• HOME
 • »
 • NEWS
 • »
 • india
 • »
 • നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ പ്രസംഗിച്ചതിന് അറസ്റ്റിലായ നെല്ലായി കണ്ണൻ; രാജീവ് ഗാന്ധിയുടെ കാലത്തെ കോൺഗ്രസിന്റെ ജനകീയമുഖം

നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ പ്രസംഗിച്ചതിന് അറസ്റ്റിലായ നെല്ലായി കണ്ണൻ; രാജീവ് ഗാന്ധിയുടെ കാലത്തെ കോൺഗ്രസിന്റെ ജനകീയമുഖം

നെല്ലായി കണ്ണന്റെ കോൺഗ്രസുമായുള്ള ദീർഘകാല ബന്ധത്തെ ബിജെപി ഉയർത്തിക്കാട്ടുമ്പോള്‍, കണ്ണന്റെ രാഷ്ട്രീയ പാത സങ്കീർണ്ണമാണെന്നാണ് നിരീക്ഷകർ പറയുന്നത്.

നെല്ലായി കണ്ണൻ

നെല്ലായി കണ്ണൻ

 • Last Updated :
 • Share this:
  പൂർണിമ മുരളി

  ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും എതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ 75 കാരനായ തമിഴ് പ്രാസംഗികൻ നെല്ലായി കണ്ണനെ ബിജെപിയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലായി കണ്ണന്റെ കോൺഗ്രസുമായുള്ള ദീർഘകാല ബന്ധത്തെ ബിജെപി ഉയർത്തിക്കാട്ടുമ്പോള്‍, കണ്ണന്റെ രാഷ്ട്രീയ പാത സങ്കീർണ്ണമാണെന്നാണ് നിരീക്ഷകർ പറയുന്നത്.

  പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ച കണ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ആളുകൾ ഇതുവരെ 'തീർക്കാത്തത്' എന്തുകൊണ്ടാണെന്നത് തന്നെ അമ്പരപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞിരുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിംകൾക്ക് പൗരത്വം നൽകുന്നതിനുള്ള വ്യവസ്ഥയാണ് പൗരത്വ ഭേദഗതി നിയമത്തിലുള്ളത്. വിഭജനകാലത്ത് നടന്ന 'ചരിത്രപരമായ തെറ്റുകൾ' തിരുത്താനുള്ള ശ്രമമായാണ് ബിജെപി ഇതിനെ അവതരിപ്പിച്ചത്. എന്നിരുന്നാലും, നിയമം മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നുവെന്നും മതേതരത്വത്തിന്റെയും സമത്വത്തിന്റെയും ഭരണഘടനാ തത്വങ്ങളിൽ പരാജയപ്പെടുന്നുവെന്നുമാണ് വിമർശകർ പറയുന്നത്.

  ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, 505, 505 (2) വകുപ്പുകൾ പ്രകാരം അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് പൊതു സമാധാനം ലംഘിക്കുന്ന വിധത്തിൽ പ്രകോപനം സൃഷ്ടിക്കുന്നതിനും വിദ്വേഷം ജനിപ്പിക്കുന്നതിനും ഇടയാക്കുന്ന വിധത്തിൽ പെരുമാറി എന്ന് ചൂണ്ടിക്കാട്ടിയാണിത്.

  ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെട്ടതിനെ തുടർന്ന് കണ്ണനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്ത ദിവസം വൈകുന്നേരം ചെന്നൈയിൽ നിന്ന് 300 കിലോമീറ്റർ അകലെ പെരമ്പലൂർ ജില്ലയിലെ ഒരു ഗസ്റ്റ്ഹൗസിൽ നിന്നാണ് പൊലീസ് നെല്ലായി കണ്ണനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ മറീന ബീച്ചിൽ ബിജെപി വിപുലമായ പ്രതിഷേധ റാലി നടത്തിയിരുന്നു. അതേസമയം, നെല്ലായി കണ്ണൻ നിലവിൽ പാർട്ടി അംഗമല്ലെന്നാണ് കോൺഗ്രസിന്റെ തമിഴ്‌നാട് ഘടകം പറയുന്നത്.

