ചെന്നൈ: ചരിത്രം രചിച്ച് തമിഴ് നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പ്. പ്രതിപക്ഷ പാർട്ടിയായ ഡി എം കെയെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്രാൻസ് വുമൺ വിജയിച്ചു. യൂണിയൻ കൗൺസിലർ പോസ്റ്റിലേക്കാണ് മത്സരിച്ച് വിജയിച്ചത്. നാമക്കൽ ജില്ലയിലെ തിരുചെങ്കോടിൽ നിന്ന് മത്സരിച്ച റിയയെന്ന 30കാരിയാണ് 950 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചത്. 2017 മുതൽ ഡി എം കെ അംഗമാണ് റിയ. തന്‍റെ വിജയത്തിന്‍റെ എല്ലാ ബഹുമതിയും പാർട്ടി തലവൻ എം കെ സ്റ്റാലിനാണെന്ന് റിയ പറഞ്ഞു.
'നേതാവ് സ്റ്റാലിന് ഞാൻ ഈ വിജയം സമർപ്പിക്കുന്നു. പുതിയ ചുമതല ഏറ്റെടുക്കുന്നതിനു മുമ്പ് അണ്ണാ സമാധിയിൽ എത്തി കലൈഞ്ജറുടെ അനുഗ്രഹവും സ്റ്റാലിന്‍റെ അനുഗ്രഹവും തേടും. തനിക്ക് മാത്രമല്ല, മുഴുവൻ ട്രാൻസ് ജൻഡർ കമ്യൂണിക്കും വേണ്ടിയുള്ളതാണ് ഈ വിജയം. തിരുചെങ്കോട് പഞ്ചായത്ത് വാർഡിലെ ജനങ്ങൾക്ക് ഞാൻ എന്‍റെ നന്ദി പറയുന്നു.' - റിയ ന്യൂസ് 18നോട് പറഞ്ഞു.
റിയ 2701 വോട്ട് നേടിയപ്പോൾ എ ഐ എ ഡി എം കെ സ്ഥാനാർഥി കണ്ടമ്മാൾ 1751 വോട്ടുകൾ നേടി. കറുവെപ്പാംപട്ടി പഞ്ചായത്ത് യൂണിയൻ പട്ടിക ജാതി സ്ത്രീകൾക്ക് വേണ്ടി ഇത്തവരണം സംവരണം ചെയ്യപ്പെട്ടിരുന്നു. അതേസമയം, ജീവിതകാലം മുഴുവൻ ജനങ്ങളെ സേവിക്കണമെന്നാണ് റിയയുടെ ആഗ്രഹം.
ലോക് സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഡി എം കെ എംപി കനിമൊഴിക്ക് വേണ്ടി പ്രചരണത്തിൽ സജീവമായിരുന്നു റിയ. തന്‍റെ റോൾ മോഡൽ കനിമൊഴി ആണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവരാണ് പ്രേരിപ്പിച്ചതെന്നും റിയ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ച തന്നെ വിളിച്ച് കനിമൊഴി അഭിനന്ദിച്ചതായും റിയ പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.