നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Alcohol | മദ്യപന്മാർ ജാഗ്രതൈ! പിടിക്കപ്പെട്ടാൽ തടവും പിഴയും; വ്യത്യസ്തമായ പരീക്ഷണവുമായി ഗുജറാത്തിലെ നാറ്റ് സമുദായം

  Alcohol | മദ്യപന്മാർ ജാഗ്രതൈ! പിടിക്കപ്പെട്ടാൽ തടവും പിഴയും; വ്യത്യസ്തമായ പരീക്ഷണവുമായി ഗുജറാത്തിലെ നാറ്റ് സമുദായം

  മദ്യലഹരിയിൽ കണ്ടെത്തുന്ന വ്യക്തികളെ തടവിലിട്ടും അവരിൽ നിന്ന് പിഴ ചുമത്തിയുമാണ് നാറ്റ് സമുദായംഗങ്ങൾ ഗുജറാത്തിലെ 24 ഗ്രാമങ്ങളിലായി ഈ സാമൂഹിക ദൗത്യത്തിന് തുടക്കം കുറിച്ചത്

  News18 Malayalam

  News18 Malayalam

  • Share this:
   മദ്യപാനം എന്ന സാമൂഹിക വിപത്തിനെ ചെറുക്കുന്നതിനായി ഒരു സാമൂഹിക പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് ഗുജറാത്തിലെ ഒരു സമുദായം. മദ്യലഹരിയിൽ കണ്ടെത്തുന്ന വ്യക്തികളെ തടവിലിട്ടും അവരിൽ നിന്ന് പിഴ ചുമത്തിയുമാണ് നാറ്റ് സമുദായംഗങ്ങൾ ഗുജറാത്തിലെ 24 ഗ്രാമങ്ങളിലായി ഈ സാമൂഹിക ദൗത്യത്തിന് തുടക്കം കുറിച്ചത്. ഈ നീക്കം ഫലപ്രദമാകുന്നുണ്ടെന്നും കൂടുതൽ പേർ മദ്യ ഉപഭോഗത്തിൽ നിന്ന് പിന്തിരിയുന്നുണ്ടെന്നുമാണ് സംസ്ഥാനത്തെ നാറ്റ് സമുദായത്തിന്റെ അവകാശവാദം.

   2019 ൽ അഹമ്മദാബാദ് ജില്ലയിലെ മോട്ടിപുര ഗ്രാമത്തിലെ നാറ്റ് സമുദായാംഗങ്ങളാണ് മദ്യപന്മാരെ ഒരു രാത്രി മുഴുവൻ തടവിലിടാനും 1,200 രൂപ പിഴയായി ഈടാക്കാനുമുള്ള ആശയം മുന്നോട്ടു വെച്ചതെന്ന് ഗ്രാമത്തിലെ സർപഞ്ച്‌ ബാബു നായക് പറഞ്ഞു. "മദ്യനിരോധനത്തിന് ശക്തമായ നിയമമുള്ള സംസ്ഥാനമാണെങ്കിലും ഈ സമുദായത്തിനുള്ളിൽ മദ്യ ഉപഭോഗം വളരെ കൂടുതലായിരുന്നു. പിന്നീട് ഈ സമുദായത്തിന്റെ ജനസംഖ്യ കൂടുതലുള്ള 24 ഗ്രാമങ്ങളിലേക്ക് ഈ സാമൂഹിക പരീക്ഷണം വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.

   മദ്യപിക്കുന്നവരെ കണ്ടെത്തി തടവിലിടാൻ ഒരു താൽക്കാലിക തടവറയും ഗ്രാമവാസികൾ സജ്ജീകരിച്ചിട്ടുണ്ട്. മദ്യലഹരിയിൽ പിടിക്കപ്പെട്ടാൽ ഒരു രാത്രി മുഴുവൻ ആ തടവറയിൽ കഴിയണം. ഒരു കുപ്പി വെള്ളവും ഒരു കണ്ടയിനറും മാത്രമേ അവർക്ക് ആ രാത്രി നൽകുകയുള്ളൂ. ഓരോ വർഷവും മദ്യപിച്ച് പിടിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ടെന്നും അത് ഈ പരീക്ഷണം വിജയിച്ചതിന്റെ സൂചനയാണെന്നും ബാബു നായക് പറയുന്നു. അതുകൂടാതെ മദ്യപാനത്തിന്റെ ഭാഗമായുള്ള ഗാർഹിക അതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്കിലും ഗണ്യമായ കുറവുണ്ടായതായും അദ്ദേഹം പറയുന്നു.

   മോട്ടിപുരയിൽ പരീക്ഷണാർത്ഥത്തിൽ ആരംഭിച്ച ഈ നടപടി പിന്നീട് ജാംനഗർ, അമ്രേലി, ഭാവ്നഗർ, സുരേന്ദ്ര നഗർ എന്നീ ജില്ലകളിലെ 24 ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. മൂന്നോ നാലോ മാസത്തിലൊരിക്കൽ കുറഞ്ഞത് ഒരാളെങ്കിലും ഇവിടങ്ങളിൽ മദ്യപാനത്തിന് പിടിക്കപ്പെടാറുണ്ടെന്ന് നാറ്റ്‌ സമുദായത്തിൽപ്പെട്ട രാജേഷ് നായക് സാക്ഷ്യപ്പെടുത്തുന്നു.

   "മദ്യപാനത്തിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതിലൂടെ ഈ ദുഃശീലം മൂലമുണ്ടാകുന്ന നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽ നിന്ന് കൂടി അവരെ രക്ഷിക്കുക എന്ന ലക്ഷ്യമാണ് ഞങ്ങൾക്കുള്ളത്. മദ്യപരിൽ നിന്ന് ഈടാക്കുന്ന പിഴ മതപരവും സാമൂഹ്യവുമായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. പാവപ്പെട്ട ആളുകൾക്ക് പെണ്മക്കളുടെ വിവാഹം നടത്താനും വിധവകൾക്കും ഞങ്ങൾ സാമ്പത്തിക സഹായം നൽകാറുമുണ്ട്", അദ്ദേഹം കൂട്ടിച്ചേർത്തു. സംഗീതോപകരണങ്ങൾ വായിച്ചാണ് ഈ സമുദായത്തിലെ ഭൂരിഭാഗം പേരും ഉപജീവനം നടത്തുന്നതെന്ന് നായക് പറയുന്നു.

   മദ്യത്തിന്റെ ഉത്പാദനം, സംഭരണം, വിൽപ്പന, ഉപഭോഗം എന്നിവ നിയന്ത്രിക്കുന്നതിന് ശക്തമായ നിയമം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. 1960 മെയ് 1 ന് ബോബെ സംസ്ഥാനത്തിൽ നിന്ന് വിഭജിച്ച് പ്രത്യേക സംസ്ഥാനമായി മാറിയത് മുതൽ ഈ നിയമം ഇവിടെ പ്രാബല്യത്തിലുണ്ട്.
   Published by:Karthika M
   First published:
   )}