ഹിജാബ് (Hijab) ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് AIMIM നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി ( asaduddin owaisi). കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യമെമ്പാടും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് എം.പിയുടെ പരാമര്‍ശം. പ്രസംഗത്തിന്റെ വീഡിയോ ഒവൈസി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
' ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളേജില്‍ പോകും. ജില്ലാ കളക്ടറും മജിസ്ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. അത് കാണാന്‍ ഒരു പക്ഷേ ഞാന്‍ ജീവനോടെ ഉണ്ടാകില്ല. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ.- എന്നാണ് ഒവൈസി പ്രസംഗത്തിനിടെ പറഞ്ഞത്.
നമ്മുടെ പെണ്‍കുട്ടികള്‍ തീരുമാനിച്ചുറപ്പിച്ച് ഹിജാബ് ധരിക്കണമെന്ന് മാതാപിതാക്കളോട് പറഞ്ഞാല്‍ നമ്മള് അതിനെ പിന്തുണക്കണം. ആരാണ് നമ്മളെ തടയുന്നതെന്ന് നോക്കമെന്നും ഒവൈസി പറഞ്ഞു.
കര്‍ണാടകയിലെ ഉടുപ്പി പ്രീ യൂണിവേഴ്സിറ്റി വനിതാ കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ ഇരിക്കണമെന്ന് ആവശ്യപ്പെട്ടത് മുതലാണ് വിവാദം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികളെ പിന്തുണച്ച് മറ്റ് സ്ഥാപനങ്ങളിലും ഹിജാബ് ധരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
അതേസമയം, ഇവരെ എതിര്‍ത്ത് കാവി ഷാള്‍ അണിഞ്ഞ് മറ്റൊരു കൂട്ടം വിദ്യാര്‍ത്ഥികളും എത്തിയതോടെ കര്‍ണാടകയില്‍ 3 ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു. വിദ്യാര്‍ഥികളുടെ ഹര്‍ജി പരിഗണിക്കുന്ന കര്‍ണാടക ഹൈക്കോടതി കേസില്‍ അന്തിമ വിധി വരും വരെ നിലവിലെ യൂണിഫോം ചട്ടങ്ങള്‍ പാലിക്കണമെന്ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. വിധി വരും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും മതപരമായ വസ്ത്രങ്ങള്‍ കോളേജുകളിലും സ്കൂളുകളിലും ധരിക്കരുതെന്നും വ്യക്തമാക്കി.
Hijab Row| എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണം; സുപ്രീംകോടതിയില്‍ പൊതുതാല്പര്യഹര്ജി
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ(Hijab Row) പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ്(common dress code) വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍(Supreme Court) പൊതുതാത്പര്യ ഹര്‍ജി. നിഖില്‍ ഉപാധ്യായ എന്നയാളാണ് ഒരേ ഡ്രസ് കോഡ് എന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം കര്‍ണാടകയിലെ ഹിജാബ് വിവാദം സംബന്ധിച്ച് ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. ഹിജാബ് വിവാദത്തെ ദേശീയ വിഷയമായി ഉയര്‍ത്തിക്കൊണ്ട് വരരുതെന്ന് അഭിഭാഷകരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഉചിതമായ സമയത്ത് ഹര്‍ജി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി.
സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്പെഷല്‍ ലീവ് പെറ്റീഷന് മുതിര്‍ന്ന അഭിഭാഷകന് ദേവദത്ത് കാമത്ത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ഹിജാബ് വിവാദത്തിലെ ഹൈക്കോടതി നിരീക്ഷണങ്ങളെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.