പൊതുസ്ഥലങ്ങളിൽ തുണി സഞ്ചികൾ (Cloth Bag) ലഭ്യമാക്കുന്ന വെൻഡിങ്ങ് മെഷീനുകൾ (Vending Machines) സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് (Tamil Nadu). മെഷീന്റെ പ്രവർത്തനം എങ്ങനെയാണ് എന്നു വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു (Supriya Sahu) ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ പരിസ്ഥിതി സൗഹൃദ ബാഗുകൾ (eco-friendly bags) കൂടുതൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്.
10 രൂപ നാണയം ഇട്ടാൽ മാത്രമാണ് തുണി സഞ്ചി ലഭിക്കുക. മെഷീനുകൾ തയ്യാറായിക്കഴിഞ്ഞാൽ, പ്ലാസ്റ്റിക് സഞ്ചികൾ സാവധാനം നീക്കം ചെയ്യുന്നതിനായി ചന്തകളിലും ബസ് സ്റ്റാൻഡുകളിലും മറ്റും ഇത് സ്ഥാപിക്കും. മഞ്ചപ്പൈ വെൻഡിംഗ് മെഷീൻ (Manjapai Vending Machine) എന്നാണ് ഈ യന്ത്രത്തെ വിളിക്കുന്നത്. തമിഴ്നാട്ടിലെ വിവിധ ചടങ്ങുകളിൽ സാധാരണയായി ഉപയോഗിക്കുന്ന മഞ്ഞ തുണി സഞ്ചി (മഞ്ഞപ്പൈ) ആണിത്. അങ്ങനെയാണ് യന്ത്രത്തിന് ഈ പേര് ലഭിച്ചത്.
"ഒടുവിൽ മഞ്ഞപ്പൈ വെൻഡിംഗ് മെഷീൻ എത്തിയിരിക്കുന്നു. പൊതുസ്ഥലങ്ങളിൽ മിതമായ നിരക്കിൽ തുണിസഞ്ചികൾ ലഭ്യമാക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ചന്തകളിലും ബസ് സ്റ്റോപ്പുകളിലും ഈ മെഷീനുകൾ സ്ഥാപിക്കാനാണ് ഞങ്ങളുടെ ഉദ്ദേശം. പ്രോട്ടോടൈപ്പ് തയ്യാറായിക്കഴിഞ്ഞു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ അറിയിക്കും", വീഡിയോയ്ക്കൊപ്പം സുപ്രിയ സാഹു കുറിച്ചു.
Manjapai Vending Machine is finally here. It is a challenge to make cloth bags available in public places at an affordable cost. We are working to set up these machines at market places & bus stops etc Prototype is ready and details will come soon #meendummanjapai#manjapaipic.twitter.com/UByJyZ55AK
വെൻഡിങ്ങ് മെഷീൻ സംബന്ധിച്ച നിരവധി നിർദേശങ്ങൾ വീഡിയോയ്ക്കു താഴെ കമന്റുകളായി പ്രത്യക്ഷപ്പെടുന്നുണ്ട്. 10 രൂപാ നാണയം ഇടുന്നതിനു പകരം ക്യു ആർ കോഡ് സംവിധാനം കൊണ്ടുവരുന്നതായിരിക്കും കൂടുതൽ സൗകര്യപ്രദം എന്നാണ് ഒരാൾ മുന്നോട്ടു വെച്ച നിർദേശം. പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും മറ്റും ഇടാനുള്ള ഒരു വെൻഡിങ്ങ് മെഷീൻ സ്ഥാപിക്കാമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, പലചരക്ക് ബാഗുകൾ, കളിപ്പാട്ടങ്ങൾ, ഡിസ്പോസിബിൾ കട്ട്ലറികൾ തുടങ്ങിയവയുടെ ചെറുകണികകൾ നമ്മുടെ രക്തത്തിൽ എത്തിച്ചേരുമെന്ന് അടുത്തിടെ ഒരു സംഘം ശാസ്ത്രജ്ഞർ തെളിയിച്ചിരുന്നു. നമ്മുടെ ജീവിത പരിസരങ്ങളിൽ നിന്നും ചെറിയ പ്ലാസ്റ്റിക് കണികകൾ മനുഷ്യരക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു എന്നാണ് എൻവയോൺമെന്റ് ഇന്റർനാഷണൽ (Environment International) എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ ചൂണ്ടിക്കാണിച്ചത്. മനുഷ്യ രക്തത്തിൽ മൈക്രോസ്പ്ലാസ്റ്റിക്സിന്റെ (Microsplastics) സാന്നിധ്യവും ഗവേഷകർ സ്ഥിരീകരിച്ചിരുന്നു.
22 പേരുടെ രക്തസാമ്പിളുകളാണ് ഗവേഷകർ പരിശോധിച്ചത്. പോളിപ്രൊപ്പിലീൻ (PP), പോളിമെഥൈൽ മെതാക്രിലേറ്റ് (PMMA - പിഎംഎംഎ), പോളിയെത്തിലീൻ (PE - പിഇ), പോളിയെത്തിലീൻ ടെറെഫ്താലേറ്റ് (PET - പിഇടി), പോളിസ്റ്റൈറൈൻ (PS - പിഎസ്) എന്നിങ്ങനെ വിവിധ തരം പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് വേണ്ടിയാണ് രക്തസാമ്പിളുകൾ പരിശോധിച്ചത്. 22 ൽ 17 പേരിലും പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തിയിരുന്നു. ഭക്ഷണത്തിലൂടെയോ ശ്വസനത്തിലൂടെയോ ആളുകളുടെ ശരീരത്തിലേയ്ക്ക് പ്ലാസ്റ്റിക് എത്തുന്നു എന്നും ശാസ്ത്രജ്ഞർ വിശദീകരിച്ചിരുന്നു.
Summary: Tamil Nadu to have cloth bag vending machines in public
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.