ഹൈദരാബാദ്: ഡൽഹി സർക്കാരിന്റെ മദ്യലൈസൻസ് അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്‍റെ മകള്‍ കവിതയുടെ മുന്‍ ഓഡിറ്റര്‍ അറസ്റ്റില്‍. തെലങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചി ബാബുവിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. കെസിആറിന്‍റെ മകള്‍ കവിതയും കേസില്‍ പ്രതിയാണ്.
ഡൽഹി സർക്കാർ കഴിഞ്ഞ നവംബറിൽ ആവിഷ്കരിച്ച മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുകളുണ്ടെന്ന ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഫ്. ഗവർണർ വി.കെ. സക്സേനയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദത്തിനു പിന്നാലെ മദ്യനയം സര്‍ക്കാര്‍ പിൻവലിച്ചു. ആംആദ്മി പാർട്ടിക്ക് 100 കോടി നൽകിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കേസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തത്. സൗത്ത് ഗ്രൂപ്പിന്റെ ഓഡിറ്ററായും ബുച്ചി ബാബു ജോലി ചെയ്തിരുന്നു.
Also Read- Delhi Liquor Policy | ഡൽഹി മദ്യനയക്കേസ്: വ്യവസായി ദിനേഷ് അറോറ സർക്കാരിന്റെ സാക്ഷിയാകും
ഭാരത് രാഷ്ട്ര സമിതി (മുന്‍പ് ടിആര്‍സ്) നേതാവായ കവിത, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന്റെ എംപിയായ മഗുന്ത ശ്രീനിവാസലു റെഡ്ഡി, അരബിന്ദോ ഫാർമയിലെ ശരത് റെഡ്ഡി എന്നിവർ സൗത്ത് ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് സിബിഐ പറയുന്നു. മദ്യനയം അനുകൂലമാക്കാൻ എഎപിക്ക് ഇവർ പണം നൽകുകയായിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും കേസിൽ ചോദ്യം ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.