ഇന്റർഫേസ് /വാർത്ത /India / 'ജാതി മതിൽ' തകർന്ന് 17 പേർ മരിച്ച സംഭവം: വിവേചനത്തിൽ പ്രതിഷേധിച്ച് 3000 ദളിതർ ഇസ്ലാം മതത്തിലേക്ക്

'ജാതി മതിൽ' തകർന്ന് 17 പേർ മരിച്ച സംഭവം: വിവേചനത്തിൽ പ്രതിഷേധിച്ച് 3000 ദളിതർ ഇസ്ലാം മതത്തിലേക്ക്

News18

News18

ഡിസംബർ രണ്ടിന് മേട്ടുപാളയം നടൂരിലെ കൂറ്റൻ മതിൽ തകർന്നുവീണ് 17 ദളിതുകൾ മരിച്ചിരുന്നു. ജാതി മതില്‍ തകര്‍ന്ന് ഒട്ടേറെ പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് ശക്തമായ നടപടിയെടുക്കാത്തതാണ് തീരുമാനത്തിന് പിന്നിൽ

  • Share this:

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ മേട്ടുപാളയം മുനിസിപ്പാലിറ്റി പ്രദേശത്ത് കടുത്ത ജാതിവിവേചനത്തിൽ പ്രതിഷേധിച്ച് ഇസ്ലാംമതത്തിലേക്ക് മാറുകയാണെന്ന് ആയിരത്തോളം ദളിതുകൾ പ്രഖ്യാപിച്ചു. 'ദി ഹിന്ദു'വാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച ചേർന്ന തമിഴ് പുലികൾ‌ എന്ന സംഘടനയുടെ സംസ്ഥാനതല യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

ഡിസംബർ രണ്ടിന് മേട്ടുപാളയം നടൂരിലെ കൂറ്റൻ മതിൽ തകർന്നുവീണ് 17 ദളിതുകൾ മരിച്ചിരുന്നു. ജാതി മതില്‍ തകര്‍ന്ന് ഒട്ടേറെ പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് ശക്തമായ നടപടിയെടുക്കാത്തതാണ് പുതിയ തീരുമാനത്തിന്റെ അടിസ്ഥാനം. ദളിതുകളുടെ വാസസ്ഥലത്തെ മറച്ച് ഉയർന്നജാതിയിൽപ്പെട്ട ശിവസുബ്രഹ്മണ്യൻ കെട്ടിപ്പൊക്കിയതായിരുന്നു

15 അടി ഉയരമുള്ള ചുറ്റുമതിൽ. കനത്ത മഴയെ തുടർന്ന് തകർന്നുവീണ മതിൽ ദളിതരുടെ നാലു കൂരകളിലേക്കാണ് വീണത്. 10 സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

Also Read- 'രാത്രി പൊലീസുകാർ ഇരച്ചുകയറി; പണവും ആഭരണങ്ങളും കവർന്നു'; മുസാഫർനഗറിലെ മുസ്ലിം കുടുംബങ്ങൾ

ദളിതർ തന്റെ ഭൂമിയിലേക്ക് കടക്കാതിരിക്കാനാണ് ഉടമ കൂറ്റൻ മതിൽ നിർമിച്ചത്. സംഭവത്തെ തുടർന്ന് കെട്ടിട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് ദളിത് സംഘടന മത പരിവർത്തനത്തിന് തീരുമാനമെടുത്തത്. ശിവസുബ്രഹ്മണ്യത്തിനെതിരെ പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമം അടക്കമുള്ളവ ചുമത്തുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നും ഇതിൽ നിരാശയുണ്ടെന്നും ദളിത് അംഗങ്ങൾ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

''അറസ്റ്റ് ചെയ്ത് 20 ദിവസത്തിനകം തന്നെ ദുരന്തത്തിന് ഉത്തരവാദിയായ ആൾ ജാമ്യത്തിൽ പുറത്തിറങ്ങി. സംഭവത്തിന് പിന്നാലെ ജനാധിപത്യ രീതിയിൽ പ്രതിഷേധം നടത്തിയ ഞങ്ങളുടെ പ്രസി‍ഡന്റ് നാഗൈ തിരുവള്ളുവൻ ഇപ്പോഴും നീതി തേടി കോയമ്പത്തൂർ ജയിലിൽ കഴിയുകയാണ്. ഈ മേഖലയിലെ അനീതിക്ക് ഇതിൽപരം എന്തു തെളിവ് വേണം''- സംഘടനയുടെ ജനറൽ സെക്രട്ടറി ഇളവേനിലിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു. ദളിത് പ്രതിഷേധങ്ങൾക്കിടെ മറുഭാഗത്തെ മതിൽ 20 അടിയായി ഉയർത്തിയെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

First published:

Tags: Caste struggles, Dalit, Tamil nadu