• HOME
  • »
  • NEWS
  • »
  • india
  • »
  • വിവാഹം കഴിഞ്ഞ് 15ാം ദിവസം ഭർത്താവ് മരിച്ചു; മകളെ വളർത്താൻ തമിഴ് സ്ത്രീ 30 വർഷം പുരുഷവേഷം കെട്ടി

വിവാഹം കഴിഞ്ഞ് 15ാം ദിവസം ഭർത്താവ് മരിച്ചു; മകളെ വളർത്താൻ തമിഴ് സ്ത്രീ 30 വർഷം പുരുഷവേഷം കെട്ടി

30 വർഷം മുൻപാണ് തൂത്തുക്കുടി കാടുനായക്കൻപട്ടി ഗ്രാമത്തിലെ 20കാരിയായ പേച്ചിയമ്മയുടെ ഭർത്താവ് മരിച്ചത്. വിവാഹം കഴിഞ്ഞ് 15ാം നാളായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചത്.

  • Last Updated :
  • Share this:
    അർച്ചന. ആര്‍

    തമിഴ്നാട് തൂത്തുക്കുടിയിലെ യുവതിക്ക് തന്റെ ഏക മകളെ വളർത്താനായി 30 വർഷം പുരുഷവേഷം കെട്ടി ജീവിക്കേണ്ടിവന്നു. 30 വർഷം മുൻപാണ് തൂത്തുക്കുടി കാടുനായക്കൻപട്ടി ഗ്രാമത്തിലെ 20കാരിയായ പേച്ചിയമ്മയുടെ ഭർത്താവ് മരിച്ചത്. വിവാഹം കഴിഞ്ഞ് 15ാം നാളായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചത്. മകളെ പ്രസവിച്ചശേഷം പേച്ചിയമ്മാൾ കൂലിപ്പണിക്ക് പോയി. എന്നാൽ എല്ലായിടത്തും ദുരനുഭവങ്ങൾ നേരിടേണ്ടിവന്നു. അങ്ങനെയാണ് പുനർവിവാഹം കഴിക്കാതെ മകളെ നന്നായി വളർത്താൻ പുരുഷവേഷം കെട്ടാൻ തീരുമാനിച്ചത്. 'മുത്തു' എന്ന പേരിലാണ് പേച്ചിയമ്മ പുരുഷനായി ജീവിച്ചത്.

    പുരുഷനായുള്ള മാറ്റം

    മുടി പുരുഷന്മാരെ പോലെ ക്രോപ് ചെയ്തു. ലുങ്കിയും ഷർട്ടും ധരിക്കാൻ തുടങ്ങി. ചെന്നൈയിലെയും തൂത്തുക്കുടിയിലെയും ഹോട്ടലുകളിലും ചായക്കടകളിലും കഴിഞ്ഞ മുപ്പതു വർഷത്തിനിടെ മുത്തുവായി പേച്ചിയമ്മ പണിയെടുത്തു. എല്ലായിടത്തും സഹപ്രവർത്തകർ 'അണ്ണാച്ചി' എന്നാണ് മുത്തുവിനെ വിളിച്ചിരുന്നത്. പെറോട്ടക്കടയിലും ചായക്കടയിലും പിന്നീട് ജോലി ചെയ്തപ്പോൾ 'മുത്തു മാസ്റ്റർ' എന്നായി‌ വിളിപ്പേര്.

    ''പെയിന്റിംഗ്, ചായയടി, പെറോട്ടയടി തുടങ്ങി തൊഴിലുറപ്പ് പണിവരെ എല്ലാം ചെയ്തു. ജോലി ചെയ്തു കെട്ടിയ ഒരോ രൂപയും മകൾക്ക് ഒരു സുരക്ഷിത ജീവിതം ലഭിക്കുന്നതിനായി സ്വരുക്കൂട്ടിവെച്ചു. കുറച്ചുനാളുകൾക്ക് ശേഷം സ്വയം തിരിച്ചറിയുന്നത് തന്നെ മുത്തുവെന്ന പേരിലായി. ആധാർ, വോട്ടർ ഐഡി, ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ എല്ലാ രേഖകളിലും മുത്തു എന്ന പേരിലുള്ള പുരുഷനാണ് ഞാൻ '': പേച്ചിയമ്മ പറയുന്നു.

    ആദ്യകാലത്ത് പുരുഷനായി ജീവിക്കുക എന്നത് കടുത്തവെല്ലുവിളിയായിരുന്നുവെന്ന് പേച്ചിയമ്മ പറയുന്നു. '' മകളുടെ സുരക്ഷ മാത്രമായിരുന്നു മനസിൽ. അതുകൊണ്ട് എല്ലാ വെല്ലുവിളികളെയും മറികടന്ന് മുന്നോട്ടുപോകാൻ തീരുമാനിച്ചു. ഉപജീവനമാർഗത്തിനായി ജോലി ചെയ്ത ഇടങ്ങളിലെല്ലാം പുരുഷനായുള്ള മാറ്റം എനിക്ക് സുരക്ഷ ഒരുക്കി. ബസുകളിൽ പുരുഷന്മാരുടെ സീറ്റുകളിൽ മാത്രമാണ് യാത്ര ചെയ്തിരുന്നത്. പുരുഷന്മാരുടെ ശുചിമുറി തന്നെയാണ് ഉപയോഗിച്ചിരുന്നതും. സ്ത്രീകൾക്ക് ബസുകളിൽ സർക്കാർ സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോഴും ഞാൻ കാശുനൽകിയാണ് പുരുഷനായി ബസിൽ യാത്ര ചെയ്തത്''- അവർ പറയുന്നു.

    'ആഗ്രഹം നിറവേറി'

    ഇപ്പോൾ 57 കാരിയായ പേച്ചിയമ്മ പറയുന്നത് ഇങ്ങനെ- ''മകളെ വിവാഹം കഴിപ്പിച്ചയച്ചു. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തിയാക്കിയതുപോലെയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മരിച്ചതിന് ശേഷവും ഇതുപോലെ എന്നെ ഓർമിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സർക്കാർ പെൻഷൻ ലഭിക്കുമെങ്കിൽ ഇനിയുള്ള കാലവും പുരുഷനായി തന്നെ കഴിയും.''

    മകൾ ഷൺമുഖസുന്ദരി ഉൾപ്പെടെ വളരെ കുറച്ചുപേർക്ക് മാത്രമാണ് പേച്ചിയമ്മ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് അറിവുള്ളൂ. ''എനിക്കായാണ് അമ്മ ജീവിതം ഉഴിഞ്ഞുവെച്ചത്. അതിനുള്ള പ്രതിഫലം അവർക്ക് കിട്ടുമെന്നാണ് പ്രതീക്ഷ'- മകൾ പറയുന്നു.
    Published by:Rajesh V
    First published: