നിലോയി ഭട്ടചർജി
അസ്സമിലെ ഗോൾപാറ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്ന് സൂചന. തീവ്രവാദ സംഘടനകളായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ, അൻസറുല്ല ബംഗ്ലാ ടീം (എബിടി) തുടങ്ങിയവ ഈ മേഖലകളിൽ വേരുറപ്പിച്ച് പ്രവർത്തിക്കുന്നതായി അസ്സം ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഭാസ്കർ ജ്യോതി മഹന്ത പറഞ്ഞു. ഭീകര പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾ പോലീസ് തുടങ്ങിയിട്ടുണ്ട്.
എബിടിക്ക് വേണ്ടി പ്രവർത്തിക്കുന്ന അബ്ദുസ് സുബഹാൻ എന്ന അബ്ദു സൗഹാൻ, ജലാലുദ്ദീൻ ഷെയ്ഖ് എന്നിവരെ ഗോൾപാറ പോലീസ് ആഗസ്ത് 19 ന് അറസ്റ്റ് ചെയ്തിരുന്നു. ടിങ്കോണിയപ്പാറ പള്ളിയിൽ ഇമാമായി പ്രവർത്തിക്കുകയായിരുന്നു സുബഹാൻ. ടിങ്കോണിയപ്പാറ മദ്രസയിൽ ഇയാൾ പഠിപ്പിക്കുകയും ചെയ്തിരുന്നു. ജിഹാദി ബന്ധങ്ങളുടെ പേരിൽ പശ്ചിമ ബംഗാളിൽ അറസ്റ്റിലായ റെക്കിബ് ഉൾപ്പെട്ട രഹസ്യ യോഗത്തിൽ സുബഹാൻ പങ്കെടുത്തിരുന്നുവെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. മൈത്യ തിലപ്പാറ പള്ളിയിൽ ഇമാം ആയിരുന്നു ജലാലുദ്ദീൻ ഷെയ്ഖ്.
“ഭീകരവാദികൾ മദ്രസ മറയാക്കി പ്രവർത്തിക്കുകയാണ്. എല്ലാവരിൽ നിന്നും സഹായം സ്വീകരിക്കുകയും ചെയ്യുന്നു. ഇത് തുടരാൻ സമ്മതിക്കില്ല. മദ്രസകൾ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തും. സുബഹാൻെറ ജീവിതരീതിയിൽ അയൽവാസികൾക്ക് പോലും സംശയം തോന്നിയിരുന്നില്ല. അവരിലൊരാളായാണ് ഈ ഭീകരവാദി കഴിഞ്ഞത്” മഹന്ത പറഞ്ഞു. ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിലുകൾ ലഭിച്ചിട്ടുണ്ട്.
അൽ-ഖ്വയ്ദ അംഗമാണെന്നും അസമിൽ നിന്ന് തീവ്രവാദ ഗ്രൂപ്പിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നും പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സുബഹാൻ സമ്മതിച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്ക് ഇയാളെ പോലീസ് റിമാൻഡിൽ വാങ്ങി. സുബഹാന്റെ വീട്ടിൽ നിന്ന് പോസ്റ്ററുകൾ, പുസ്തകങ്ങൾ, കുറ്റാരോപണ രേഖകൾ, രഹസ്യ ഫോണുകൾ, സിം കാർഡുകൾ എന്നിവയും ഷെയ്ഖിന്റെ വസതിയിൽ നിന്ന് അറബി സാഹിത്യങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അൽ-ഖ്വയ്ദ, എബിടി എന്നീ തീവ്രവാദ സംഘടനകൾക്ക് ഇരുവരും പ്രാദേശിക തലത്തിൽ നിന്ന് പിന്തുണ നൽകിയിരുന്നു. കൂടാതെ യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ബാർപേട്ട, മോറിഗാവ് മേഖലകളുമായി ബന്ധപ്പെട്ടും ഇവർ പ്രവർത്തിക്കുന്നുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള ABT പ്രവർത്തകർക്കായി സെഷനുകൾ സംഘടിപ്പിക്കാനും ഈ പരിപാടികൾക്കുള്ള ധനസമാഹരണം നടത്തുന്നതിനും ഇരുവരും നേതൃത്വം നൽകി. കൂടുതൽ പേരെ തീവ്രവാദ സംഘടനകളിൽ ചേർക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ഷെയ്ഖ് ശ്രമിച്ചു. പ്രാദേശിക തലത്തിൽ ചെറുസംഘങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. 2018ലാണ് താൻ അൽ-ഖ്വയ്ദയിൽ ചേർന്നതെന്ന് ഷെയ്ഖ് പോലീസിൻെറ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സുബഹാൻ തൻെറ സഹോദരൻ ആണെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അസം പോലീസ് പെറ്റി കേസുകളിൽ ഉൾപ്പെടുന്ന കള്ളൻമാരെ പിടിച്ച് അവർ ജിഹാദികളാണെന്ന് പറയുകയാണെന്ന് ഗോൾപാറ ഈസ്റ്റിലെ കോൺഗ്രസ് എംഎൽഎ അബ്ദുൾ റഷീദ് ആലം ആരോപിച്ചു. ഗവൺമെൻറ് നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന എണ്ണൂറോളം മദ്രസകൾ കഴിഞ്ഞ വർഷം അസം സർക്കാർ പൂട്ടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.