ജമ്മു കശ്മീരിൽ പ്രധാനമന്ത്രി പാക്കേജിന് കീഴിൽ റിക്രൂട്ട് ചെയ്യപ്പെട്ട 56 കശ്മീരി പണ്ഡിറ്റുകൾക്കു നേരെ തീവ്രവാദ ഭീഷണി. 56 കശ്മീരി പണ്ഡിറ്റുകളുടെ പേരുകളും അവരുടെ പോസ്റ്റിംഗ് സ്ഥലങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇവർ പലരും ആശങ്കയിലാണെന്ന് ഓൾ മൈഗ്രന്റ് ഡിസ്പ്ലേസ്ഡ് എംപ്ലോയീസ് അസോസിയേഷൻ കാശ്മീർ പ്രസിഡന്റ് റൂബോൺ സപ്രൂ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ബ്ലാക്ക് ലിസ്റ്റിൽ പെട്ട ബ്ലോഗായ kashmirfight.com ലാണ് പ്രധാനമന്ത്രി പാക്കേജിന് കീഴിൽ റിക്രൂട്ട് ചെയ്യപ്പെട്ട കശ്മീരി പണ്ഡിറ്റ് ജീവനക്കാർക്കെതിരെയുള്ള ഭീഷണി പ്രത്യക്ഷപ്പെട്ടത്. ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികളാണ് ബ്ലോഗ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ”ഇത് പ്രധാനമന്ത്രി പാക്കേജിനു കീഴിൽ റിക്രൂട്ട് ചെയ്യപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ ഒരു ചെറിയ ലിസ്റ്റ് മാത്രമാണ്”, എന്ന് ബ്ലോഗിൽ പറയുന്നു.
56 കശ്മീരി പണ്ഡിറ്റുകളുടെ പേരുകൾ തീവ്രവാദികൾ പുറത്തുവിട്ടത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന പണ്ഡിറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ തീവ്രവാദികൾക്ക് എങ്ങനെ ലഭിച്ചു എന്ന കാര്യം സർക്കാർ അന്വേഷിക്കണമെന്നും സപ്രൂ പറഞ്ഞു.
പ്രധാനമന്ത്രി പാക്കേജിനു കീഴിൽ, കശ്മീരിൽ റിക്രൂട്ട് ചെയ്യപ്പെട്ട അയ്യായിരത്തോളം പണ്ഡിറ്റ് ജീവനക്കാർ 2010 മുതൽ പണിമുടക്കിലാണ്. പാക്കേജിനു കീഴിൽ ജോലി ലഭിച്ച പണ്ഡിറ്റ് രാഹുൽ ഭട്ട് തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇവരുടെ സമരം. അതിനുശേഷം കശ്മീരിൽ രണ്ട് പണ്ഡിറ്റുകളെക്കൂടി തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു.
ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമേയമാക്കിയ ‘ദി കശ്മീർ ഫയൽസ്’ സിനിമക്കെതിരെ രൂക്ഷപരാമർശങ്ങൾ നടത്തി ജൂറി ചെയർമാൻ നാദവ് ലാപിഡ് രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതിനപ പിന്നാലെ അദ്ദേഹം മാപ്പു പറയുകയും ചെയ്തിരുന്നു. ക്കഴിഞ്ഞ മാർച്ച് 11 നാണ് തിയേറ്ററുകളിൽ എത്തിയത്. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
കശ്മീർ ഫയൽസ് ഒരു വൾഗർ, പ്രോപ്പഗാണ്ട ചിത്രമായി തോന്നിയെന്നും ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ സിനിമ മൽസര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അത്ഭുതം തോന്നിയെന്നുമാണ് നാദവ് ലാപിഡ് പറഞ്ഞത്. ”മൽസര വിഭാഗത്തിൽ 15-ാമത്തെ ചിത്രമായ ദി കാശ്മീർ ഫയൽസ് ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. ഇത്തരമൊരു പ്രശസ്ത ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ അയക്കേണ്ട ചിത്രമല്ല ഇതെന്ന് ഞങ്ങൾക്ക് തോന്നി. ഈ അഭിപ്രായം നിങ്ങളോട് തുറന്നുപറയാൻ എനിക്ക് ഒട്ടും മടിയില്ല. കലയുടെ ഉന്നമനത്തിനു വേണ്ടിയുള്ള ഇത്തരം വിമർശനാത്മക ചർച്ചകൾ നിങ്ങൾ സ്വീകരിക്കണം”, എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.