• HOME
  • »
  • NEWS
  • »
  • india
  • »
  • Yasin Malik| തീവ്രവാദത്തിന് ഫണ്ട്: കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം

Yasin Malik| തീവ്രവാദത്തിന് ഫണ്ട്: കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം

വിഘടനവാദി നേതാവിന് വധശിക്ഷ നൽകണമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആവശ്യപ്പെട്ടിരുന്നു.

  • Share this:
    കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ (Yasin Malik) തീവ്രവാദ ഫണ്ടിംഗ് കേസിൽ (Terror Funding Case) ഡൽഹി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും മാലിക് നേരത്തെ സമ്മതിച്ചിരുന്നു. ഐപിസി സെക്ഷൻ 121 (ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുക), യുഎപിഎയുടെ സെക്ഷൻ 17 (ഭീകര നിയമത്തിന് ഫണ്ട് ശേഖരിക്കൽ) എന്നിവ അടിസ്ഥാനമാക്കിയാണ് എൻഐഎ കോടതി ജീവപര്യന്തം തടവ് വിധിച്ചത്. എന്നാൽ, വിഘടനവാദി നേതാവിന് വധശിക്ഷ നൽകണമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആവശ്യപ്പെട്ടിരുന്നു.

    കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലാണ് മാലിക്കിനെ നേരത്തെ കോടതി മുറിയിലേക്ക് കൊണ്ടുവന്നത്, അർദ്ധസൈനിക സേനയിലെയും ഡൽഹി പൊലീസിലെയും ഉദ്യോഗസ്ഥർ കോടതിമുറിയിൽ സുരക്ഷ ഒരുക്കിയിരുന്നു. പ്രത്യേക ജഡ്ജി പ്രവീൺ സിംഗ് മെയ് 19 ന് മാലിക്കിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ചുമത്താൻ സാധ്യതയുള്ള പിഴ തുക നിർണയിക്കാൻ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ എൻഐഎ അധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

    Related News- Yasin Malik | തീവ്രവാദത്തിന് ഫണ്ട്: കശ്മീർ വിഘടനവാദി നേതാവ് യാസീൻ മാലിക് കുറ്റക്കാരൻ

    അക്രമം ഉപേക്ഷിച്ചതുമുതൽ മഹാത്മാഗാന്ധിയുടെ തത്വങ്ങളാണ് താൻ പിന്തുടരുന്നതെന്ന് ബുധനാഴ്ച രാവിലെ മാലിക് കോടതിയിൽ പറഞ്ഞിരുന്നു. താൻ ഇന്ത്യയിലെ ഏഴ് പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ടെന്നും 1994 ന് തോക്ക് ഉപേക്ഷിച്ചതിന് ശേഷമുള്ള ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിൽ താൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാൻ ഒരു രഹസ്യാന്വേഷണ ഏജൻസിക്കും കഴിയില്ലെന്നും മാലിക് വെല്ലുവിളിച്ചു.

    സെക്ഷൻ 16 (തീവ്രവാദ നിയമം), 17 (തീവ്രവാദ പ്രവർത്തനത്തിനുള്ള ധനസമാഹരണം), 18 (തീവ്രവാദ പ്രവർത്തനത്തിനുള്ള ഗൂഢാലോചന), 20 (ഭീകരസംഘത്തിലോ സംഘടനയിലോ അംഗമായത്) എന്നിവ ഉൾപ്പെടെ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെ എതിർക്കുന്നില്ലെന്ന് മാലിക് കോടതിയെ അറിയിച്ചിരുന്നു. യുഎപിഎ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120-ബി (ക്രിമിനൽ ഗൂഢാലോചന), 124-എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളും മാലിക്കിനെതിരെ എൻഐഎ ചുമത്തിയിരുന്നു.

    കശ്മീരി വിഘടനവാദികളായ ഫാറൂഖ് അഹമ്മദ് ദാർ എന്ന ബിട്ട കരാട്ടെ, ഷബീർ ഷാ, മസറത്ത് ആലം, എംഡി യൂസഫ് ഷാ, അഫ്താബ് അഹമ്മദ് ഷാ, അൽത്താഫ് അഹമ്മദ് ഷാ, നയീം ഖാൻ, എംഡി അക്ബർ ഖണ്ഡേ, രാജ മെഹ്‌റാജുദ്ദീൻ കൽവാൽ, ബഷീർ അഹമ്മദ് ഭട്ട്, സഹൂർ അഹമ്മദ് ഷാ വതാലി, ഷബീർ അഹമ്മദ് ഷാ, അബ്ദുൾ റാഷിദ് ഷെയ്ഖ്, നവൽ കിഷോർ കപൂർ എന്നിവർക്കെതിരെ കോടതി ഔദ്യോഗികമായി കുറ്റം ചുമത്തി. കേസിൽ പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിച്ച ലഷ്‌കറെ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ എന്നിവർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
    Published by:Rajesh V
    First published: