തഞ്ചാവൂരില്‍ (Thanjavur) പതിനേഴുകാരി മതം മാറാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് ആത്മഹത്യ (Girl Suicide) ചെയ്തെന്ന ആരോപണം അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ. സന്ധ്യാ റായ് എം പി (മധ്യപ്രദേശ്), വിജയശാന്തി (തെലങ്കാന), ചിത്ര തായ് വാഗ് (മഹാരാഷ്ട്ര), ഗീതാ വിവേകാനന്ദ (കർണാടക) എന്നിവരാണ് സമിതി അംഗങ്ങൾ. എത്രയും വേഗം ആരോപണത്തെ കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.
മതം മാറണമെന്നാവശ്യപ്പെട്ട് ഹോസ്റ്റല്‍ വാര്ഡന് പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണം. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് ബി.ജെ.പി. (BJP) രംഗത്ത് വന്നിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഞായറാഴ്ച ബിജെപി പ്രവര്‍ത്തകര്‍ ചെന്നൈയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതേസമയം,
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ മതപരിവര്‍ത്തനത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞ തഞ്ചാവൂര്‍ എസ് പി രവാലി പ്രിയ ഗന്ധപുനേനിക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംഭവത്തിന് മതപരമായ നിറം നല്‍കരുതെന്ന് ആവശ്യപ്പെട്ട് മധുര ആര്‍ച്ച് ബിഷപ്പ് ആന്റണി പാപ്പുസ്വാമി ഞായറാഴ്ച പ്രസ്താവന ഇറക്കിയിരുന്നു.
ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനത്തെതുടര്‍ന്ന് കഴിഞ്ഞ ജനുവരി 9നാണ് പ്ലസ് ടു വിദ്യാര്‍ഥിയായ പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും 10 ദിവസത്തിന് ശേഷം മരണപ്പെട്ടു. രണ്ടു വര്‍ഷം മുന്‍പ് തന്റെ വിദ്യാഭ്യാസം സ്പോണ്സര് ചെയ്യാമെന്ന് വാഗ്ദാനം ചെ്യത് ക്രിസ്തുമതത്തിലേക്ക് മാറാന്‍ വാര്ഡന് മാതാപിതാക്കളെ നിര്‍ബന്ധിച്ചിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു.
Also Read-
Attack| മകന് മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടി; അമ്മയെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു
മതം മാറാത്തതിനാലാണോ പീഡനം നടന്നതെന്ന് വീഡിയോയില്‍ അജ്ഞാതന്‍ ചോദിക്കുമ്പോള്‍ അതുകൊണ്ടാകാം എന്ന് പെണ്‍കുട്ടി മറുപടി നല്കുന്നു. എന്നാല്‍ വീഡിയോയുടെ ആധികാരികത കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യം നല്കിയ പരാതിയില്‍ മതംമാറ്റത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞ എസ് പി ഗന്ധപുനേനിയെ പിരിച്ചുവിടണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. “ ഇത് കള്ളക്കഥയാണ്, എസ്പിയെ പിരിച്ചുവിടണം, മുഖ്യമന്ത്രി സ്റ്റാലിന് എന്താണ് വിഷയത്തില്‍ മൗനം പാലിക്കുന്നത്? ഭരണ മുന്നണിയിലെ നേതാക്കള്‍ എന്താണ് പ്രതികരിക്കാത്തത്? തമിഴ്നാട്ടിലെ മതപരിവർത്തനത്തെക്കുറിച്ച് സംസാരിച്ചാൽ ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭയമാണോ?”, ചെന്നൈയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം ഖുശ്ബു സുന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവും തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന് എസ്. പീറ്റര്‍ അല്‍ഫോന്‍സ് രംഗത്തെത്തി. “ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പഠിക്കുന്ന ഇടമാണത്, ഇതില്‍ 70% ഹിന്ദുക്കളും 5% മുസ്ലീങ്ങളും 25% ക്രിസ്ത്യാനികളുമാണ്, ഹിന്ദു മതവിശ്വാസികളായ അധ്യാപകരും ജോലിചെയ്യുന്നുണ്ട്. മൂന്ന് നൂറ്റാണ്ടില്‍ നടക്കാത്ത മതപരിവര്‍ത്തനമാണോ ഇപ്പോള്‍ നടക്കുന്നത്? ഇത്തരം വിദ്വേഷം നിറഞ്ഞ രാഷ്ട്രീയം തമിഴ്നാട്ടില്‍ അനുവദിക്കില്ല” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കേസ് സി.ബി.-സി.ഐ.ഡി. അല്ലെങ്കില്‍ മറ്റെതെങ്കിലും അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സി.ആര്.പി.സി. സെക്ഷന്‍ 164 പ്രകാരം പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ നിയമിക്കാന്‍ തഞ്ചാവൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്കി മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ജസ്റ്റിസ് ജി.ആര് സ്വാമിനാഥന് ഇടക്കാല ഉത്തരവ് പുറത്തിറക്കി.
