ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ മന്ത്രിവാഹനത്തിന് പിഴയിട്ട പൊലീസുകാരെ മന്ത്രി നേരിട്ട് ഓഫീസിലേക്ക് വിളിപ്പിച്ച് അഭിനന്ദിച്ചു. തെലങ്കാന മന്ത്രി കെ ടി രാമറാവുവിന്റെ വാഹനത്തിനാണ് രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ പിഴയിടാക്കിയത്. സബ് ഇന്‍സ്പെക്ടര്‍ ഇളയ്യ, കോണ്‍സ്റ്റബിള്‍ വെങ്കിടേശ്വരലു എന്നിവരാണ് ആത്മാര്‍ത്ഥമായി ജോലി ചെയ്തതിന്റെ പേരില്‍ മന്ത്രിയുടെ പ്രശംസ കരസ്ഥമാക്കിയത്.
സംസ്ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനുമാണ് കെ ടി രാമറാവു. മന്ത്രിയുടെ വാഹനം തെറ്റായ ദിശയില്‍ കയറി വന്നതിനാലാണ് പോലീസുകാര്‍ പിഴ ചുമത്തിയത്
മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മന്ത്രി ബാപ്പു ഘട്ടില്‍ നിന്ന് പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഇത് സംഭവിച്ചത്. മന്ത്രിയെ വിളിക്കാനായി അദ്ദേഹത്തിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ തെറ്റായ വഴിയിലൂടെ ബാപ്പു ഘട്ടിലെത്തിയത്. എന്നാല്‍ ഇത് കണ്ട പോലീസുകാര്‍ വാഹനം തടഞ്ഞു. ഇത് പൊലീസും, ചില ടിആര്‍എസ് നേതാക്കളും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചു. തുടര്‍ന്ന് പൊലീസുകാര്‍ മന്ത്രിയുടെ വാഹനത്തിന് പിഴ ചുമത്തി ചലാന്‍ നല്കി.
Just doing my citizen duty CP Garu 🙏 https://t.co/2UcHakLJ8O
— KTR (@KTRTRS) October 5, 2021
രണ്ടു ദിവസത്തിനു ശേഷമാണ് മന്ത്രി തന്റെ ഓഫീസിലേക്ക് അവരെ വിളിപ്പിച്ചത്. ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രി പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്.
സാധാരണ പൗരന്മാര്ക്കും അധികാരത്തിലിരിക്കുന്ന ജനപ്രതിനിധികള്‍ക്കും നിയമം ഒരേപോലെ ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ എപ്പോഴും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നയാളാണെന്നും, സംഭവം നടക്കുമ്പോള്‍ താന്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. തെറ്റായ ദിശയില്‍ വാഹനമോടിച്ചതിന് 1,100 രൂപ പിഴയും അദ്ദേഹം അടച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fine, Minister, Telengana, Traffic police, Traffic violation fines