• HOME
 • »
 • NEWS
 • »
 • india
 • »
 • ഡൽഹി മദ്യഅഴിമതി: തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയെ സിബിഐ ഏഴുമണിക്കൂർ ചോദ്യം ചെയ്തു

ഡൽഹി മദ്യഅഴിമതി: തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയെ സിബിഐ ഏഴുമണിക്കൂർ ചോദ്യം ചെയ്തു

കേസുമായി ബന്ധപ്പെട്ട ഇഡി റിമാൻഡ് റിപ്പോർട്ടിൽ കവിതയുടെ പേര് പരാമർശിച്ചിരുന്നു

 • Share this:

  ന്യൂഡൽഹി:  മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കൽവകുന്തല കവിതയെ സിബിഐ ചോദ്യം ചെയ്തു. ഞായറാഴ്ചയായിരുന്നു ഏഴു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ശേഷം, ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും സി.ബി.ഐ കവിതയോട് ആവശ്യപ്പെട്ടു.

  അരബിന്ദോ ഫാർമയിലെ പി ശരത് ചന്ദ്ര റെഡ്ഡി, ഗുരുഗ്രാം ആസ്ഥാനമായുള്ള വ്യവസായി അമിത് അറോറ എന്നിവരുൾപ്പെടെ കേസിൽ അറസ്റ്റിലായ പ്രതികളുമായി കവിതക്കുള്ള ബന്ധത്തെക്കുറിച്ച് സിബിഐ അന്വേഷിച്ചു. നേരത്തെ, കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിമാൻഡ് റിപ്പോർട്ടിൽ കവിതയുടെ പേര് പരാമർശിച്ചിരുന്നു. ഡൽഹിയിലെ എഎപി സർക്കാർ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും വേണ്ടി കവിത പ്രവർത്തിച്ചതായും ഇഡി പറഞ്ഞിരുന്നു.

  Also read-മെഴുകുതിരി കത്തിച്ചുവച്ച് ഉറങ്ങാൻ കിടന്ന യുവാവ് തീപടർന്നു പിടിച്ച് മരിച്ചു

  ചോദ്യം ചെയ്യലിന് ശേഷം ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്ന് പുറത്തിറങ്ങിയ കവിത, തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തടിച്ചുകൂടിയ പ്രവർത്തകർക്ക് നേരെ കൈ വീശി. തുടർന്ന് പിതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതിഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.

  ഫോണുകൾ മാറ്റിയതിന് പിന്നിലെ ഉദ്ദേശ്യം ഉൾപ്പെടെയുള്ള വിവരങ്ങൾ സിബിഐ കവിതയോട് ചോദിച്ചറിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. സമീപകാലത്തായി കവിത ആകെ ഏഴു തവണ ഫോൺ നമ്പറുകൾ മാറ്റിയതായി കണ്ടെത്തിയിരുന്നു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാ​ഗമായി കവിത നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകളെക്കുറിച്ചും സിബിഐ അന്വേഷിച്ചു വരികയാണ്.

  ചോദ്യം ചെയ്യൽ തടസങ്ങളൊന്നും കൂടാതെ നടന്നതായും കവിത അന്വേഷണ ഉദ്യോ​ഗസ്ഥരുമായി സഹകരിച്ചതായും സിബിഐ വൃത്തങ്ങൾ അറിയിച്ചു. ചോദ്യം ചെയ്യലിനു ശേഷം ഔദ്യോ​ഗിക പ്രസ്താവന ഇറക്കുമെന്ന് കവിതയുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയെ കണ്ടതിനെ തുടർന്ന് ആ തീരുമാനം മാറ്റുകയായിരുന്നു.

  Also read- ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു; ചെലവ് 2870 കോടി, ടൂറിസത്തിന് കരുത്താകും

  കവിത കൽവകുന്തലയെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തിൽ ഒരു വനിതാ ഉദ്യോഗസ്ഥയും ഉണ്ടായിരുന്നു. കവിതയെ സഹായിക്കാനായി ഒരു അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു. അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കവിതയെ സിബിഐ വീണ്ടും ചോദ്യം ചെയ്‌തേക്കും.

  സൗത്ത് ഗ്രൂപ്പില്‍ നിന്ന് (ശരത് റെഡ്ഡി, കവിത, മഗുണ്ട ശ്രീനിവാസുലു എന്നിവർ നിയന്ത്രിക്കുന്ന സംഘം) എഎപി നേതാക്കള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്ന വിജയ് നായര്‍ക്ക് 100 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോയിൻപള്ളി, മുൻ ട്രേഡ് കമ്മീഷണർ അരുൺ രാമചന്ദ്ര പിള്ള, പി ശരത് റെഡ്ഡി എന്നിവരും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. കവിതയുമായി അടുപ്പമുള്ളയാളാണ് ബോയിൻപള്ളിയും. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 14 പേർ പ്രതികളായ കേസിൽ കവിത ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നോ എന്നാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.

  സിബിഐയുടെ ചോദ്യം ചെയ്യലിനു പിന്നാലെ, ബിആർഎസ് മന്ത്രി തലസാനി ശ്രീനിവാസ് യാദവും നിരവധി പാർട്ടി എംഎൽഎമാരും എംപിമാരും കവിതയെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു.

  Published by:Vishnupriya S
  First published: