ഇന്റർഫേസ് /വാർത്ത /India / Tulasi Gowda | 'കാടിന്റെ സര്‍വ്വവിജ്ഞാനകോശം'; പത്മശ്രീ പുരസ്‌കാരം സ്വീകരിക്കാന്‍ നഗ്നപാദയായി എത്തിയ തുളസി ഗൗഡ

Tulasi Gowda | 'കാടിന്റെ സര്‍വ്വവിജ്ഞാനകോശം'; പത്മശ്രീ പുരസ്‌കാരം സ്വീകരിക്കാന്‍ നഗ്നപാദയായി എത്തിയ തുളസി ഗൗഡ

Tulasi Gowda

Tulasi Gowda

തന്റെ ജീവിതക്കാലത്തിനിടയില്‍ തുളസി പതിനായിരക്കണക്കിന് മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിച്ചിട്ടുണ്ട്.

  • Share this:

ആദിവാസി വിഭാഗത്തില്‍പ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകയായ തുളസി ഗൗഡയെ 'കാടിന്റെ സര്‍വ്വവിജ്ഞാനകോശം' എന്ന് തന്നെ വിളിക്കാം. കാരണം കാടിനെക്കുറിച്ചും മരങ്ങളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും അത്രയധികം അറിവുകള്‍ 72 കാരിയായ തുളസി ഗൗഡയ്ക്കുണ്ട്. മാത്രമല്ല വനസംരക്ഷണത്തിനും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണിവര്‍. അതുകൊണ്ട് തന്നെയാണ് രാജ്യം അവരെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചത്. തിങ്കളാഴ്ച പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി രാഷ്ട്രപതി ഭവനില്‍ എത്തിയ തുളസി ഗൗഡയിലായിരുന്നു രാജ്യപ്രമുഖരുടെ ശ്രദ്ധ.

നഗ്‌നപാദയായി, പരമ്പരാഗത വസ്ത്രമായ സാരി മാത്രം ധരിച്ചായിരുന്നു തുളസി ഗൗഡ എത്തിയത്. ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് ഇന്ത്യയുടെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ഏറ്റുവാങ്ങിയ തുളസി കര്‍ണാടക സ്വദേശിയാണ്. കര്‍ണാടകയിലെ ഹലക്കി ഗോത്ര വിഭാഗത്തില്‍ പെട്ട തുളസി ഒരു ദരിദ്ര കുടുംബത്തിലാണ് വളര്‍ന്നത്. ഔപചാരിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ഇവര്‍ക്ക് അവരുടെ വനപ്രദേശത്തെ വൃക്ഷങ്ങള്‍, സസ്യങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവയെക്കുറിച്ച് വിപുലമായ അറിവാണുള്ളത്. അതുകൊണ്ട് തന്നെ 2021 മുതൽ അവരെ 'കാടിന്റെ സര്‍വ്വവിജ്ഞാനകോശം' എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി.

വനമേഖലയില്‍ വളര്‍ന്ന തുളസിയ്ക്ക് കുട്ടിക്കാലം മുതല്‍ തന്നെ മരങ്ങളെയും ചെടികളെയും കുറിച്ച് അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. പത്ത് വയസ്സുമുതല്‍ അവര്‍ പലതരത്തിലുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പന്ത്രണ്ടാം വയസ്സില്‍ അമ്മയ്‌ക്കൊപ്പം ഒരു നഴ്‌സറിയില്‍ ജോലി ചെയ്യുമ്പോഴാണ് അവര്‍ വനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യം തിരച്ചറിഞ്ഞത്. മുതിര്‍ന്നപ്പോള്‍ വനംവകുപ്പില്‍ താത്കാലിക സന്നദ്ധപ്രവര്‍ത്തകയായി സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. അന്ന് അവരുടെ ജോലിയോടുള്ള ആത്മാ‍ർത്ഥതയും അറിവും വന സംരക്ഷണത്തോടുള്ള താത്പര്യവും അംഗീകരിച്ച് അധികൃതര്‍, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സ്ഥിര ജോലിയും വാഗ്ദാനം ചെയ്തു.

തന്റെ ജീവിതക്കാലത്തിനിടയില്‍ തുളസി പതിനായിരക്കണക്കിന് മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിച്ചിട്ടുണ്ട്. കൂടാതെ ഈ 72-ാം വയസ്സിലും തുളസി ഗൗഡ വിശ്രമ ജീവിതം നയിക്കുകയല്ല. സസ്യങ്ങളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനായി യുവതലമുറയുമായി തന്റെ വിപുലമായ അറിവ് പങ്കിടുകയും ചെയ്യുന്നുണ്ട്.

തുളസി ഗൗഡയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത് രാഷ്ട്രപതി രാം നാഥ് കോവിന്ദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ചിത്രം സഹിതം പങ്കുവിച്ചിരുന്നു. 2020ലെ പത്മ പുരസ്‌കാരങ്ങളായിരുന്നു കഴിഞ്ഞദിവസം രാഷ്ട്രപതി സമ്മാനിച്ചത്. കര്‍ണാടക സ്വദേശിയായ മറ്റൊരു വ്യക്തിയ്ക്കും പത്മശ്രീ ലഭിച്ചിരുന്നു. ഓറഞ്ച് വിറ്റ് സ്‌കൂള്‍ നിര്‍മ്മിച്ച ഹരേകാല ഹജ്ജാബയാണ് സംസ്ഥാനത്ത് നിന്നുള്ള മറ്റൊരു പത്മശ്രീ ജേതാവ്.

First published:

Tags: Padma Awardee, Padma Shri, Tribal woman