• HOME
  • »
  • NEWS
  • »
  • india
  • »
  • BJP ഡിഎംകെയുടെ ആധിപത്യം 44 കുടുംബങ്ങൾക്ക്; അതല്ല ദ്രാവിഡ മാതൃക; BJP തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ

BJP ഡിഎംകെയുടെ ആധിപത്യം 44 കുടുംബങ്ങൾക്ക്; അതല്ല ദ്രാവിഡ മാതൃക; BJP തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ

ഡിഎംകെയിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്: അണ്ണാമലൈ

കെ. അണ്ണാമലൈ

കെ. അണ്ണാമലൈ

  • Share this:
    #രോഹിണി സ്വാമി

    തമിഴ്നാട്ടിലെ പാർട്ടിയുടെ പ്രതീക്ഷകളെക്കുറിച്ചും ദ്രാവിഡവാദത്തെ സംബന്ധിച്ച നിലപാടുകളും ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളെക്കുറിച്ചും തമിഴ്‌നാട് ബിജെപി ((Tamil Nadu BJP) അദ്ധ്യക്ഷൻ കെ. അണ്ണാമലൈ (K Annamalai) സംസാരിക്കുന്നു.

    താങ്കൾ ചുമതലയേറ്റതിന് ശേഷം തമിഴ്നാട്ടിലെ ബിജെപിയുടെ പ്രവ‍‍ർത്തനങ്ങളെ എങ്ങനെ നോക്കി കാണുന്നു?

    ഞാൻ ചുമതല ഏറ്റെടുത്തു എന്നതിനേക്കാൾ തുടർച്ചയാണ് പ്രധാനം. ബിജെപിക്ക് ഒരു ലക്ഷ്യമുണ്ട്, അത് നേടിയെടുക്കാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പാർട്ടി വ്യക്തികളെ കേന്ദ്രീകരിക്കുന്നില്ല. പാർട്ടിയുടെ ലക്ഷ്യത്തിനും കൂട്ടായ നേതൃത്വത്തിനുമാണ് പ്രാധാന്യം. കഴിഞ്ഞ പത്ത് മാസമായി ഡിഎംകെയുടെ (DMK) തെറ്റുകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ആളുകൾ ഡിഎംകെയ്‌ക്ക് ഒരു ബദൽ പാർട്ടി വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. കുടുംബ രാഷ്ട്രീയത്തിനും അഴിമതിക്കും കോർപ്പറേറ്റ് രാഷ്ട്രീയത്തിനും എതിരായി നിലകൊള്ളാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. ഭാവിയിൽ തമിഴ്‌നാട്ടിൽ ഡിഎംകെയുടെ യഥാർത്ഥ ബദൽ ബിജെപിയാകും.

    ഡിഎംകെയിൽ നിന്ന് ബിജെപി എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?

    ഡിഎംകെയുടെ നിലപാടുകൾക്ക് നേർവിപരീതമാണ് ബിജെപിയുടെ പ്രത്യയശാസ്ത്രം. ഡിഎംകെയിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഞങ്ങൾ അധികാരത്തിലിരിക്കുന്നിടത്തെല്ലാം വളരെ മികച്ച സേവനമാണ് ജനങ്ങളിലെത്തിക്കുന്നത്. വിതരണ പ്രശ്നങ്ങൾ പരിഹരിച്ച് ആളുകൾക്ക് അവർക്കാവശ്യമുള്ളത് നൽകുന്നു. ഡിഎംകെ വാഗ്ദാനം ചെയ്ത 22 ഇനങ്ങളടങ്ങിയ പൊങ്കൽ സമ്മാനം പോലും വോട്ടർമാർക്ക് കൃത്യമായി വിതരണം ചെയ്യാൻ അവർക്ക് കഴിയുന്നില്ല. മറുവശത്ത് ബി.ജെ.പി സാധാരണക്കാരനെ ശാക്തീകരിക്കുന്നതിനും ഫലപ്രദമായി പണം കൈകാര്യം ചെയ്യുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം ഡിഎംകെയുടെ ആശയം ജനങ്ങളെ പാർട്ടിയുടെയും സർക്കാരിന്റെയും ആശ്രിതരരായി നിർത്തുക എന്നതാണ്.

    തെറ്റായ രീതിയിലാണ് ഡിഎംകെ തമിഴ്‌നാടിനെ കൈകാര്യം ചെയ്യുന്നത്. 6.5 ലക്ഷം കോടിയിലധികം കടത്തിലാണ് സംസ്ഥാനം. ടാസ്മാക് (TASMAC) വരുമാനം 9,000 കോടിയോളം എത്തുന്നത് നാം കണ്ടു. ഡിഎംകെയുടെ അഭിപ്രായത്തിൽ, മദ്യം സ്വതന്ത്രമായി ഒഴുകാൻ അനുവദിക്കുന്നതാണ് സാമൂഹിക നീതി. ഗുജറാത്തിലെ മോദിജിയുടെ ഭരണം നോക്കൂ.. മദ്യലോബിയിൽ നിന്ന് ചില്ലിക്കാശ് പോലും വാങ്ങാതെയാണ് അവിടെ സർക്കാർ പ്രവർത്തനം. എന്നിട്ടും സംസ്ഥാനത്ത് മിച്ച ബജറ്റാണ്. ഭാവിയിൽ ഡിഎംകെയും ബിജെപിയും തമ്മിൽ ആശയപരമായ ഏറ്റുമുട്ടൽ തീർച്ചയായും ഉണ്ടാകും.

    തമിഴ്‌നാട് ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെ ആധിപത്യമുള്ള സംസ്ഥാനമാണ്. എന്തുകൊണ്ടാണ് സംസ്ഥാനത്ത് ബിജെപിക്ക് ഒരു വലിയ ശക്തിയാകാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നത്?

    ദ്രാവിഡ പ്രത്യയശാസ്ത്രം എന്നൊന്നില്ല. എന്താണ് ദ്രാവിഡ മാതൃകാ വികസനമെന്ന് ഞാൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനോട് നിരന്തരം ചോദിക്കുന്ന ചോദ്യമാണ്. ദ്രാവിഡ മാതൃക എന്നാൽ ഉൾപ്പെടുത്തലാണ് എന്നാണ് മുഖ്യമന്ത്രി അതിന് നൽകിയ മറുപടി. ബിജെപി എല്ലാവരെയും ഉൾക്കൊള്ളുന്നില്ലേ? ഡിഎംകെ എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നുണ്ടെങ്കിൽ എങ്ങനെയാണ് ഒരു കുടുംബം മാത്രം പാർട്ടിയെ നയിക്കുന്നത്? തമിഴ്‌നാട്ടിലെ 44 കുടുംബങ്ങൾക്കാണ് ഡിഎംകെയിൽ ആധിപത്യം. അതായത് ആ കുടുംബത്തിലെ രണ്ടോ മൂന്നോ തലമുറകളായിരിക്കും അധികാരത്തിൽ വരിക. ഇതിനെയാണോ എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന ദ്രാവിഡ മാതൃക എന്ന് വിളിക്കുന്നത്? അങ്ങേയറ്റം അഴിമതി നിറഞ്ഞതും വ്യക്തിത്വ കേന്ദ്രീകൃതവും സാധാരണക്കാരെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതുമായ മാതൃക. ഇത് ദ്രാവിഡ മാതൃകയല്ല, ഗോപാലപുരം മാതൃകയെന്നോ ഡിഎംകെ മാതൃകയെന്നോ ആണ് ഇതിനെ വിളിക്കേണ്ടത്. ദ്രാവിഡ സമൂഹത്തിന്റെ ഉടമസ്ഥാവകാശം ഡിഎംകെയ്ക്ക് ഏറ്റെടുക്കാൻ കഴിയില്ല. ഈ നാട്ടിൽ എല്ലാവരും ദ്രാവിഡരാണെന്നും ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ബദൽ പാർട്ടി ബിജെപിയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

    ദ്രാവിഡവാദത്തെയും ബിജെപിയും ദ്രാവിഡവാദവും തമ്മിലുള്ള ബന്ധത്തെയും നിങ്ങൾ എങ്ങനെയാണ് നിർവചിക്കുന്നത്?

    സാമൂഹിക നീതിയും എല്ലാവരെയും ചേർത്ത് നിർത്തുന്നതുമാണ് ദ്രാവിഡവാദം. അത് ബ്രാഹ്മണ നിന്ദയോ ഒബിസി വിഭാഗത്തെ ആക്ഷേപിക്കുന്നതോ ഹിന്ദു വിരുദ്ധതയോ അല്ല. കഴിഞ്ഞ 350 വർഷത്തിലേറെയായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്ന ഒന്നാണ് ദ്രാവിഡവാദം. അത് ഭൂമിയെ ആത്മീയവും ദേശീയവുമായി നിലനിർത്തുന്നത് വേണ്ടിയുള്ളതാണ്. ഇത് ഭാരതാംബയെ വാഴ്ത്തുന്ന ഭാരതീയന്റെ നാടാണ്. തമിഴ്‌നാട് 1967 വരെ പണ്ഡിതന്മാരെയും ഗവേഷകരെയും സ്വാതന്ത്ര്യ സമര സേനാനികളെയും സൃഷ്ടിച്ചിരുന്നു. എന്നാൽ ദ്രാവിഡ ഭൂമി കൈക്കലാക്കി അത് തങ്ങളുടേതാണെന്ന് ആർക്കെങ്കിലും അവകാശപ്പെടാനാകുമോ? അത് അംഗീകരിക്കാനാവില്ല.

