ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗത്തിനും നിർഭയയുടെ കൊലപാതകത്തിനും എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെയാണ് സ്ത്രീകൾക്കെതിരായ അക്രമം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാർ കമ്മീഷനെ നിയോഗിച്ചത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ജെ എസ് വർമ്മയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുൻപാകെ പൊതുജനങ്ങളിൽ നിന്നും വിവിധ വനിതാ സംഘടനകൾ, അക്കാദമിക്, വിദഗ്ധർ, അഭിഭാഷകർ എന്നിവരിൽ നിന്നും 80,000ത്തോളം പ്രതികരണങ്ങളാണ് ലഭിച്ചത്. പുരോഗമനപരമായ നിർദേശങ്ങളാണ് ഇവയിലേറെയും.
630 പേജുള്ള റിപ്പോർട്ടിൽ വർമ്മ കമ്മിറ്റി മുന്നോട്ടുവച്ച 10 പ്രധാന ശുപാർശകൾ ഇവയാണ്-
1. വോയറിസം (മറ്റുള്ളവരുടെ നഗ്നത കാണുന്നത്, മറ്റുള്ളവരുടെ ലൈംഗിക ബന്ധം നിരീക്ഷിക്കുന്നത്), ഗൂഢ ലക്ഷ്യത്തോടെ ഒരാളെ പിന്തുടരുന്നത്, മനഃപൂർവം സ്പർശിക്കുന്നത് എന്നിവ ലൈംഗികാതിക്രമ കുറ്റകൃത്യമാക്കണം. അശ്ലീല ഭാഷയോ ആംഗ്യങ്ങളോ ഉപയോഗിക്കുന്നതും ലൈംഗികാതിക്രമ കുറ്റമായി കണക്കാക്കണം.
2. ബലാത്സംഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കണം. പ്രായപൂർത്തിയാകാത്ത ഒരാളെ ബലാത്സംഗം ചെയ്യുന്നത് കുറഞ്ഞത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാക്കണം. കൂട്ടബലാത്സംഗത്തിന് 20 വർഷം വരെ തടവുശിക്ഷ. ബലാത്സംഗം മൂലമുള്ള മരണത്തിന് കുറഞ്ഞത് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കണം. വൈവാഹിക ബന്ധങ്ങളിലെ ബലാത്സംഗവും ക്രിമിനൽ കുറ്റമായി കണക്കാക്കണം.
3. യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന മേഖലകളിൽ സ്ത്രീ സുരക്ഷാ നിയമങ്ങൾ അവലോകനം ചെയ്യണം. കശ്മീർ, നോർത്ത് ഈസ്റ്റ്, സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) നിലനിൽക്കുന്ന പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയുന്നതിന് നിയമങ്ങളിൽ മാറ്റം വരുത്തണം. സുരക്ഷാ സേനയെ സാധാരണ ക്രിമിനൽ നിയമത്തിന് കീഴിൽ കൊണ്ടുവരിക. സ്ത്രീ സുരക്ഷക്ക് പ്രത്യേക അധികാരികളെ ഈ മേഖലകളിൽ നിയോഗിക്കണം. സ്ത്രീകൾക്കെതിരായി അതിക്രമം നടത്തുന്ന സൈനികന് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന രീതിയിൽ നിയമത്തിൽ മാറ്റം വരുത്തണം.
4. ദുരഭിമാന കൊലപാതകം, സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനം എന്നിവക്ക് വഴി തെളിക്കുന്ന അനധികൃത ഖാപ് പഞ്ചായത്തുകളുടെ പ്രവർത്തനം നിയന്ത്രിക്കണം.
5. പീഡന കേസുകളിലെ ഇരകളുടെ മെഡിക്കൽ പരിശോധന കാലോചിതമായി പരിഷ്കരിക്കണം. യോനീ ഭാഗത്ത് വിരൽ കടത്തി പരിശോധന നടത്തുന്നത് പ്രാകൃതമാണെന്നും സമിതി നിരീക്ഷിച്ചു.
6. പൊലീസ് രംഗത്ത് അഴിച്ചുപണി നടത്തണം. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. വനിതാ പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കണം.
7. തെരഞ്ഞെടുപ്പ് രംഗത്ത് പരിഷ്കരണം കൊണ്ടുവരണം. ലൈംഗിക കുറ്റകൃത്യത്തിലോ സ്ത്രീധന പീഡന കേസുകളിലോ ഉൾപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണം. ബലാത്സംഗം അടക്കമുള്ള കേസുകളിൽ പ്രതികളാകുന്നവരെ പദവികളിൽ നിന്ന് പുറത്താക്കണം.
8. ലൈംഗിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണം. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം നിർബന്ധമായും ഉള്‍പ്പെടുത്തണം.
9. വനിതാ അവകാശ നിയമം പാസാക്കണം. ഇക്കാര്യത്തിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളെ മാതൃകയാക്കണം. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം സ്ത്രീകൾക്ക് ഉറപ്പ് വരുത്തണം.
10. മനുഷ്യകടത്ത് ഏഴ് വർഷത്തിൽ കുറയാത്ത കുറ്റകൃത്യമാക്കണം.
Also Read- വി സി സജ്ജനാര്‍ക്ക് നിരവധി മുന്‍ഗാമികള്‍; പരിചയപ്പെടാം എൻകൗണ്ടർ സ്പെഷ്യലിസ്റ്റുകളെ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.