ചെന്നൈ: യുക്രെയ്ന്(Ukraine) സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ഥി(Indian Student) നാട്ടിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹം അറിയിച്ചു. കോയമ്പത്തൂര്‍ ഗൗണ്ടം പാളയം സ്വദേശിയായ സായ് നികേഷ് റഷ്യന്‍ അധിനിവേശത്തെ ശക്തമായി പ്രതിരോധിക്കുന്ന യുക്രെയ്ന് സൈന്യത്തിന്റെ ഭാഗമായെന്ന കാര്യം സ്ഥിരീകരിച്ചത് കഴിഞ്ഞ എട്ടാം തീയതിയാണ്.
സായി നികേഷ് വീടുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചു.ഖര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് സായി നികേഷ്. വിദേശ പൗരന്മാര് ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ സായിനികേഷ് ചേര്‍ന്നുവെന്നായിരുന്നു വിവരം.
ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചുവെന്നാണ് വിവരം. കുടുംബാഗങ്ങളുമായി ഫോണില്‍ സംസാരിക്കവേയാണ് മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം അച്ഛനെ അറിയിച്ചത്. തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു.
2018ലാണ് സായി നികേഷ് യുക്രെയ്നിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈന് നേരത്തെ വിശദമാക്കിയിരുന്നു. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രെയ്ന് പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.