ഇന്ത്യൻ നഗരങ്ങളെ കൂടുതൽ മനോഹരമാക്കുന്നതിനും സാമ്പത്തികമായി അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനുമായി രണ്ട് പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. നഗരങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളെ കാര്യക്ഷമമായി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ‘സിറ്റി ഫിനാൻസ് റാങ്കിംഗ്’, ‘സിറ്റി ബ്യൂട്ടി കോമ്പറ്റീഷൻ’ എന്നിങ്ങനെ രണ്ട് പദ്ധതികളാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരങ്ങളെ ഇതിൻെറ അടിസ്ഥാനത്തിൽ വിലയിരുത്തി റാങ്കുകൾ പ്രഖ്യാപിക്കുന്ന പുതിയ രീതിക്കാണ് തുടക്കമിടാൻ പോകുന്നത്.
മൂന്ന് സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നഗരങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ റാങ്ക് ചെയ്യുകയും അവയുടെ സൗകര്യങ്ങളുടെയും വികസനത്തിൻെറയും അടിസ്ഥാനത്തിൽ തരംതിരിക്കുകയും ആവശ്യമായ പ്രതിഫലം നൽകുകയും ചെയ്യും. വിഭവ സമാഹരണം, ചെലവുകൾ കൈകാര്യം ചെയ്യൽ, സാമ്പത്തിക നയം എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കുകൾ പ്രഖ്യാപിക്കുക. രണ്ട് പദ്ധതികളും പ്രഖ്യാപിച്ച് കൊണ്ട് മന്ത്രാലയം നടത്തിയ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നവീനമായ രീതിയിൽ കൂടുതൽ സുന്ദരമായ പൊതു ഇടങ്ങൾ സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലെ നഗരങ്ങളും വാർഡുകളും നടത്തുന്ന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമാണ് സിറ്റി ബ്യൂട്ടി കോമ്പറ്റീഷൻ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് പുരി പറഞ്ഞു. “നഗര പുനരുജ്ജീവനത്തിനായുള്ള ലോകത്തിലെ ഏറ്റവും സമഗ്രവും നൂതനവുമായ പദ്ധതിയാണ് ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നത്. ആരോഗ്യകരമായ മത്സരവും അതിലെ പ്രകടനവും നഗരങ്ങൾക്ക് കൂടുതൽ അഭിമാനബോധം നൽകും,” അദ്ദേഹം വ്യക്തമാക്കി.
Also read-നാലു കോഴികൾ രണ്ടു ദിവസം പൊലിസ് കസ്റ്റഡിയിൽ; വിട്ടയച്ചത് വൈദ്യപരിശോധനക്ക് ശേഷം
നഗരങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവയുടെ സാമ്പത്തിക മേഖലയിലെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്ന മേഖലകൾ തിരിച്ചറിയുന്നതിനും ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നൽകാൻ കഴിയുന്ന മേഖലകൾ വിശകലനം ചെയ്യുന്നതിനും സഹായിക്കുന്നതിനായുള്ള ശ്രമമാണിതെന്ന് ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി പറഞ്ഞു. ആത്യന്തികമായി പൌരൻമാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
“മൂന്ന് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി 15 ഘടകങ്ങളെ വിലയിരുത്തി ഓരോ തദ്ദേശ സ്ഥാപനങ്ങളെയും വിലയിരുത്തും. സുസ്ഥിരമായ സാമ്പത്തിക വികസനത്തിന് എല്ലാ മേഖലകളെയും കൂട്ടിയിണക്കി പ്രവർത്തിക്കുന്ന നഗരങ്ങളെ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും,” അദ്ദേഹം പറഞ്ഞു.
സർക്കാരിൻെറ നേതൃത്വത്തിലുള്ള സമഗ്ര വികസനത്തിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രകടനവും സാമ്പത്തികമായ ഉന്നമനവും വളരെ നിർണായകമാണ്. നിലവിൽ, ഇന്ത്യയിലെ മുനിസിപ്പൽ വരുമാനം ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വരുന്നത്. ഇത് വർധിപ്പിക്കേണ്ടതുണ്ടെന്നും ജോഷി വ്യക്തമാക്കി. നഗരങ്ങളുടെ സൗന്ദര്യവൽക്കരണം, എത്തിച്ചേരാനുള്ള സൗകര്യങ്ങൾ, അടിസ്ഥാന വികസനം, പരിസ്ഥിതി, മറ്റ് പ്രവർത്തനങ്ങൾ എന്നിങ്ങനെ അഞ്ച് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കി വാർഡുകളെയും പൊതു ഇടങ്ങളെയും വിലയിരുത്തുന്നതിനും തിരിച്ചറിയുന്നതിനും പ്രതിഫലം നൽകുന്നതിനുമുള്ള ഒരു പദ്ധതിയായാണ് ‘സിറ്റി ബ്യൂട്ടി കോംപറ്റീഷൻ’ വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കരട് മാർഗ്ഗനിർദ്ദേശങ്ങൾ നഗരങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. അവർക്ക് അവരുടെ അഭിപ്രായങ്ങൾ സമർപ്പിക്കാൻ ജനുവരി 15 വരെ സമയം നൽകിയിട്ടുണ്ട്. ജനുവരി 30ഓടെ രണ്ട് പദ്ധതികളുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം സർക്കാരിൻെറ ഭാഗത്ത് നിന്നുണ്ടാവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.