• HOME
  • »
  • NEWS
  • »
  • india
  • »
  • സിദ്ധരാമയ്യയുടെ സാമ്പത്തിക നയത്തെ ഫേസ്ബുക്കിൽ വിമർശിച്ച അധ്യാപകന് സസ്‌പെൻഷൻ

സിദ്ധരാമയ്യയുടെ സാമ്പത്തിക നയത്തെ ഫേസ്ബുക്കിൽ വിമർശിച്ച അധ്യാപകന് സസ്‌പെൻഷൻ

സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ വരുത്തിവച്ചിട്ടുള്ള കടങ്ങളുടെ കണക്കുകൾ ചർച്ച ചെയ്യുന്നതിനോടൊപ്പം, സിദ്ധരാമയ്യയുടെ സൗജന്യനയത്തെ വിമർശിക്കുകയും ചെയ്യുന്നതായിരുന്നു പോസ്റ്റുകളുടെ ഉള്ളടക്കം

  • Share this:

    കർണാടക മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം ചുമതലയേറ്റ സിദ്ധരാമയ്യയുടെ സാമ്പത്തിക നയങ്ങൾക്കെതിരായി ഫേസ്ബുക്കിൽ പോസ്റ്റിട്ട സർക്കാർ സ്‌കൂൾ അധ്യാപകന് സസ്‌പെൻഷൻ. ചിത്രദുർഗ ജില്ലയിൽ ഹോസ്ദുർഗ താലൂക്കിൽപ്പെടുന്ന കാനുബെനഹള്ളി ലോവർ പ്രൈമറി സ്‌കൂളിലെ അധ്യാപകനായ എംജി ശാന്തമൂർത്തിയെയാണ് ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ സസ്‌പെൻ്റ് ചെയ്തിരിക്കുന്നത്.

    സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ വരുത്തിവച്ചിട്ടുള്ള കടങ്ങളുടെ കണക്കുകൾ ചർച്ച ചെയ്യുന്നതിനോടൊപ്പം, സിദ്ധരാമയ്യയുടെ സൗജന്യനയത്തെ വിമർശിക്കുകയും ചെയ്യുന്നതായിരുന്നു പോസ്റ്റുകളുടെ ഉള്ളടക്കം. ‘മുൻ മുഖ്യമന്ത്രിമാരുടെ കാലയളവിൽ ഉണ്ടായിട്ടുള്ള കടങ്ങളുടെ കണക്കുകൾ ഇങ്ങനെയാണ്: എസ് എം കൃഷ്ണ 3,590 കോടി, ധരം സിംഗ് 15,635 കോടി, എച്ച് ഡി കുമാരസ്വാമി 3,545 കോടി, ബി എസ് യെദ്യൂരപ്പ 25,653 കോടി, ഡി വി സദാനന്ദ ഗൗഡ 9,464 കോടി, ജഗദീഷ് ഷെട്ടാർ 13,464 കോടി, സിദ്ധരാമയ്യ 2,42,000 കോടി.’

    Also Read- സിദ്ധരാമയ്യ സത്യപ്രതിജ്ഞയ്ക്ക് വിധാൻ സൗധ ഒഴിവാക്കിയത് എന്തുകൊണ്ട്?

    എസ് എം കൃഷ്ണ മുതൽ ജഗദീഷ് ഷെട്ടാർ വരെയുള്ളവർ വരുത്തിവച്ചിട്ടുള്ള കടങ്ങൾ 71,331 കോടി രൂപയാണെങ്കിൽ, സിദ്ധരാമയ്യയുടെ കാലത്ത് കടം 2,42,000 കോടിയായി വർദ്ധിച്ചെന്നും പോസ്റ്റിൽ അധ്യാപകൻ വിശദീകരിക്കുന്നു. അതുകൊണ്ടു തന്നെ, ജനങ്ങൾക്ക് സൗജന്യമായി വസ്തുക്കൾ നൽകി പ്രീണിപ്പിക്കാൻ അദ്ദേഹത്തിന് എളുപ്പമായിരിക്കുമെന്നും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

    അധ്യാപകനെ അടിയന്തിരമായി സസ്‌പെൻ്റ് ചെയ്തു നീക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ചിത്രദുർഗ ജില്ലയിലെ പൊതു അധ്യാപന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ രവിശങ്കർ റെഡ്ഡിയെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ‘ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെ സ്ഥാനത്തു നിന്നും നീക്കാൻ ഹോസ്ദുർഗ താലൂക്ക് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ എൽ ജയപ്പയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അദ്ദേഹം കർണാടക സിവിൽ സർവീസസ് (പെരുമാറ്റ) ചട്ടം – 1966 ലംഘിച്ചിരിക്കുകയാണ്.’ വകുപ്പു തല അന്വേഷണങ്ങൾക്കു ശേഷം തുടർ നടപടികൾ ഉണ്ടാകും.

    Published by:Arun krishna
    First published: