ന്യൂഡൽഹി: തെലങ്കാനയിൽ 26 വയസുള്ള വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ജോലിയിൽ കൃത്യവിലോപം കാണിച്ചതിനാണ് മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തതെന്ന് സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാർ പറഞ്ഞു. സംഭവത്തിൽ എഫ് ഐ ആർ സമർപ്പിക്കുന്നതിന് പൊലീസ് വീഴ്ച വരുത്തിയെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
അതേസമയം, ദേശീയ വനിതാ കമ്മീഷൻ അംഗങ്ങൾ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ ശനിയാഴ്ച സന്ദർശിച്ചു. പ്രഥമ ദൃഷ്ടിയിൽ തന്നെ പൊലീസ് ഉദ്യോഗസ്ഥർ ഈ കേസിൽ വീഴ്ച വരുത്തിയതായി വ്യക്തമാണെന്ന് വനിതാ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞു. കുടുംബത്തിന്‍റെ പരാതിയോട് സമയബന്ധിതമായി പ്രതികരിക്കാതിരുന്ന പൊലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം ശ്യാമള കുന്ദർ പറഞ്ഞു.
ഷംഷബാദ് പൊലീസ് സ്റ്റേഷനിലെ സബ് - ഇൻസ്പെക്ടർ എം. രവി കുമാർ, പി വേണുഗോപാൽ റെഡ്ഡി, എ സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രാജിവ് ഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾമാരാണ് പി വേണുഗോപാൽ റെഡ്ഡി, എ സത്യനാരായണ ഗൗഡ് എന്നിവർ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.