ഇന്ത്യ ചന്ദ്രനെ തൊടാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാൻ രണ്ട് നാളെ പുലർച്ചെ ഇന്ത്യൻ സമയം ഒന്ന് അൻപത്തിയഞ്ചിന് ചന്ദ്രനെ തൊടും. രണ്ടു മലയാളി വിദ്യാർഥികൾ അടക്കം എഴുപത് കുട്ടികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര നിമിഷം വീക്ഷിക്കും.
"ചങ്കിടിക്കുന്ന പതിനഞ്ചു നിമിഷങ്ങൾ" എന്നാണ് ചന്ദ്രനിൽ ഇന്ത്യൻ പേടകം പറന്നിറങ്ങുന്നതിനെ ഐ എസ് ആർ ഒ ചെയർമാൻ കെ. ശിവൻ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാൻ രണ്ട് ചന്ദ്രനെ തൊടുന്നത് കാണാൻ ലോകം ഈ രാത്രി ഉണർന്നിരിക്കും. ബെംഗളൂരുവിലെ ഐ എസ് ആർ ഓ കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുപത് കുട്ടികൾക്കൊപ്പം ചരിത്ര നിമിഷം വീക്ഷിക്കും. കണ്ണൂർ ആർമി പബ്ലിക് സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥി അഹമ്മദ് തൻവീർ, തിരുവനന്തപുരം നന്തൻകോട് ഹോളി ഏഞ്ചൽസ് ഐഎസ്‌സി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനി ശിവാനി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം ചന്ദ്രയാൻ ലാൻഡിംഗ് കാണുന്ന മലയാളി കുട്ടികൾ.
ഇന്ത്യയിലെ നൂറ്റി മുപ്പതു കോടി ജനങ്ങൾ മാത്രമല്ല, ലോകത്തെ ശാസ്ത്ര സ്നേഹികൾ മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റു നോക്കുകയാണ്. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ ഒന്ന് അൻപത്തിയഞ്ചിന് വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നത്. വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പതിയെ ഇറങ്ങുന്ന 15 നിമിഷങ്ങൾ ആണ് ഏറെ നിർണായകം. ലോകത്ത് ഇതുവരെ നടന്ന സോഫ്റ്റ് ലാൻഡിങ്ങുകളിൽ മുപ്പത്തിയേഴു ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്. എങ്കിലും ഇന്ത്യക്ക് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്.
ചന്ദ്രനിൽ മാൻസിനസ് സി, സിംപേലിയസ് എൻ എന്നീ ഗർത്തങ്ങൾക്കിടയിലെ സമതലപ്രദേശത്ത് ആകും ലാൻഡർ ഇറങ്ങുക. വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിക്കഴിഞ്ഞാൽ അതിലെ പ്രഗ്യാൻ റോവർ പുറത്തിറങ്ങും. ഈ റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ നടത്തുന്ന യാത്രയിലാകും ഈ ദൗത്യത്തിലെ പ്രധാന വിവരങ്ങൾ വെളിപ്പെടുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.