ചെന്നൈ: തമിഴകം എന്ന പേരായിരുന്നു തമിഴ്നാടിന് യോജിച്ചതെന്ന രീതിയില്‍ തന്റെ പരമാര്‍ശം വളച്ചൊടിച്ചതില്‍ വിശദീകരണവുമായി തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവി. സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന രീതിയിലല്ല ആ പരാമര്‍ശം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
‘എന്റെ പ്രസംഗത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാതെ ചിലര്‍ പറയുന്നത് തമിഴ്നാട് എന്ന പേരിന് എതിരാണ് ഗവര്‍ണര്‍ എന്നാണ്. അതൊരു ചര്‍ച്ചാവിഷയമായിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഈ വിശദീകരണം നല്കാന് ഞാന്‍ തയ്യാറായത്,’ എന്നായിരുന്നു ഗവര്‍ണര്‍ പുറത്തിറക്കിയ പ്രസ്താവന.
‘2023 ജനുവരി നാലിന് രാജ്ഭവനില്‍ നടന്ന കാശി-തമിഴ്സംഘം വേദിയിലാണ് ഞാന്‍ തമിഴകം എന്ന വാക്ക് ഉപയോഗിച്ചത്. പ്രാചീന കാലത്ത് കാശിയും തമിഴ്നാടും തമ്മിലുണ്ടായിരുന്ന സാംസ്കാരിക വിനിമയത്തെപ്പറ്റി പരാമര്‍ശിക്കുന്ന വേളയിലാണ് തമിഴകം എന്ന പദം ഞാന്‍ ഉപയോഗിച്ചത്. അന്നത്തെ കാലത്ത് തമിഴ്നാട് ഉണ്ടായിരുന്നില്ല. ചരിത്രപരമായ പശ്ചാത്തലത്തിലാണ് തമിഴകം എന്ന് ഉപയോഗിച്ചത്,’ പ്രസ്താവനയില്‍ പറയുന്നു.
തമിഴകം എന്ന വാക്കിന് അര്‍ത്ഥം തമിഴ് ഭാഷയുടെ വീട് എന്നാണ്. പ്രാചീന കാലത്ത് തമിഴ് സംസാരിച്ചിരുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പ്രദേശം എന്നാണ് ഇതിനര്‍ത്ഥം. ഇന്നത്തെ തമിഴ്നാട്, കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവ ചേര്‍ന്നുള്ള പ്രദേശമായിരുന്നു പ്രാചീനകാലത്തെ തമിഴകം.
അതേസമയം തമിഴ്നാട് എന്ന വാക്കിനര്‍ത്ഥം തമിഴ് ജനങ്ങളുടെ നാട് എന്നാണ്. നാട് എന്ന വാക്ക് ചേര്‍ക്കാതെ വിവര്‍ത്തനം ചെയ്തപ്പോള്‍ പേരിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നഷ്ടപ്പെട്ടതാണ് വിവാദമായത്.
അതേസമയം പൊങ്കല്‍ ഉത്സവുമായി ബന്ധപ്പെട്ട് രാജ് ഭവനില്‍ നിന്നും അയച്ച കത്തിലും തമിഴകം എന്ന് ഉപയോഗിച്ചത് വിവാദത്തെ ആളിപ്പടര്‍ത്തുകയായിരുന്നു. അതുകൂടാതെ ക്ഷണക്കത്തുകളില്‍ തമിഴ്നാട് സര്‍ക്കാരിന്റെ മുദ്രവെയ്ക്കാത്തതും ചര്‍ച്ചയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മുദ്ര പതിപ്പിച്ചാണ് ഗവര്‍ണറുടെ ഔദ്യോഗിക ക്ഷണക്കത്ത് പുറത്തിറക്കിയത്. ഇത് പ്രതിപക്ഷത്തെ വലിയ രീതിയില്‍ പ്രകോപിപ്പിക്കുകയും ചെയ്തു.
സിപിഐഎം എംപി സു വെങ്കിടേശന് ക്ഷണക്കത്തിന്റെ ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഗവര്‍ണറുടെ ഓഫീസ് പുറത്തിറക്കിയ ക്ഷണക്കത്തില്‍ തമിഴ്നാടിന്റെ ഔദ്യോഗിക മുദ്രയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതില്‍ കേന്ദ്രസര്‍ക്കാരിന്റെ മുദ്രയാണുള്ളത് എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ട്വിറ്ററില്‍ ഗവര്‍ണര്‍ക്കെതിരെ #GetOut Ravi ഹാഷ്ടാഗ് ക്യാംപെയിനും നടന്നിരുന്നു. കൂടാതെ ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ ജനം പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തു. കൂടാതെ തമിഴ്നാട് നിയമസഭയ്ക്കുള്ളിലും നിയമസഭാംഗങ്ങള്‍ ഗവര്‍ണറെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
മുമ്പ് ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പുകളല്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി പറഞ്ഞിരുന്നു. ലോകായുക്തദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവകുപ്പ് മന്ത്രി പി രാജീവ് ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ആര്. എന്‍ രവി സംസാരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.