ലഖ്നൗ: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവ് ഭീഷണിപ്പെടുത്തുന്നെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര. ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളെ വിവാഹ കഴിച്ചതോടെ പിതാവ് ഗുണ്ടകളെ അയച്ചിരിക്കുകയാണെന്നാണ് സാക്ഷി പറയുന്നത്. ഭര്‍ത്താവിന്റെ ജീവനുവേണ്ടി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയ സാക്ഷിയുടെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്.
ഉത്തര്‍പ്രദേശിലെ ബിദാരി എംഎല്‍എയാണ് രാജേഷ്. വീഡിയോയിലൂടെയാണ് സാക്ഷി ആദ്യം തന്റെ വിവാഹ വിവരം പുറത്തുവിട്ടത്. പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്നും തന്നെയും ഭര്‍ത്താവിനെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും പറഞ്ഞ സാക്ഷി തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവായിരിക്കും ഉത്തരവാദിയെന്നും ആദ്യ വീഡിയോയില്‍ പറഞ്ഞു.
പിന്നീട് മറ്റൊരു വീഡിയോയിലൂടെ രംഗത്തെത്തിയ സാക്ഷി പിതാവ് ഭര്‍ത്താവിനെ കൊല്ലാന്‍ ഗുണ്ടകളെ അയച്ചിരിക്കുകയാണെന്നും ഗുണ്ടകളില്‍ നിന്ന് രക്ഷിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. പിതാവിനും സഹോദരനും എതിരെയാണ് രണ്ടാമത്തെ വീഡിയോയിലെ ആരോപണങ്ങള്‍. പിതാവിനെ പാപ്പുവെന്നും സഹോദരനെ വിക്കിയെന്നുമാണ് വീഡിയോയില്‍ സാക്ഷി വിളിക്കുന്നത്. പാപ്പു അയച്ച ഗുണ്ടകളില്‍ നിന്ന് ഒളിച്ചു മടുത്തു. ഞങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. വിവാഹിതയാണെന്നും സിന്ദൂരം ഫാഷനുവേണ്ടി അണിഞ്ഞതല്ലെന്നും സാക്ഷി പറയുന്നു.
ജീവന് അപകടത്തിലാണെന്നും സുരക്ഷ ഒരുക്കണെമന്നും പൊലിസ് മേധാവിയോടും സാക്ഷി അഭ്യര്‍ത്ഥിക്കുന്നുണ്ട് രണ്ടു പേരും കഴിഞ്ഞിരുന്ന ഹോട്ടലിലേക്ക് ഗുണ്ടാസംഘം എത്തിയെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഭര്‍ത്താവ് അജിത് കുമാറും പറയുന്നു. താന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയായതുകൊണ്ടാണ് സാക്ഷിയുടെ കുടുംബം വേട്ടയാടുന്നതെന്നാണ് യുവാവ് പറയുന്നത്.
എന്നാല്‍ മകളുടെ ആരോപണങ്ങള്‍ പിതാവ് രാജേഷ് മിശ്ര നിരസിച്ചു. മകള്‍ക്ക് പ്രായപൂര്ത്തിയതെന്നും തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നുമാണ് ബിജെപി എംഎല്‍എ പറയുന്നത്. ഇരുവര്‍ക്കും സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചിട്ടുണ്ട്. ഒരുമിച്ചു ജീവിയ്ക്കാനും സംരക്ഷണവും ആവശ്യപ്പെട്ടു ഇരുവരും നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുകയും ചെയ്യും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.