തമിഴ് വിദ്യാർഥി (Tamil Student) യുക്രെയ്ൻ സൈന്യത്തിൽ (Ukraine Army) ചേർന്നതായി വിവരം. കോയമ്പത്തൂർ സ്വദേശിയായ സായി നികേഷ് രവിചന്ദ്രൻ (Sainikesh Ravichandran) എന്ന വിദ്യാർഥിയാണ് യുദ്ധ മുന്നണിയിൽ സൈന്യത്തിനൊപ്പം ചേർന്നത്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർഥിയാണ് സായി നികേഷ്. ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ ചേർന്നതായാണ് വിവരം. കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സായി നികേഷിനെ ഫോണിൽ കിട്ടുന്നില്ലെന്ന് വിശദമാക്കിയ കുടുംബം കൂടുതൽ പ്രതികരിക്കാൻ തയാറായില്ല. 2018ലാണ് സായി നികേഷ് യുക്രെയ്നിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
അഞ്ച് വര്‍ഷത്തെ കോഴ്സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്. വാർ വീഡിയോ ഗെയിമുകളിൽ തൽപ്പരനാണ് യുവാവെന്നാണ് വിവരം. ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിലും സായി നികേഷിന്‍റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി. റഷ്യൻ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ നേരത്തെ വിശദമാക്കിയിരുന്നു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രെയ്ൻ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത്.
English Summary: The central and state intelligence agencies are investigating the involvement of a student from Tamil Nadu’s Coimbatore in the Ukrainian paramilitary forces after officials revealed that the 21-year-old has joined the paramilitary forces to fight against Russian invasion. As Indian students fled Ukraine due to the war, Sainikesh Ravichandran, a native of Coimbatore, stayed back in the ravaged country to join the Ukrainian army.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.