• HOME
  • »
  • NEWS
  • »
  • india
  • »
  • EPF അക്കൗണ്ടില്‍ നോമിനിയെ ചേര്‍ക്കാനുള്ള അവസാന തീയതി ഡിസംബർ 31; പോര്‍ട്ടലിലെ അപാകതകളില്‍ പരാതിയുമായി ഉപയോക്താക്കൾ

EPF അക്കൗണ്ടില്‍ നോമിനിയെ ചേര്‍ക്കാനുള്ള അവസാന തീയതി ഡിസംബർ 31; പോര്‍ട്ടലിലെ അപാകതകളില്‍ പരാതിയുമായി ഉപയോക്താക്കൾ

അക്കൗണ്ട് ഉടമയ്ക്ക് അത്യാഹിതം എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നോമിനിക്ക് ലഭിക്കും

EPF

EPF

  • Share this:
എംപ്ലോയീസ് പ്രോവിഡിന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (EPFO) നിര്‍ദ്ദേശപ്രകാരം അംഗങ്ങള്‍ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകളില്‍ (PF Account) നോമിനികളെ (Nominee) ചേര്‍ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പലര്‍ക്കും ഈ അനുഭവം അത്ര സുഗമമായിരുന്നില്ല. ഇപിഎഫ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി നോമിനിയെ ചേര്‍ക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായുള്ള പരാതികളാണ് ഉപയോക്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇ-നോമിനേഷന് ശ്രമിക്കുമ്പോഴെല്ലാം എറർ സന്ദേശമാണ് ലഭിക്കുന്നതെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. നോമിനിയെ ചേർക്കാനുള്ള അവസാന തീയതി അടുത്തതോടെ ഈ പ്രശ്‌നങ്ങള്‍ നിരവധി ജീവനക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്.

നിശ്ചിത സമയപരിധിക്കുള്ളില്‍ നോമിനിയെ ചേര്‍ത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ള ഇപിഎഫ്ഒ ലഭ്യമാക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നഷ്ടപ്പെടും. പുതിയ നിയമം അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും. അതിനാല്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ എല്ലാ അക്കൗണ്ട് ഉടമകളും ഡിസംബര്‍ 31നകം അക്കൗണ്ടുകളില്‍ മാറ്റം വരുത്തണം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) വിജ്ഞാപനം അനുസരിച്ച് ഈ വര്‍ഷം ഡിസംബര്‍ 31നകം ജീവനക്കാര്‍ അവരുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് ഒരു നോമിനിയെ ചേര്‍ക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കുകയുള്ളൂ. ഇപ്പോള്‍ ഓണ്‍ലൈനായും നോമിനിയെ ചേര്‍ക്കാന്‍ കഴിയും.



"പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരെ സംരക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ പിഫ്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നിവയിലൂടെ അവരെ സാമ്പത്തികമായി സുരക്ഷിതമാക്കുന്നതിനും ഇപിഫ് വരിക്കാര്‍ അവരുടെ അക്കൗണ്ടിലേക്ക് നോമിനിയെ ചേര്‍ക്കേണ്ടത് വളരെ പ്രധാനമാണ്", ഇപിഎഫ്ഒ പ്രസ്താവനയില്‍ പറഞ്ഞു. പിഎഫ് അക്കൗണ്ട് ഉടമയ്ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അവരുടെ ആശ്രിതര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് നോമിനേഷനിലൂടെ ലക്ഷ്യമിടുന്നത്. അക്കൗണ്ട് ഉടമയ്ക്ക് അത്യാഹിതം എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നോമിനിക്ക് ലഭിക്കും.

എന്നാല്‍, ഇ-നോമിനേഷന്‍ ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉപയോക്താക്കളില്‍ നിന്നുള്ള പരാതികള്‍ ഇപിഎഫ്ഒയുടെ ട്വിറ്റര്‍ പേജില്‍ നിറയുകയാണ്.

"ഇ-നോമിനേഷന്‍ ഫയല്‍ ചെയ്യാല്‍ സാധിക്കുന്നില്ല, എല്ലായ്‌പ്പോഴും പിശക് (error) ഉണ്ടെന്നുള്ള സന്ദേശം ലഭിക്കുന്നു",
"നോമിനേഷന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ സാധിക്കുന്നില്ല, പിന്നീട് ശ്രമിക്കൂ എന്ന സന്ദേശമാണ് ലഭിക്കുന്നത്".. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ട്വിറ്ററിലൂടെ ഉപയോക്താക്കള്‍ പങ്കുവെയ്ക്കുന്നത്.

"രാവിലെയോ ഉച്ചയോ രാത്രിയോ ആകട്ടെ, വെബ്‌സൈറ്റിൽ ലോഗിന്‍ ചെയ്ത് ഇ-നോമിനേഷന്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന സമയങ്ങളിലെല്ലാം തടസ്സമുണ്ടാകുന്നു. ക്രോം ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഞാന്‍ ഉപയോഗിക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദ്ദേശിക്കാമോ?" എന്നാണ് മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍, സര്‍ക്കാരില്‍ നിന്നോ ഇപിഎഫ്ഒയില്‍ നിന്നോ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പള വരുമാനക്കാര്‍ക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ ഒരു അക്കൗണ്ട് ഉണ്ടായിരിക്കും. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷമുള്ള അവരുടെ പ്രധാന വരുമാന സ്രോതസ്സായി ഇത് പ്രവര്‍ത്തിക്കും. റിട്ടയര്‍മെന്റിന് ശേഷം നല്‍കുന്നതിനായി എല്ലാ മാസവും, ഒരു നിശ്ചിത തുക ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് പിഎഫ് അക്കൗണ്ടിലേക്ക് മാറ്റുന്നുണ്ട്. എല്ലാ മാസവും ഇതേ തുക ജീവനക്കാരുടെ കമ്പനിയും പിഎഫ് അക്കൗണ്ടിലേക്ക് നല്‍കും. ഡിസംബര്‍ 31നകം പിഫ് അക്കൗണ്ടില്‍ നോമിനി വിശദാംശങ്ങള്‍ ചേര്‍ത്തിട്ടില്ലാത്ത ജീവനക്കാര്‍ക്ക്, 2022 ജനുവരി മുതല്‍ പെന്‍ഷനും ഇന്‍ഷുറന്‍സ് തുകയും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.
Published by:user_57
First published: