# പ്രാൺഷു മിശ്ര, ഖാസി ഫരസ് അഹമ്മദ്
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശനം രാജ്യത്താകമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് പുത്തനുണർവാണ് നൽകിയിരിക്കുന്നത്. ഇതോടെ കോൺഗ്രസിനോടുള്ള നിലപാട് പുനഃപരിശോധിക്കാൻ മറ്റു പാർട്ടികളും നിർബന്ധിതരാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയിലേക്ക് പ്രിയങ്ക ഗാന്ധി എത്തിയതോടെ കോൺഗ്രസിന്റെ നിലപാട് പുനഃപരിശോധിക്കാൻ പാർട്ടി തയാറാണെന്ന് സമാജ് വാദി പാർട്ടി നേതാവ് വ്യക്തമാക്കി. സമാജ് വാദി പാർട്ടി മാത്രമല്ല, ബഹുജൻ സമാജ് വാദി പാർട്ടിയും കോൺഗ്രസിന്റെ സമീപകാലത്തെ ഹൃദയഭൂമികയിലെ തെരഞ്ഞെടുപ്പ് വിജയവും പ്രിയങ്കഗാന്ധിയുടെ രംഗപ്രവേശവും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
ഒരു ഡസൻ സീറ്റിലെങ്കിലും കോൺഗ്രസുമായി ധാരണയിലെത്താൻ ഇരുപാർട്ടികളും ശ്രമമാരംഭിച്ചുവെന്നാണ് വിവരം. 2009ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്ലാ സീറ്റിലും മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസിനെക്കാള്‍ രണ്ട് സീറ്റ് കൂടുതല്‍ നേടാനെ സമാജ്‌വാദി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നുള്ളു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ എസ്.പിയെക്കാൾ രണ്ട് സീറ്റ് കുറവ് മാത്രം.
കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ബിജെപി ഇതര വോട്ടുകള്‍ വിഭജിക്കപ്പെടാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഈ നീക്കം. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ നിലവില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യദവിന് താല്‍പര്യമുണ്ടെന്നാണ് വിവരം. ബിഎസ്പി നേതാവ് മായവതി എന്ത് തീരുമാനം എടുക്കും എന്നതിനനുസരിച്ചായിരിക്കും ഈ സഖ്യത്തിന്റെ ഭാവി. എന്നാല്‍ പെട്ടെന്ന് ഇക്കാര്യത്തില്‍ ഒരു നീക്കം നടത്താതെ പ്രിയങ്ക സംസ്ഥാനത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാനാണ് ഇരുനേതാക്കളുടെയും തീരുമാനം.
നേരത്തെ അഖിലേഷ് യാദവിനോടും കോണ്‍ഗ്രസിനോടും തനിക്ക് ഏറെ ബഹുമാനമുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. അവര്‍ സമീപിച്ചാല്‍ ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മൂന്ന് പാര്‍ട്ടികളും ഇതുവരെ നടത്തിയിട്ടില്ല എന്നതും സഖ്യ സാധ്യകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ എസ്‌പി-ബിഎസ്പി സഖ്യത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിനത് വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിക്ക് അത് കനത്ത തിരിച്ചടിയും നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Akhilesh, BSP, Mayavathi, Priyanka Gandhi, Priyanka Gandhi Vadra, Samajwadi party, Twitter, ട്വീറ്റ്, പ്രിയങ്ക ഗാന്ധി, പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിൽ