• HOME
  • »
  • NEWS
  • »
  • india
  • »
  • ക്രൈസ്തവർക്കെതിരായ ആക്രമണം; ഹർജി പരിഗണിക്കുന്നത് വൈകിപ്പിച്ചതായി റിപ്പോർട്ട്; ഞങ്ങൾക്കും വിശ്രമം വേണമെന്ന് സുപ്രീം കോടതി

ക്രൈസ്തവർക്കെതിരായ ആക്രമണം; ഹർജി പരിഗണിക്കുന്നത് വൈകിപ്പിച്ചതായി റിപ്പോർട്ട്; ഞങ്ങൾക്കും വിശ്രമം വേണമെന്ന് സുപ്രീം കോടതി

''ഞങ്ങൾക്ക് ഇടക്ക് വിശ്രമം തരൂ'' -ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും സൂര്യ കാന്തും അധ്യക്ഷരായ ബെഞ്ച്

  • Last Updated :
  • Share this:
    സുപ്രീം കോടതി (Supreme Court)  ജഡ്ജിമാർക്കെതിരെ സംസാരിക്കുന്നതിന് പരിധിയുണ്ട്; ഞങ്ങൾക്കും വിശ്രമം തരൂ: സുപ്രീം കോടതി

    ജഡ്ജിമാർക്കെതിരെ സംസാരിക്കുന്നതിന് ഒരു പരിധിയുണ്ടെന്ന് സുപ്രീം കോടതി (Supreme Court). രാജ്യത്തുടനീളം ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും പുരോഹിതന്മാർക്കും എതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്നു എന്നാരോപിച്ചുള്ള ഹർജിയിൽ വാദം കേൾക്കുന്നത് കോടതി വൈകിപ്പിക്കുകയാണെന്ന വാർത്താ റിപ്പോർട്ടുകളിൽ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു പരാമർശം. ''ഞങ്ങൾക്ക് ഇടക്ക് വിശ്രമം തരൂ''
    എന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും സൂര്യ കാന്തും അധ്യക്ഷരായ ബെഞ്ച് പറഞ്ഞു.

    ''എനിക്ക് കോവിഡ് ബാധിച്ചതിനാൽ കഴിഞ്ഞ തവണ ഹർജി പരി​ഗണിക്കാൻ കഴിഞ്ഞില്ല. സുപ്രീം കോടതി മന:പൂർവം വാദം കേൾക്കൽ വൈകിപ്പിക്കുകയാണെന്നാണ് പത്രങ്ങളിൽ വന്ന വാർത്ത. ജഡ്ജിമാർക്കെതിരെ സംസാരിക്കുന്നതിന് ഒരു പരിധിയുണ്ട്. ആരാണ് ഈ വാർത്തകൾ എല്ലാം നൽകുന്നത്? ജഡ്ജിമാർ വാദം കേൾക്കുന്നത് വൈകിപ്പിക്കുന്നു എന്നാണ് ഞാൻ ഓൺലൈനിൽ കണ്ട വാർത്ത. ഞങ്ങൾക്കും ഒരു ഇടവേള തരൂ. ജഡ്ജിമാരിൽ ഒരാൾക്ക് കോവിഡ് ബാധിച്ചതിനാൽ ഞങ്ങൾക്ക് ഹർജി പരി​ഗണിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ അത് പരിഗണിച്ചിരുന്നെങ്കിൽ തന്നെ, മറ്റൊരു തരത്തിലാകും വാർത്ത പ്രത്യക്ഷപ്പെടുക'', ബെഞ്ച് നിരീക്ഷിച്ചു.

    രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും പുരോഹിതന്മാർക്കുമെതിരെ ഓരോ മാസവും ശരാശരി 45 മുതൽ 50 വരെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ജൂണിൽ അവധിക്കാല ബെഞ്ചിന് മുൻപാകെ പറഞ്ഞിരുന്നു.

    ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും തെഹ്‌സീൻ പൂനാവാല വിധിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പിലാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. 2018ൽ, ഈ വിഷയത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി നിരവധി മാർഗനിർദേശങ്ങൾ സുപ്രീം കോടതി നൽകിയിരുന്നു. വേഗത്തിലുള്ള വിചാരണകൾ, ഇരകൾക്കുള്ള നഷ്ടപരിഹാരം, ശിക്ഷ, അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വിദ്വേഷ കുറ്റകൃത്യങ്ങൾ,ഗോസംരക്ഷണം മുൻനിർത്തിയുള്ള ആക്രമണങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾ മുളയിലേ നുള്ളിക്കളയണമെന്നും കോടതി പറഞ്ഞിരുന്നു.

    ജസ്റ്റിസ് എൻ.വി രമണയും കഴിഞ്ഞ ദിവസം മാധ്യമങ്ങളെ ശകാരിച്ചിരുന്നു. കംഗാരു കോടതികൾ നടത്തുന്നതിനെതിരെയും ജുഡീഷ്യൽ വിഷയങ്ങളിൽ മാധ്യമ വിചാരണ നടത്തുന്നതിനെതിരെയും ആയിരുന്നു വിമർശനം. ചില അജണ്ടകളെ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങൾ നടത്തി മാധ്യമങ്ങൾ അതിരുകടക്കുന്നു എന്നും ഉത്തരവാദിത്തങ്ങൾ മറക്കുന്നു എന്നും ജനാധിപത്യത്തെ പിന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളാണ് ഇക്കാര്യത്തിൽ മുന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. "വസ്തുതകൾ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കേണ്ടത് മാധ്യമ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇന്ത്യയിൽ നിലവിലുള്ള സാമൂഹിക സാഹചര്യത്തിൽ, അച്ചടിച്ചതെന്തും സത്യമാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. മാധ്യമങ്ങൾ അതിനെ ഒരു ഉപകരണമായി ഉപയോഗിക്കാതെ സത്യസന്ധമായ പത്രപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. മറ്റാരുടെയെങ്കിലും സ്വാധീനത്താലോ ബിസിനസ് താൽപര്യങ്ങൾ മുൻനിർത്തിയോ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്'', ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.
    Published by:Amal Surendran
    First published: