ബംഗളുരു: പതിനെട്ട് വയസിൽ താഴെയുള്ളവർക്ക് കോണ്ടം ഉൾപ്പടെയുള്ള ഗർഭനിരോധന ഉപാധികൾ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. കർണാടക ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് (കെഡിസിഡി) പുറത്തിറക്കിയ ഉത്തരവിലാണ് 18 വയസ്സിന് താഴെയുള്ളവർക്ക് ഗർഭനിരോധന ഉറകളും മറ്റ് ഗർഭനിരോധന മരുന്നുകളും വിൽക്കുന്നത് നിരോധിച്ച കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ അനാവശ്യ ഗർഭധാരണത്തെക്കുറിച്ചും ലൈംഗികമായി പകരുന്ന രോഗങ്ങളുടെ (എസ്ടിഡി) അപകടസാധ്യതയെക്കുറിച്ചും ചർച്ചകൾ ഉയർന്നതോടെ ഉത്തരവ് പിൻവലിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ഗർഭനിരോധന ഉറകൾ, വാക്കാലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ, പ്രായപൂർത്തിയാകാത്തവർക്ക് വിഷാദരോഗത്തിനുള്ള മരുന്നുകൾ എന്നിവ വിൽക്കുന്നതിൽ നിന്ന് ഫാർമസിസ്റ്റുകളെ നിരോധിക്കുന്നതായിരുന്നു കർണാടക ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ സർക്കുലറിലുള്ളത്.
“ലൈംഗികമായി പകരുന്ന രോഗങ്ങൾ തടയുന്നതിനും ജനസംഖ്യാ നിയന്ത്രണത്തിനുമാണ് സംസ്ഥാന സർക്കാർ കോണ്ടം പ്രോത്സാഹിപ്പിക്കുന്നത്. എന്നിരുന്നാലും, ഇത് കൗമാരക്കാർക്കോ സ്കൂൾ കുട്ടികൾക്കോ വേണ്ടിയുള്ളതല്ല”- സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഇൻ ചാർജ് ഭാഗോജി ടി ഖാനാപുരെ നേരത്തെ പറഞ്ഞിരുന്നു.
പ്രായപൂർത്തിയാകാത്ത കൗമാരക്കാർക്കായി ഗർഭനിരോധന ഉറകൾ വിൽക്കരുതെന്ന് സർക്കുലറിലുണ്ടായിരുന്നു. എന്നാൽ ഉത്തരവ് വിവാദമായതോടെ ഖാനാപുരെ ഇക്കാര്യത്തിൽ തിരുത്തുമായി രംഗത്തെത്തി, “ഞങ്ങൾ അതിനായി ഒരു സർക്കുലറും പുറപ്പെടുവിച്ചിട്ടില്ല. ഇത് മാധ്യമങ്ങളിൽ തെറ്റായി റിപ്പോർട്ട് ചെയ്തതാണ്”.
കഴിഞ്ഞ വർഷം നവംബറിൽ സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ നിന്ന് കോണ്ടം, സിഗരറ്റ്, വൈറ്റ്നറുകൾ എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് സർക്കുലർ ഇറക്കിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നത് തടയാൻ നടത്തിയ പരിശോധന ഏറെ വിവാദമായിരുന്നു. 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ബാഗുകളിൽ നിന്ന് സെൽഫോണുകൾക്ക് പുറമെ കോണ്ടം, മറ്റ് ഗർഭനിരോധന ഉപാധികൾ, ലൈറ്ററുകൾ, സിഗരറ്റുകൾ, വൈറ്റ്നറുകൾ എന്നിവയും അധികൃതർ കണ്ടെത്തിയിരുന്നു.
വിവാദ ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, വിദഗ്ധരും ഫാർമസിസ്റ്റുകളും ഇത് അനാവശ്യ ഗർഭധാരണങ്ങളും ലൈംഗികമായി പകരുന്ന അണുബാധകളും (എസ്ടിഐ) വർദ്ധിക്കുന്നതിന് ഇടയാക്കുമെന്ന വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.