• HOME
  • »
  • NEWS
  • »
  • india
  • »
  • അസമില്‍ ശൈശവ വിവാഹത്തിനെതിരെ കർശന നടപടി; വിവാഹം മുടങ്ങിയ 17കാരി ആത്മഹത്യ ചെയ്തു

അസമില്‍ ശൈശവ വിവാഹത്തിനെതിരെ കർശന നടപടി; വിവാഹം മുടങ്ങിയ 17കാരി ആത്മഹത്യ ചെയ്തു

അസമിൽ ശൈശവവിവാഹത്തിനെതിരെയുള്ള നടപടി സ്വീകരിച്ച് നാലാം ദിവസത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം 2,441 ആയി ഉയർന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

  • Share this:

    അസമിൽ ശൈശവ വിവാഹത്തിനെതിരെ കർശന നടപടികളാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വീകരിച്ചരിക്കുന്നത്. എന്നാൽ സർക്കാർ നടപടിയെ തുടർന്ന് വിവാഹം മുടങ്ങിയ പെൺകുട്ടി ആത്മഹത്യ ചെയ്തതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അസമിലെ കച്ചാർ, ഗോലകഞ്ച് എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    നിയമനടപടികൾ ഭയന്ന് അസമിലെ കച്ചാർ ജില്ലയിൽ 17 വയസ്സുള്ള പെൺകുട്ടിയുടെ മാതാപിതാക്കൾ കാമുകനെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല.  ഇതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇതിന് സമാന സംഭവമാണ് കച്ചാറിലെ ധലായ് പോലീസ് സ്റ്റേഷൻ പരിധിയിലെ രാജ്നഗർ ഗാവ് പഞ്ചായത്തിലെ ഖസ്പൂർ ഗ്രാമത്തിലുമുണ്ടായത്. ഗ്രാമത്തിലെ ഒരു പെൺകുട്ടിക്ക് ഒരാളെ ഇഷ്ടപ്പെടുകയും അവളുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ശൈശവ വിവാഹങ്ങൾ തടയുന്നതിനായി അസം സർക്കാർ നിയമങ്ങൾ നടപ്പിലാക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ മാതാപിതാക്കൾ വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിൽ മനംനൊന്ത യുവതിയും ജീവനൊടുക്കി.

    Also Read-ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച് അസം സര്‍ക്കാര്‍; 1800 പേർ അറസ്റ്റിൽ

    അതേസമയം, ധുബ്രി ജില്ലയിൽ ശൈശവ വിവാഹ കേസിൽ ഭർത്താവിനെയും പിതാവിനെയും അറസ്റ്റ് ചെയ്തതിനെ തുടർന്ന് 23 കാരിയായ ഒരു സ്ത്രീ സർക്കാർ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും ഭർത്താവിനെയും അച്ഛനെയും വിട്ടയച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

    ‘എന്തിനാണ് ഹിമന്ത ബിശ്വ ശർമ്മ എന്റെ ഭർത്താവിനെ പിടികൂടിയത്? ശർമ്മയ്ക്ക് അതിനുള്ള അധികാരം ആരാണ് നൽകിയത്? എന്റെ ഭർത്താവിനെയും അച്ഛനെയും ലോക്കപ്പിൽ നിന്ന് മോചിപ്പിച്ചില്ലെങ്കിൽ ഞാൻ കോടതി വളപ്പിൽ ആത്മഹത്യ ചെയ്യും, ‘ യുവതി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 1999 ജനിച്ച താൻ 19-ാം വയസിലാണ് വിവാഹിതയായതെന്ന് അഫ്രോസ ഖാത്തൂൺ എന്ന യുവതി പറഞ്ഞു.

    അതേസമയം, അസമിൽ ശൈശവവിവാഹത്തിനെതിരെയുള്ള നടപടി സ്വീകരിച്ച് നാലാം ദിവസത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം 2,441 ആയി ഉയർന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സംസ്ഥാനത്തുടനീളം 4,074 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

    ‘ഇതുവരെ ആകെ അറസ്റ്റ് – 2,441. ശൈശവ വിവാഹത്തിനെതിരെയുള്ള നടപടികൾ അസമിൽ തുടരുന്നു,’ ശർമ്മ ട്വീറ്റ് ചെയ്തു.

    2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ നടപടികൾ തുടരുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച വൈകുന്നേരം വരെ ബിശ്വനാഥ് ജില്ലയിൽ 139 പേരെയും ബാർപേട്ടയിൽ 130 പേരെയും ധുബ്രിയിൽ 126 പേരെയും പിടികൂടിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

    ശൈശവ വിവാഹങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ധുബ്രിയിലാണ്, 374 കേസുകൾ. അതേസമയം, ഹോജായ് (255), മോറിഗാവ് (224) എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത് കേസുകൾ.

    Published by:Arun krishna
    First published: