ഒരു കേസിന്റെ വെര്‍ച്വല്‍ ഹിയറിംഗിനിടെ (Virtual Hearing) വനിതയോട് അപമര്യാദയായി പെരുമാറിയതിന് മദ്രാസ് ഹൈക്കോടതിയിലെ (Madras High Court) അഭിഭാഷകനെ (Advocate) സസ്പെന്‍ഡ് ചെയ്തു. ചെന്നൈയില്‍ നിന്നുള്ള അഭിഭാഷകനായ ആര് ഡി സന്താന കൃഷ്ണനെയാണ് സസ്പെന്‍ഡ് (Suspend) ചെയ്തത്.
തന്റെ പേരിലോ മറ്റേതെങ്കിലും പേരിലോ ഇന്ത്യയിലെ കോടതികളിലും ട്രിബ്യൂണലുകളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന്, അപമര്യാദയായി പെരുമാറിയതിന്റെ പേരിലുള്ള അച്ചടക്ക നടപടികള്‍ തീര്‍പ്പാക്കുന്നതു വരെ സന്താന കൃഷ്ണനെ തടഞ്ഞുവെന്ന് തമിഴ്നാട്, പുതുച്ചേരി ബാര്‍ കൗണ്‍സില്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
പോര്‍ട്ട്ഫോളിയോ ജഡ്ജിമാരായ പി എന്‍ പ്രകാശും ആര് ഹേമലതയും സന്താന കൃഷ്ണനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തി ഡിസംബര്‍ 23ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിലെ സിബി-സിഐഡി വിഭാഗത്തിന്നിര്ദേശം നല്കി.
അഭിഭാഷകനെതിരെ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തമിഴ്നാട് ബാര്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്കിയ ജഡ്ജിമാര്‍ സന്താന കൃഷ്ണനെ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയായിരുന്നു.
തിങ്കളാഴ്ച ജഡ്ജി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേസ് പരിഗണിക്കവെ അഭിഭാഷകന് സ്ത്രീയുമായി അടുത്തിടപഴകുന്നത് വീഡിയോയില്‍ കണ്ടു. ചൊവ്വാഴ്ച ഈ വീഡിയോ വൈറലായി. "കോടതി നടപടികള്‍ക്കിടെ ഇത്തരത്തിൽ അശ്ലീലത പരസ്യമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ മൂകസാക്ഷിയാകാൻ കോടതിക്ക് കഴിയില്ല'', ബെഞ്ച് ചൊവ്വാഴ്ച പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രസ്തുത വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് തടയാൻ വേണ്ട നടപടിയെടുക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി.
"ഹൈബ്രിഡ് മോഡില്‍ കോടതി നടപടികള്‍ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുനപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞങ്ങള്‍ കരുതുന്നു, കൂടുതൽ അഭിഭാഷകര്‍ നമ്മുടെ ഹൈക്കോടതിയിലും ജില്ലാ കോടതികളിലും നേരിട്ട് ഹാജരാകാന്‍ തുടങ്ങിയതിന്റെ വെളിച്ചത്തില്‍ പ്രത്യേകിച്ചും. എന്നിരുന്നാലും, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ബഹുമാനപ്പെട്ട ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്'', ജഡ്ജിമാര്‍ പറഞ്ഞു.
അതേസമയം, തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ബാര്‍ കൗണ്‍സില്‍ (ബിസിടിഎന്പി) കഴിഞ്ഞ ദിവസം രണ്ട് അഭിഭാഷകരെ കൂടി പ്രാക്ടീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മധുരയിലെ കെ.പുദൂരിലെ അഭിഭാഷകനായ എ.പി.ബാലസുബ്രമണിയെ തള്ളകുളത്തെ വനിതാ പോലീസുകാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തതായി ബിസിടിഎന്പി ചെയര്മാന് പി.എസ് അമല്‍രാജും സെക്രട്ടറി സി രാജ കുമാറും അറിയിച്ചു.
തിരുവള്ളൂര്‍ തിരുപ്പള്ളൈവനം സ്വദേശി എം.നാഗരാജിനെതിരെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി എന്നാരോപിച്ച് മറ്റൊരു പ്രമേയം കൂടി പാസാക്കി. വീട് ഒഴിയാന്‍ അഭിഭാഷകനും കൂട്ടാളികളും 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Advocate R, Bar Council, Suspension, Tamilnadu