  Also Read- പുതുവത്സരത്തിന് കേരളം കുടിച്ചു തീർത്തത് 522 കോടി; പവർഫുള്ളായി 'പവർഹൗസ്' ഷോപ്പ്

  ഒരു കാർഷിക കുടുംബത്തിലാണ് നെല്ലായി കണ്ണൻ ജനിച്ചത്. കുട്ടിക്കാലം മുതൽ തന്നെ അദ്ദേഹം തമിഴ് ഭാഷയിലേക്ക് ആകർഷിക്കപ്പെട്ടു. പതിവായി പ്രസംഗ വേദികളിലും സംവാദങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നുവെന്ന് നിരീക്ഷകർ പറയുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം, മുൻ മുഖ്യമന്ത്രി കെ കാമരാജിന്റെ ആരാധകനായിരുന്നു. നടനും രാഷ്ട്രീയ നേതാവുമായ ശിവാജി ഗണേശന്റെ രാഷ്ട്രീയ യാത്രയ്ക്കിടെ അദ്ദേഹം പലതവണ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തി. ഒരിക്കൽ, തിരുനെൽവേലി ജില്ലയിൽ നടന്ന ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യേണ്ട ഗണേശൻ അഞ്ച് മണിക്കൂർ വൈകിയാണ് എത്തിയത്. താരം വരുന്നതുവരെ പ്രവർത്തകരെ പിടിച്ചിരുത്തിയത് കണ്ണന്റെ പ്രസംഗമാണ്. പാർട്ടിയുടെ തമിഴ്‌നാട് ഘടകം ജനറൽ സെക്രട്ടറി, പാർട്ടി ഡെപ്യൂട്ടി ലീഡർ എന്നിങ്ങനെ നിരവധി പ്രധാന പദവികൾ കണ്ണൻ കോൺഗ്രസിനുള്ളിൽ വഹിച്ചിരുന്നു.

  കോൺഗ്രസ് പാർട്ടി ഒറ്റയ്ക്ക് മത്സരിച്ചപ്പോഴെല്ലാം അദ്ദേഹവും മത്സരിച്ചു. തിരുനെൽവേലി നിയോജകമണ്ഡലത്തിൽ നിന്ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പോരാടി. 1996ൽ ഡിഎംകെ മേധാവി എം കരുണാനിധിക്കെതിരെ ചെപ്പോക് സീറ്റിൽ മത്സരിച്ചു. നിലവിലെ ഭരണകക്ഷി പാർട്ടിയായ എഐഎഡിഎംകെ കോൺഗ്രസുമായി സഖ്യത്തിലായിരുന്നതും ജെ ജയലളിത വരെ കണ്ണന് വേണ്ടി പ്രചാരണം നടത്തിയതുമായ കാലഘട്ടമാണിത്.

  1992 ൽ രാജ്യസഭയിൽ ഒരു ഒഴിവുവന്നപ്പോൾ ജയന്തി നടരാജനോടൊപ്പം നെല്ലായി കണ്ണന്റെ പേരും കോണ്‍ഗ്രസ് പരിഗണിച്ചു. എന്നിരുന്നാലും, ഒടുവിൽ കോൺഗ്രസ് നടരാജനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് തമിഴ്‌നാട് കോൺഗ്രസിന്റെ ഒരു പ്രമുഖ നേതാവായിരുന്നു കണ്ണൻ. ഉച്ചഭക്ഷണത്തിനായി തിരുനെൽവേലിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പോലും രാജീവ് ഗാന്ധി എത്തിയിരുന്നു.

  Also Read- പൗരത്വം നിയമം: 'നിയമസഭാ പ്രമേയത്തിന് നിയമസാധുതയില്ല'; പ്രമേയം തള്ളി ഗവർണർ

  പിന്നീട്, 2006ൽ കണ്ണൻ എഐഎഡിഎംകെയിൽ ചേർന്നു. സംസ്ഥാനത്തുടനീളം പ്രചാരണവും നടത്തി. എന്നാൽ, ഒരു വർഷത്തിനുശേഷം അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ണന്റെ രാഷ്ട്രീയ യാത്ര അവ്യക്തമാണെന്ന് നിരീക്ഷകർ പറയുന്നു. അടുത്ത കാലത്തായി ഏതാനും റിയാലിറ്റി ഷോകളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

  ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെയും അതിന്റെ നയങ്ങളെയും കടന്നാക്രമിക്കുക നെല്ലായി കണ്ണൻ പതിവാക്കിയിരുന്നു. “സംശയമില്ല, അദ്ദേഹം ഒരു കോൺഗ്രസ് അംഗമായിരുന്നു, ഖാദി ധരിക്കുന്നത് ഇപ്പോഴും തുടരുകയാണ്, എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം നടത്തിയ പരസ്യപ്രസംഗങ്ങളിൽ പലതിലും പാർട്ടിയോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു. വളരെ പ്രചാരമുള്ള ഒരു യൂട്യൂബ് വീഡിയോയിൽ, എല്ലാ സമുദായങ്ങളെയും മത, ജാതി ഗ്രൂപ്പുകളെയും ആളുകളെ ചൂഷണം ചെയ്യാൻ അവർ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജന്മനാടായ തിരുനെൽവേലി ജില്ലയിലെ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെയും അദ്ദേഹം വിമർശനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടില്ല.''- രാഷ്ട്രീയ നിരീക്ഷകനായ എൻ സത്യമൂർത്തി പറയുന്നു.

   
  Published by:Rajesh V
  First published: