ന്യൂഡല്‍ഹി: പെഗസസ് ഫോൺ ചോർത്തലിൽ ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്രസർക്കാർ. ഐ.ടി മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച രണ്ട് പേജുള്ള സത്യവാങ്മൂലത്തിലാണ് ഫോൺ ചോർത്തൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നത്.
ഫോൺ ചോർത്തൽ വിവാദം അടിസ്ഥാന രഹിതമാണെന്നും മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണന്നും കേന്ദ്രം വ്യക്തമാക്കി. പെഗസസ് അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ഹർജികൾ ഊഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരിച്ച കേന്ദ്രസർക്കാർ പെഗസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ആരെയും നിരീക്ഷിച്ചിട്ടില്ലെന്നും, ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട എല്ലാ വശവും വിദഗ്ധ സമിതി പരിശോധിക്കുമെന്നും അറിയിച്ചു. ഇതിന് പുറമെ പാർലമെന്റിൽ ഐ.ടി മന്ത്രി നടത്തിയ പ്രസ്താവനയുടെ പകർപ്പും കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറി.
എന്നാൽ വിദഗ്ധ സമിതി രൂപീകരിക്കുന്നതിൽ വലിയ എതിർപ്പ് ഹർജിക്കാർ ഉന്നയിച്ചു. പെഗസസ് ചാര സോഫ്റ്റ്വെയർ വാങ്ങിയോ എന്നതിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തത വരുത്തിയിട്ടില്ലെന്ന് അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
പെഗസസ് ഉപയോഗിച്ചിട്ടില്ലെങ്കിൽ വിദഗ്ധ സമിതിയുടെ തന്നെ ആവശ്യമില്ലെന്നും പെഗസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വിദഗ്ധ സമിതിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും സിബൽ ചോദ്യം ഉന്നയിച്ചു. ഇതിന് പുറമെ സത്യവാങ്മൂലത്തിലും സമിതിയുടെ കാര്യത്തിലും സുപ്രിംകോടതിയും സംശയങ്ങളുന്നയിച്ചു. ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചോ ഇല്ലയോ എന്നത് വിദഗ്ധർക്ക് പരിശോധിക്കാം. ഇതിനുള്ള അനുവാദം ആര് നൽകി തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നും ഇതാര് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ചോദ്യം ഉന്നയിച്ചു.
പെഗസസ് വാങ്ങിയോ എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും എന്തുകൊണ്ടാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാത്തതെന്നും ചോദിച്ച കോടതി പറയാനുള്ളത് മുഴുവൻ സത്യവാങ്മൂലത്തിൽ വിശദമാക്കാനും നിർദേശിച്ചു. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയുമോയെന്ന് നാളെ അറിയിക്കാനും സോളിസിറ്റർ ജനറലിന് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.