• HOME
  • »
  • NEWS
  • »
  • india
  • »
  • Uttarakhand Assembly Elections | ഉത്തരാഖണ്ഡിൽ ധാമിക്ക് തോൽവി; കാലാവധി തികയ്ക്കാത്ത മുഖ്യമന്ത്രിമാരുടെ ഡെറാഡൂണിലെ ഔദ്യോഗിക വസതി

Uttarakhand Assembly Elections | ഉത്തരാഖണ്ഡിൽ ധാമിക്ക് തോൽവി; കാലാവധി തികയ്ക്കാത്ത മുഖ്യമന്ത്രിമാരുടെ ഡെറാഡൂണിലെ ഔദ്യോഗിക വസതി

ഡെറാഡൂണിൽ സ്ഥിതി ചെയ്യുന്ന മുഖ്യമന്ത്രി ഭവനത്തിൽ താമസിച്ച് അഞ്ച് വർഷം പൂർത്തിയാക്കാൻ കഴിയാതെ പുഷ്കർ സിംഗ് ധാമിയും

പുഷ്കർ സിംഗ് ധാമി ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയ വേളയിൽ

പുഷ്കർ സിംഗ് ധാമി ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയ വേളയിൽ

  • Share this:
    ഡെറാഡൂണിലെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന ആർക്കും ഉത്തരാഖണ്ഡിൽ അഞ്ച് വർഷത്തെ മുഖ്യമന്ത്രി ഭരണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് രാഷ്ട്രീയ ഭേദമന്യേ ഏവരും വിശ്വസിക്കുന്നു. അഞ്ച് കൊല്ലം തികയ്ക്കാത്ത മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതി എന്ന ചീത്തപ്പേരിന് അൽപ്പമെങ്കിലും മാറ്റം വരുത്തിയത് 2002 ൽ മുഖ്യമന്ത്രിയായ എൻ.ഡി. തിവാരി മാത്രമാണ്.

    ബി.ജെ.പി. ഭരണത്തുടർച്ച നിലനിർത്തിയെങ്കിലും, നിലവിലെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണുണ്ടായത്. 6,932 വോട്ടുകൾക്കാണ് ഖാതിമ മണ്ഡലത്തിൽ ധാമി പരാജയം നേരിട്ടത്. കോൺഗ്രസിന്റെ ഭുവൻ കുമാർ കാപ്രിയാണ് ഈ സീറ്റ് നേടിയെടുത്തത്.  ഇതോടു കൂടി ഈ ബംഗ്ളാവിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങൾ വീണ്ടും ചർച്ചചെയ്യപ്പെടുന്നു.

    ത്രിവേന്ദ്ര സിംഗ് റാവത്ത് തന്റെ അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കുന്നതിന് ഒരു വർഷം മുമ്പ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ, സംസ്ഥാനത്തിന്റെ രാഷ്ട്രീയ വലയത്തിൽ ഈ വിശ്വാസം ശക്തമായി.

    2000-ൽ നടന്ന പ്രക്ഷോഭത്തിന് ശേഷം ഉത്തർപ്രദേശിൽ നിന്ന് വേർപെടുത്തിയ ഉത്തരാഖണ്ഡിൽ കഴിഞ്ഞ 21 വർഷത്തിനിടയിൽ മുഖ്യമന്ത്രിമാർ പത്ത് തവണ എങ്കിലും മാറുന്നതിന് സാക്ഷ്യം വഹിച്ചു.

    മുഖ്യമന്ത്രി വസതിയിൽ ആദ്യം താമസിച്ചത് വിജയ് ബഹുഗുണയാണെന്നും അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഇന്ദിര ഹൃദയേഷ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. "ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായപ്പോൾ ഈ വിശ്വാസം ഭയന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഭവനത്തിൽ താമസിച്ചിരുന്നില്ല. ഡെറാഡൂണിലെ ബിജാപൂർ പ്രദേശത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ ഏക മുഖ്യമന്ത്രി എൻ.ഡി. തിവാരിയാണ്. ഈ ഭയം കാരണം പല മുഖ്യമന്ത്രിമാരും അവിടെ താമസിച്ചില്ല. എന്നാൽ ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിയുടെ വസതിയിൽ താമസിക്കാൻ തീരുമാനിച്ചു. ചില വാസ്തു വിദഗ്ധരെയും ഇത് പരിശോധിക്കാൻ കൊണ്ടുവന്നിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, ”അവർ പറഞ്ഞു.

    “ഇപ്പോൾ ചർച്ച ചെയ്യപ്പെടാവുന്ന മറ്റൊരു കാര്യമുണ്ട്. 2013 ലെ കേദാർനാഥ് ദുരന്തത്തിന് ശേഷം വിജയ് ബഹുഗുണയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു, ചമോലി ദുരന്തത്തിന് ശേഷം റാവത്തിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. എന്നാൽ ഇതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള ആളുകൾ ഇത്തരം സംഭവവികാസങ്ങളിൽ ഒരു ആവർത്തനം കണ്ടെത്താൻ ശ്രമിക്കുന്നു, ”ചരിത്രകാരൻ ശേഖർ പഥക് പറഞ്ഞു.

    നിലവിലെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി 2021 ജൂലൈ മാസത്തിൽ ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു. വാസ്തുപരമായി ചില മാറ്റങ്ങൾ വരുത്തിയ ശേഷം മാത്രമാണ് അദ്ദേഹം ഔദ്യോഗിക ഭവനത്തിൽ താമസമാരംഭിച്ചത്.

    60 മുറികളുള്ള ഭവനം ബാഡ്മിന്റൺ കോർട്ട്, നീന്തൽക്കുളം, നിരവധി പുൽത്തകിടികൾ, മുഖ്യമന്ത്രിക്കും സംഘത്തിനും പ്രത്യേക ഓഫീസ് എന്നിവ ഉൾപ്പെടുന്ന കൂറ്റൻ ഘടനയാണ്. ഇതിനു മുൻപ് ഇവിടെ താമസിച്ചിട്ടുള്ള രമേഷ് പൊഖ്രിയാൽ നിഷാങ്ക്, ബി.സി. ഖണ്ഡൂരി, വിജയ് ബഹുഗുണ, ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവർക്ക് പൂർണ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

    Summary: The jinx behind the official residence of Chief Minister situated in Dehradun is discussed again as Pushkar Singh Dhami tastes defeats in Assembly elections
    Published by:user_57
    First published: