അഹമ്മദാബാദ്: പട്ടാളക്കാരന്റെ മരണാനന്തര ആനുകൂല്യംഅദ്ദേഹത്തിന്റെ പുനര്‍ വിവാഹം ചെയ്ത ഭാര്യയ്ക്കും അമ്മയ്ക്കും തുല്യമായി നല്‍കണമെന്ന് കോടതി. അഹമ്മദാബാദിലെ സിവില്‍ കോടതിയുടേതാണ്ഉത്തരവ്. സര്‍വ്വീസിലിരിക്കെ മരണപ്പെട്ട സിഐഎസ്എഫ് ജവാന്റെ മരണാനന്തര ആനൂകൂല്യം നൽകുന്നത് സംബന്ധിച്ചായിരുന്നു കേസ്.
മുന്‍ഭര്‍ത്താവായ ജവാന്റെ മരണാന്തര ആനൂകൂല്യങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് നല്‍കുന്നത് ശരിയല്ലെന്നാരോപിച്ചാണ് ജവാന്റെ മുന്‍ഭാര്യ രംഗത്തെത്തിയത്. എന്നാല്‍ ഇവര്‍ തന്റെ മകന്റെ മരണശേഷം മറ്റൊരു വിവാഹം കഴിച്ചുവെന്നും ഇനിയും തന്റെ മകന്റെ വിധവ എന്ന പേരിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ അര്ഹയല്ലെന്നുമായിരുന്നു ജവാന്റെ വീട്ടുകാരുടെ വാദം.
Also read-മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട സിഐഎസ്എഫ് ജവാന് രാജേഷ് പാലസ്പാഗറിന്റെ മരണാനന്തര ആനൂകൂല്യങ്ങള്‍ സംബന്ധിച്ചായിരുന്നു ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം. 2003 ഡിസംബര്‍ 24ന് റാഞ്ചിയിലെ ഒരു റോഡപകടത്തിലാണ് രാജേഷ് മരിച്ചത്. അപകടം നടക്കുന്ന സമയത്ത് രാജേഷ് അവധിയിലായിരുന്നു. പിന്നീട് മരണാനന്തര ആനുകൂല്യങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഡിപ്പാര്‍ട്ട്മെന്റ് കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ലഭിച്ചില്ല. പിന്നീട് 2011 ആയപ്പോഴേക്കും മകന്റെ മരണാനന്തര ആനൂകൂല്യങ്ങള്‍ക്ക് തങ്ങള്‍ അര്‍ഹരാണെന്ന് അവകാശപ്പെട്ട് രാജേഷിന്റെ മാതാപിതാക്കളായ ശേഷ്റാവുവും വിമലാഭായിയും രംഗത്തെത്തുകയായിരുന്നു. അഹമ്മദാബാദ് സിറ്റി കോടതിയെയാണ് ഇവര്‍ സമീപിച്ചത്. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയാണ് മരണാനന്തര ആനൂകൂല്യമായി നല്‍കുന്നത്. 12 വര്‍ഷം സിഐഎസ്എഫില്‍ ജോലി ചെയ്ത ആളാണ് രാജേഷ് പാലസ്പാഗര്.
അതേസമയം രാജേഷിന്റെ വിധവയായ ഭാര്യ വര്‍ഷയ്ക്ക് ഈ ആനൂകൂല്യം നല്‍കരുതെന്നും ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വാദിച്ചു. രാജേഷിന്റെ മരണ ശേഷം വര്‍ഷ മറ്റൊരു വിവാഹം കഴിച്ചുവെന്നും ഇപ്പോള്‍ അവര്‍ ഭര്‍ത്താവിനോടൊപ്പം മഹാരാഷ്ട്രയിലാണ് കഴിയുന്നതെന്നും രാജേഷിന്റെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. അതിനാല്‍ വര്‍ഷയ്ക്ക് രാജേഷിന്റെ യാതൊരു ആനൂകൂല്യവും അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്നാണ് രാജേഷിന്റെ മാതാപിതാക്കളുടെ വാദം.
എന്നാല്‍ ഇതില്‍ പ്രതികരിച്ച് വര്‍ഷയും കോടതിയിലെത്തി. രാജേഷിന്റെ വിധവയായ തനിക്ക് ആനൂകൂല്യത്തിന് അര്‍ഹതയുണ്ടെന്നാണ് വര്‍ഷ കോടതിയെ അറിയിച്ചത്. എന്നാല്‍ വര്‍ഷയ്ക്ക് രാജേഷിന്റെ വിധവയായിരിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ക്ക് പിന്തുടര്ച്ചക്കാരിയായിരിക്കാന് സാധിക്കില്ലെന്നും രാജേഷിന്റെ മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു.
ഇരുവിഭാഗത്തിന്റെയും ന്യായവാദം കേട്ടശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തില്‍ രാജേഷിന്റെ മരണാനന്തര ആനുകൂല്യം കൈപ്പറ്റാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യയായിരുന്ന വര്‍ഷയ്ക്കും അര്‍ഹതയുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. ആനുകൂല്യം ഇരുവര്‍ക്കും തുല്യമായി ലഭ്യമാക്കണമെന്ന് സിറ്റി കോടതി സിവില്‍ ജഡ്ജി ബീന ചൗഹാന് പറഞ്ഞു.
1956ലെ ഹിന്ദു വിവാഹനിയമത്തിലെ വകുപ്പ് എട്ട് അനുസരിച്ചാണ് വിധി പ്രഖ്യാപിച്ചത്. ഈ വകുപ്പ് പ്രകാരം മരണപ്പെട്ട പുരുഷന്റെ നിയമപരമായ പിന്തുടര്ച്ചാവകാശികള് അദ്ദേഹത്തിന്റെ ഭാര്യയും അമ്മയുമാണെന്ന് കോടതി പറഞ്ഞു. രാജേഷ് മരിക്കുന്നത് 2003 ഡിസംബര്‍ നാലിനാണ്. വര്‍ഷ അദ്ദേഹത്തിന്റെ നിയമപരമായ ഭാര്യയാണ് അപ്പോള്‍. വര്‍ഷ പുനര്‍വിവാഹം ചെയ്യുന്നത് 2007ലാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷ രാജേഷിന്റെ വിധവയല്ലെന്ന് കരുതാനാകില്ലെന്നുമാണ് കോടതി വിധിയില്‍ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.