    അടുത്തിടെ നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ സൗഹൃദ മത്സരത്തിനായി നിങ്ങൾ സഖ്യകക്ഷിയായ അണ്ണാഡിഎംകെയിൽ (AIADMK) നിന്ന് പിരിഞ്ഞു. ഒറ്റയ്ക്ക് മത്സരിച്ചതിന് ശേഷമുള്ള പാർട്ടിയുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

    നിയമാനുസൃതമായ ഒരു പരീക്ഷണം ഏതൊരു പാർട്ടിയെയും വളരാൻ അനുവദിക്കുന്നു.

    ഒന്നാമതായി തദ്ദേശ തിരഞ്ഞെടുപ്പിലൂടെ പാർട്ടിയെ സംസ്ഥാനത്തുടനീളം എത്തിക്കാൻ മികച്ച അവസരമാണ് ബിജെപിയ്ക്ക് ലഭിച്ചത്. രണ്ടാമതായി പാർട്ടി ടിക്കറ്റിൽ മത്സരിച്ച 5000 യുവ നേതാക്കളെ തിരിച്ചറിയാൻ കഴിഞ്ഞു.
    മൂന്നാമതായി, പാർട്ടിയുടെ സാന്നിധ്യമില്ലാത്തയിടങ്ങളിലെ സീറ്റുകളിൽ വിജയിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. നാലാമതായി വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ പാർട്ടിയാണ് ഞങ്ങൾ ഇപ്പോൾ. മൊത്തത്തിൽ, പാർട്ടി സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളും പാരാമീറ്ററുകളും നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയെടുത്തുവെന്ന് തന്നെ പറയാം. ഇതൊരു തുടക്കം മാത്രമാണ്, ഞങ്ങൾ ഇവിടെ നിന്ന് കൂടുതൽ ശക്തമായി വളരും.

    അണ്ണാഡിഎംകെയുടെ ഭാവി എന്തായിരിക്കും?

    നമ്മുടെ എല്ലാ രാഷ്ട്രീയ പങ്കാളികളും നന്നായി പ്രവർത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് സംസ്ഥാനത്തിന് ഗുണകരമാണ്. എന്നാൽ തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ ബിജെപിയെ വളർത്തുന്നതിലാണ് കൂടുതൽ താൽപര്യം. പാർട്ടിയുടെ കേഡർ ബേസ് വർദ്ധിപ്പിക്കുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം.

    ശശികലയ്ക്ക് രാഷ്ട്രീയത്തിൽ ഇനിയും ഭാവിയുണ്ടോ? ടിടിവി ദിനകരനെയും ശശികലയെയും അണ്ണാ എഡിഎംകെയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

    താത്പര്യമുണ്ടെങ്കിൽ തമിഴ്‌നാട്ടിലെ 8.5 കോടി ജനങ്ങൾക്കും രാഷ്ട്രീയത്തിൽ ഭാവിയുണ്ട്. ആർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഒരു പ്രത്യേക വ്യക്തിയെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരെയും അവരുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി പോരാടുകയും അവരെ സേവിക്കുകയും ചെയ്യുന്നവരെയാണ് തമിഴ്‌നാട്ടിലെ ജനങ്ങൾ ഇഷ്ടപ്പെടുന്നത്. ഇത് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഭാവിയുണ്ട്. അണ്ണാഡിഎംകെയെക്കുറിച്ചും അവരുടെ പാർട്ടിയിൽ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ചും പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുടെ പാർട്ടി നേതാക്കളാണ് ഇതിന് ഉത്തരം നൽകേണ്ടത്. മറ്റ് കക്ഷികൾ അവരുടെ ആഭ്യന്തര പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ ശ്രമിക്കുന്നു എന്നതിൽ എനിക്ക് താൽപ്പര്യമില്ല. തമിഴ്നാട്ടിൽ സ്വന്തം പാർട്ടിയെ നയിക്കുന്ന തിരക്കിലാണ് ഞാൻ.