Also Read-
കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് പരാതി നല്കിയ പെണ്‍കുട്ടിയെ സ്ത്രീകള്‍ കൂട്ടമായി ആക്രമിച്ചു; മുടി മുറിച്ച് കരിഓയില്‍ തേച്ച് ചെരുപ്പുമാലയിട്ടു
വീഡിയോ എടുത്ത വ്യക്തിയെ ഉപദ്രവിക്കുന്നതിന് പകരം പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താനാണ് പോലീസ് ശ്രമിക്കേണ്ടതെന്ന് കോടതി പറഞ്ഞു. കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തുന്ന സ്കൂളില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും കുറ്റക്കാരോപിതനായ വാര്‍ഡനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസിനെ പിന്തുണക്കുന്നതായി മധുര ബിഷപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനു പകരം പ്രദേശത്തെ മതസൗഹാര്‍ദം തകര്ക്കാനാനാണ് മത-രാഷ്ട്രീയ സംഘടനകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി തമിഴ്നാട് ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തെത്തി. “മതപരിവർത്തനം എന്ന വിഷച്ചെടി തമിഴ്നാട്ടിൽ അതിവേഗം പടരുകയാണ്,” സംസ്ഥാനത്ത് ഇത് നിയന്ത്രണത്തിലാക്കണമെന്നും ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ട് അണ്ണാമലൈ ട്വീറ്റ് ചെയ്തു. പെൺകുട്ടിക്ക് നീതി തേടിയുള്ള ഹാഷ്ടാഗും ട്രെൻഡിംഗിലാണ്.
അന്വേഷണത്തിൽ പക്ഷപാതം ഉണ്ടായിട്ടില്ലെന്ന് സ്റ്റാലിനോട് അടുപ്പമുള്ള മന്ത്രി പറഞ്ഞു. “തെറ്റ് ആരു ചെയ്താലും ഞങ്ങൾ നടപടിയെടുക്കും. പ്രതിപക്ഷ പാർട്ടികൾക്ക് ഏറ്റെടുക്കാൻ പ്രശ്നങ്ങളൊന്നുമില്ല, അതിനാലാണ് വിഷയം ദുരുപയോഗം ചെയ്യാന്‍ അവർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മതംമാറ്റത്തിന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ഇനിയും കണ്ടെത്താനായിട്ടില്ല, അതിനാല്‍ വീഡിയോ ദൃശ്യത്തെ പെണ്‍കുട്ടിയുടെ മരണമൊഴിയായി നിലവില്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് എസ്.പി. ഗന്ധപുനേനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. “ഇത് ഒരു വീഡിയോ ആയി മാത്രമേ കണക്കാക്കാൻ കഴിയൂ, ഈ വീഡിയോയെ അടിസ്ഥാനമാക്കി; സാധ്യതയുള്ള ദൃക്സാക്ഷികളുടെ മൊഴികൾ ഞങ്ങൾ രേഖപ്പെടുത്തുകയാണ്.” രക്ഷിതാക്കൾ വ്യാഴാഴ്ച അധിക ഹർജി നൽകിയിട്ടുണ്ടെന്നും വെള്ളിയാഴ്ച ഔദ്യോഗിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ജനുവരി 15ന് തിരുകാട്ടുപള്ളി പോലീസ് സ്റ്റേഷൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ജുവനൈൽ ജസ്റ്റിസ് ആക്ട്, 2015 പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസ് ഇപ്പോൾ 305 (ആത്മഹത്യ പ്രേരണ) ഐപിസി വകുപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇരയുടെയും കുടുംബത്തിന്റെയും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ എസ്.പി. മുന്നറിയിപ്പ് നൽകിയിരുന്നു - “ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കുട്ടികളുടെ മാത്രമല്ല, പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെയും വ്യക്തിത്വം വെളിപ്പെടുത്താൻ ഞങ്ങൾക്ക് കഴിയില്ല, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇത് കുറ്റകരമാണ്.” എസ്.പി. പറഞ്ഞു.
കേസിന്റെ ഗതി മാറ്റാൻ പോലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് എസ്പിയുടെ വാർത്താസമ്മേളനത്തോട് പ്രതികരിച്ച് കെ. അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു. "പെൺകുട്ടിയുടെ തുറന്നുപറച്ചിലാണ് വീഡിയോയിലുള്ളത്. ഇത് വ്യാജമാണെന്ന നിഗമനത്തിൽ എസ്.പി. എത്തിയോ? ഉണ്ടെങ്കിൽ അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അണ്ണാമലൈ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.