Airports | ഇന്ത്യയിലെ 25 വിമാനത്താവളങ്ങളിൽ രാത്രി ലാൻഡിങ് സൗകര്യമില്ല: വ്യോമയാന മന്ത്രാലയം
Airports | ഇന്ത്യയിലെ 25 വിമാനത്താവളങ്ങളിൽ രാത്രി ലാൻഡിങ് സൗകര്യമില്ല: വ്യോമയാന മന്ത്രാലയം
രാജ്യത്ത് ആകെ 100ലധികം വിമാനത്താവളങ്ങളാണുള്ളത്. ഇതിലാണ് 25 വിമാനത്താവളങ്ങളിൽ രാത്രി ലാൻഡിങ് സൗകര്യം ഇല്ലാത്തത്
(File photo/Reuters)
Last Updated :
Share this:
ഇന്ത്യയിൽ 25 വിമാനത്താവളങ്ങളിൽ രാത്രിയിൽ ലാൻഡ് ചെയ്യുന്നതിനുള്ള സൗകര്യമില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം. കുശിനഗർ വിമാനത്താവളം, ഷിംല വിമാനത്താവളം, അടുത്തിടെ ജാർഖണ്ഡിൽ ഉദ്ഘാടനം ചെയ്ത ദിയോഘർ വിമാനത്താവളം എന്നിവയെല്ലാം ഈ പട്ടികയിൽ പെടുന്നവയാണ്. ഇത്തരം വിമാനത്താവളങ്ങൾ നവീകരിക്കാനോ സൗകര്യം മെച്ചപ്പെടുത്താനോ ഉള്ള നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ), മറ്റ് എയർപോർട്ട് അധികൃതരും ചേർന്നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പോവുന്നത്.
ഭൂമിയുടെ ലഭ്യത, വാണിജ്യ സാദ്ധ്യത, സാമൂഹിക-സാമ്പത്തിക പരിഗണനകൾ, യാത്രക്കുള്ള ഡിമാൻഡ് എന്നിവ പരിഗണിച്ചായിരിക്കും ഈ 25 വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. ഈ വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നതിനുള്ള എയർലൈനുകളുടെ സന്നദ്ധതയും പരിഗണിക്കും. ഭൂമിയുടെ ലഭ്യതയും, എയർലൈനുകളുടെ ആവശ്യകതയും പരിഗണിച്ചാണ് നിലവിൽ നൈറ്റ് ലാൻഡിങ് സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹിമാചൽ പ്രദേശിലെ കുളു, ധരംശാല, ഛത്തീസ്ഗഡിലെ ബിലാസ്പൂർ, ജഗദൽപൂർ, കർണാടകയിലെ കലബുർഗി, മഹാരാഷ്ട്രയിലെ കോലാപൂർ, സിന്ധുദുർഗ്, പഞ്ചാബിലെ ലുധിയാന എന്നീ വിമാനത്താവളങ്ങളെല്ലാം നൈറ്റ് ലാൻഡിങ് സൗകര്യമില്ലാത്തവയുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്.
കോലാപൂർ വിമാനത്താവളത്തിൽ രാത്രി ലാൻഡിംഗ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിൻെറ ഭാഗമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഒരു സംഘം 2022 ജൂൺ 10-ന് വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു. ഡിജിസിഎയുടെ എല്ലാ നിർദ്ദേശങ്ങളും പാലിച്ച് കൊണ്ട് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ എഎഐ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് ആകെ 100ലധികം വിമാനത്താവളങ്ങളാണുള്ളത്. ഇതിലാണ് 25 വിമാനത്താവളങ്ങളിൽ രാത്രി ലാൻഡിങ് സൗകര്യം ഇല്ലാത്തത്. യാത്രക്കാരുടെ തിരക്ക് കുറവായത് കൊണ്ടാണ് ഈ വിമാനത്താവളങ്ങളിൽ സൗകര്യം കുറവായതെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളും നിയന്ത്രിക്കുന്നത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്. രാത്രി ലാൻഡിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രത്യേകമായ പരിഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു. ചില മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചായിരിക്കും വിമാനത്താവളങ്ങൾ നവീകരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെ ഭൂരിപക്ഷം വിമാനത്താവളങ്ങളിലും നൈറ്റ് ലാൻഡിങ് സംവിധാനമുണ്ട്. പ്രധാന നഗരങ്ങളിലെ എയർപോർട്ടുകളിലൊന്നും തന്നെ ഈ പ്രശ്നമില്ല. വളരെ കുറച്ച് വിമാനത്താവളങ്ങളിൽ മാത്രമാണ് ഈ സൗകര്യം ഇല്ലാത്തത്. യാത്രക്കാരുടെ എണ്ണക്കുറവ് തന്നെയാണ് ഇതിന് പ്രധാനകാരണം. യാത്രക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഭൂമി ഏറ്റെടുപ്പ് അടക്കമുള്ള പ്രവർത്തനങ്ങളിലേക്ക് അധികൃതർ നീങ്ങും. എന്നാൽ ആവശ്യത്തിന് ഡിമാൻഡ് ഇല്ലാതെ നവീകരണ പ്രവർത്തികൾ തുടങ്ങില്ല. മാനദണ്ഡങ്ങൾ പരിഗണിച്ച് ഏത് വിമാനത്താവളമാണ് ആദ്യം നവീകരിക്കേണ്ടതെന്ന് തീരുമാനിക്കും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് തന്നെയാണ് എല്ലാ പ്രവർത്തനങ്ങളുടേയും ഉത്തരവാദിത്വം ഉണ്ടായിരിക്കുക.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.