    മതപരിവർത്തന വിരുദ്ധ നിയമം തമിഴ്‌നാട്ടിൽ വേണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

    മതപരിവർത്തന വിരുദ്ധ നിയമവും നിർബന്ധിത മതപരിവർത്തന നിയമവും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കണം. ആരെയും ഒരു തരത്തിലും നിർബന്ധിച്ച് അവർ ജനിച്ച മതത്തിൽ നിന്ന് പരിവർത്തനം ചെയ്യാൻ ശ്രമിക്കരുത്. അത് രണ്ട് തരത്തിലുള്ള ദ്രോഹമാണ് ചെയ്യുന്നത്. ഒന്ന് അവർ ജനിച്ച മതത്തോടും മറ്റൊന്ന് പ്രവേശിക്കാൻ ശ്രമിക്കുന്ന പുതിയ മതത്തോടും. ഏത് തരത്തിലുള്ള നിർബന്ധിത മതപരിവർത്തനവും അപലപനീയമാണ്.

    2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളാണ് നിങ്ങൾ ലക്ഷ്യം വയ്ക്കുന്നത്?

    ഒരു പാർട്ടി എന്ന നിലയിൽ, ഞങ്ങൾ ലക്ഷ്യങ്ങളോ നമ്പറുകളോ സൂക്ഷിക്കുന്നില്ല. എന്നാൽ മോദിജിയുടെ മന്ത്രിസഭയിലേക്ക് തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ എംപിമാരെ അയക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. മോദിജി തമിഴ്‌നാട്ടിലെ ജനങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, പ്രധാനമന്ത്രിയും തിരഞ്ഞെടുക്കപ്പെടുന്ന തമിഴ്‌നാട് എംപിമാരും തമ്മിൽ ഒരു ബന്ധം ഉണ്ടായിരിക്കണം. കേന്ദ്രത്തിൽ നിന്നുള്ള പദ്ധതികൾ തടസ്സമില്ലാതെ സംസ്ഥാനത്തേയ്ക്ക് ഒഴുകണം. കേന്ദ്രത്തിൽ നിന്ന് ഇതുവരെ 7.5 ലക്ഷം കോടിയാണ് തമിഴ്‌നാടിന് ലഭിച്ചത്. തമിഴ്‌നാട്ടിലെ ജനങ്ങൾ മികച്ച ഭരണത്തിന് അർഹരാണ്. സംസ്ഥാനത്ത് നിന്ന് കൂടുതൽ എംപിമാരെ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 150 എംഎൽഎമാരെയാണ് ലക്ഷ്യമിടുന്നത്. 2024ൽ എംപിമാരുടെ സംഖ്യ എത്ര വർദ്ധിക്കുന്നുവോ അത്രയും ഞങ്ങൾക്ക് ഗുണകരമാണ്.

    കമൽഹാസന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?

    നിരവധി പേർ കമൽഹാസന്റെ പാർട്ടി വിട്ട് മറ്റ് പാർട്ടികളിൽ ചേർന്നു. ജനങ്ങൾ അദ്ദേഹത്തിന് രണ്ട് തവണ അവസരം നൽകി. ജനങ്ങളുടെ പ്രശ്‌നങ്ങൾ പാർട്ടി ഏറ്റെടുക്കുന്നില്ലെന്ന് പിന്നീട് അവർ തിരിച്ചറിഞ്ഞു. രാഷ്ട്രീയത്തിലും എംഎൻഎമ്മിലും തന്റെ ഭാവി തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അടുത്തിടെ നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ,എംഎൻഎം (MNM) ബിജെപിയുടെ അടുത്ത് എത്തിയ ഒരിടം പോലും ഉണ്ടായില്ല. കമൽഹാസൻ മോദിജിയെയും ബിജെപിയെയും എതിർത്തതുകൊണ്ട് മാത്രം വോട്ട് കിട്ടില്ല. അത് രരാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞു.

    ഹിന്ദി വിരുദ്ധ, ഹിന്ദു അനുകൂല ടാഗ് മാറ്റാൻ ബിജെപിക്ക് കഴിയുമോ?

    ജനങ്ങൾ ഇതിലൊന്നും വിശ്വസിക്കുന്നില്ല. സ്വന്തം ടെലിവിഷൻ ചാനലുകൾ ഉപയോഗിച്ച് ഇത്തരം ആരോപണങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന പാർട്ടികൾ ഉണ്ടാകാം. അത് വോട്ടായി മാറുന്നില്ല. ആളുകൾ ടാഗുകളിൽ വിശ്വസിക്കുന്നില്ല. പാർട്ടിയുടെ തത്ത്വങ്ങൾക്കായി ബിജെപി നിലകൊള്ളുകയും ആളുകൾ അത് പതുക്കെ അംഗീകരിക്കുകയും ചെയ്യുന്നു.
    Published by:user_57
    First published: