതിന്റെ സംഘാടകരെയും കളിക്കാരെയും അറസ്റ്റ് ചെയ്യാന്‍ ഉതകുന്ന വിധത്തിൽ നിയമങ്ങളിൽ മാറ്റം കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നു. 2020ല്‍ സംസ്ഥാനത്തൊട്ടാകെ ഓൺലൈൻ ചൂതാട്ടത്തെ തുടർന്നുണ്ടായ കടക്കെണി കാരണം ഒരു ഡസനോളം പേര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലായിരുന്നു മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രഖ്യാപനം. 2020 നവംബറില്‍ കോയമ്പത്തൂരില്‍ 28ഉം 32ഉം വയസ്സുള്ള യുവാക്കൾ ഒരാഴ്ചയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തത് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് നിരോധനം കൊണ്ടുവരുമെന്ന പ്രഖ്യാപനം എഐഎഡിഎംകെയുടെ രാഷ്ട്രീയ നാടകമാണെന്നും അത് ശരിയായി നടപ്പാക്കുന്നില്ലെന്നും ആരോപിച്ച് ഡിഎംകെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്നീട് വിമര്‍ശനവുമായി രംഗത്തെത്തി.

  2021ല്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, തമിഴ്നാട് സര്‍ക്കാരിന്റെ ഗെയിമിംഗ് നിയമ ഭേദഗതി ഓഗസ്റ്റില്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കുന്നതിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി കമ്പനികളുടെ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ഇത്തരമൊരു നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (1) (ജി) യുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടന പ്രകാരം, ആർക്കും ഏത് തൊഴിലും വ്യാപാരവും ബിസിനസ്സും ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ, സംസ്ഥാനം ഹര്‍ജിയെ എതിര്‍ക്കുകയും ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമുകളില്‍ യുവാക്കള്‍ വന്‍ തുക വാതുവയ്പ് നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

  റമ്മി പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നത് നിരോധിച്ച 2021ലെ 'തമിഴ്നാട് ഗെയിമിംഗ് ആന്‍ഡ് പോലീസ് ലോ' (ഭേദഗതി) നിയമം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ 2021 ഡിസംബറില്‍ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നിരോധനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. 2021ലെ ഭേദഗതി നിയമം അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മ്മാണ ശേഷിയില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ ഹൈക്കോടതിയ്ക്ക് പിഴവ് സംഭവിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലിലൂടെ സുപ്രീം കോടതിയെ അറിയിച്ചു.

  ''നേരത്തെ തന്നെ എഐഎഡിഎംകെ ഓണ്‍ലൈന്‍ റമ്മിക്കെതിരെ നിയമം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, നിയമപ്രശ്നങ്ങളെ തുടര്‍ന്ന് കോടതി ഈ നിയമത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും അത് റദ്ദാക്കുകയും ചെയ്തു. അപ്പീല്‍ നല്‍കിയതിനാല്‍ നിലവില്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മാത്രമല്ല, ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമുകള്‍ നിരോധിക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ റമ്മി എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി വരികയാണ്. ഇതിന് തടസ്സമായി നില്‍ക്കുന്നത് 'റമ്മി ഒരു കളിയാണ്, അതൊരു ചൂതാട്ടമല്ല' എന്ന് പ്രഖ്യാപിച്ച സുപ്രീം കോടതിയുടെ മുന്‍കാല വിധിയാണ്. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെ തരണം ചെയ്യാമെന്നത് സംബന്ധിച്ചും സാധാരണക്കാരുടെയും യുവാക്കളുടെയും ജീവിതം എങ്ങനെ പുനഃസ്ഥാപിക്കാമെന്ന കാര്യത്തിലും ഗൗരവമായ ആലോചനയാണ് നടക്കുന്നത്. തീര്‍ച്ചയായും തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനൊരു മികച്ച പരിഹാരം കണ്ടെത്തും. നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെങ്കിലും അത് ഭരണഘടനയ്ക്ക് വിധേയമാണ്. അതില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് മാത്രമേ അധികാരമുള്ളൂ. അതാണ് നിയമം കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്കുള്ള വലിയ തടസ്സം. നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് ഒരു മികച്ച തീരുമാനം ഉടന്‍ ഉണ്ടാകും, അതില്‍ സംശയമില്ല.'', ഡിഎംകെയുടെ പ്രതിനിധിയും അഭിഭാഷകനുമായ ശരവണന്‍ അണ്ണാദുരൈ ന്യൂസ് 18-നോട് പറഞ്ഞു.

  ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് അവകാശമുണ്ടെന്നും ശരവണന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കമ്പനികള്‍ ഉടന്‍ കോടതിയെ സമീപിച്ച് നിരോധനം റദ്ദാക്കാനുള്ള ഉത്തരവ് നേടും. കേന്ദ്രത്തോട് ആവശ്യപ്പെട്ടാല്‍ അവര്‍ തമിഴ്നാട്ടില്‍ മാത്രം നിരോധനം കൊണ്ടുവരില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ അധികൃതര്‍ നടത്തി വരികയാണ്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ തീര്‍ച്ചയായും ഈ വിഷയം നല്ല രീതിയില്‍ അവസാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമുകള്‍ക്കെതിരെ കൊണ്ടുവന്ന നിയമം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിന് സര്‍ക്കാരിനെ വിമര്‍ശിച്ച് എഐഎഡിഎംകെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ചൂതാട്ടം ഉടന്‍ നിരോധിക്കണമെന്ന് പിഎംകെ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടം തമിഴ്നാട് സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് ജനുവരി ആറിന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയിലും ഉറപ്പ് നൽകിയിട്ടുണ്ട്.
  Published by:Naveen
  First published: