• HOME
  • »
  • NEWS
  • »
  • india
  • »
  • Hardik Patel | 'അവർ രാമക്ഷേത്രം നിർമ്മിച്ചു'; ബിജെപി അനുകൂല പരാമർശങ്ങളുമായി ഹാർദിക് പട്ടേൽ

Hardik Patel | 'അവർ രാമക്ഷേത്രം നിർമ്മിച്ചു'; ബിജെപി അനുകൂല പരാമർശങ്ങളുമായി ഹാർദിക് പട്ടേൽ

രാമക്ഷേത്ര നിർമ്മാണത്തിലും കശ്മീരിന്‍റെ സ്വയംഭരണ പദവി എടുത്തുകളഞ്ഞതിയും ഹാർദ്ദിക് പട്ടേൽ മോദി സർക്കാരിനെ അഭിനന്ദിച്ചു.

Hardik-patel

Hardik-patel

  • Share this:
അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റും സമുദായ നേതാവുമായ ഹാർദിക് പട്ടേൽ ബിജെപിയുമായി അടുക്കുന്നുവെന്ന് സൂചന. അടുത്തിടെ ഗുജറാത്തിലെ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹാർദിക് പട്ടേൽ, ബിജെപിയെ അനുകൂലിക്കുന്ന പരാമർശങ്ങൾ നടത്തിയതോടെയാണിത്. രാമക്ഷേത്രം നിർമ്മിച്ചതിന് ബിജെപിയെയും നരേന്ദ്ര മോദിയെയും ഹാർദിക് പട്ടേൽ പുകഴ്ത്തി. ബിജെപിയില്‍ ചില കാര്യങ്ങള്‍ നല്ലതാണെന്നും സത്യം അംഗീകരിക്കണമെന്നും ഹാര്‍ദിക് പട്ടേല്‍ ദിവ്യഭാസ്ക്കർ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ ഹാര്‍ദിക്കിന്റെ നിലപാട് കോണ്‍ഗ്രസിൽ ആശയകുഴപ്പം വർദ്ധിപ്പിക്കുകയാണ്.

ബിജെപിയിൽ ചേരുകയാണോയെന്ന ചോദ്യത്തിന് ഹാർദിക് പട്ടേൽ നൽകിയ മറുപടിയും കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. 'അങ്ങനെയൊരു ഓപ്ഷൻ മുന്നിലുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടെ ഭാവി കൂടി നോക്കണമല്ലോ. ബിജെപിക്ക് ശക്തമായ തീരുമാനമെടുക്കാനുള്ള കഴിവുണ്ട്'. ബിജെപി ഈയിടെ നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങള്‍ കരുത്തുറ്റതാണെന്ന് ഹാർദ്ദിക് പട്ടേൽ ചൂണ്ടിക്കാട്ടി. രാമക്ഷേത്ര നിർമ്മാണത്തിലും കശ്മീരിന്‍റെ സ്വയംഭരണ പദവി എടുത്തുകളഞ്ഞതിയും ഹാർദ്ദിക് പട്ടേൽ മോദി സർക്കാരിനെ അഭിനന്ദിച്ചു. അവര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശത്രു ആയിരിക്കാം. പക്ഷേ, ചിലത് സത്യമാണെങ്കില്‍ അംഗീകരിക്കപ്പെടണം. കോണ്‍ഗ്രസ് ശക്തിപ്പെടണമെങ്കില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കാനുള്ള ശക്തി നേടിയെടുക്കണമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റിന്റെ പുതിയ പ്രതികരണം കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്. പട്ടേല്‍ പ്രക്ഷോഭങ്ങളുടെ നേതൃത്വത്തില്‍ നിന്ന് 2017ഓടെ ആയിരുന്നു കോണ്‍ഗ്രസിലേക്കുള്ള ഹാര്‍ദിക്കിന്റെ കടന്നുവരവ്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ഉണ്ടായിരുന്ന വിലക്ക് അവസാനിച്ചതും ഈയിടെയായിരുന്നു. ഇത്തവണ ഗുജറാത്തില്‍ ഭരണം പിടിക്കാന്‍ ഉറച്ചുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് ഹാര്‍ദിക്കിന്റെ നിലപാട് തിരിച്ചടിയായേക്കും.

കോൺഗ്രസിനെ പ്രകീർത്തിച്ച് 6 ചോദ്യങ്ങൾ; രാജസ്ഥാനിലെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പർ വിവാദത്തിൽ

വ്യാഴാഴ്ച നടന്ന രാജസ്ഥാൻ (Rajasthan) ബോർഡ് 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് (Political Science) പരീക്ഷയിൽ സംസ്ഥാനത്തെ നിലവിലെ ഭരണകക്ഷിയായ കോൺഗ്രസുമായി ബന്ധപ്പെട്ട് വന്നത് ആറ് ചോദ്യങ്ങൾ. കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ കുറിച്ചായിരുന്നു മിക്ക ചോദ്യങ്ങളും. പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് ചായ്‌വുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് അസാധാരണമാണ്. സംസ്ഥാന ബോർഡ് പരീക്ഷകളിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെക്കുറിച്ച് ഇത്രയധികം ചോദ്യങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമാണ്.

'ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ആരുടേതാണ്?', 'കോൺഗ്രസിന്റെ സാമൂഹികവും ബൗദ്ധികവുമായ സഖ്യങ്ങളെ കുറിച്ച് വിവരിക്കുക', '1984ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്ര സീറ്റ് നേടി?', 'ആദ്യത്തെ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിലും ആധിപത്യം പുലർത്തിയ രാഷ്ട്രീയ പാർട്ടി ഏതാണ്?', '1971ലേത് കോൺഗ്രസിനെ ഭരണത്തിൽ പുനഃസ്ഥാപിക്കുന്നതിനുള്ള തെരഞ്ഞെടുപ്പായിരുന്നു. ഈ പ്രസ്താവന വിശദീകരിക്കുക' എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.

കമ്മ്യൂണിസ്റ്റ് പാർട്ടി വിഭജനവുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ബി.എസ്.പിയെ കുറിച്ചുള്ള ചോദ്യവും ഉണ്ടായിരുന്നു.

12-ാം ക്ലാസ് രാജസ്ഥാൻ ബോർഡ് പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിൽ 'ഒരു രാഷ്ട്രീയ പാർട്ടിയുടെ ആധിപത്യവും കോൺഗ്രസ് സംവിധാനവും: വെല്ലുവിളികളും സ്ഥാപനവും' എന്ന അധ്യായം ഉള്ളതിനാൽ കോൺഗ്രസിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത് സാധാരണമാണെന്ന് അക്കാദമിക് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, ഒരു പ്രത്യേക പാർട്ടിയെ പ്രശംസിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെട്ടത് എതിർപ്പുകൾക്ക് കാരണമായിട്ടുണ്ട്.

Also Read- Jahangirpuri | 'കസേരയും മേശയും നീക്കാനാണോ ബുൾഡോസർ?' ജഹാംഗിർപുരിയിൽ കൈയ്യേറ്റം ഒഴിപ്പിക്കലിൽ രണ്ടാഴ്ചത്തേക്ക് തൽസ്ഥിതി തുടരാമെന്ന് സുപ്രീം കോടതി

ഈ വർഷമാദ്യം, സിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ, 2002 ലെ കലാപ സമയത്ത് ഗുജറാത്ത് ഭരിച്ചിരുന്ന പാർട്ടി ഏതെന്ന ചോദ്യം വന്നിരുന്നു. ചോദ്യം പിന്നീട് റദ്ദാക്കുകയും എല്ലാ വിദ്യാർത്ഥികൾക്കും അതിനുള്ള മാർക്ക് നൽകുകയും ചെയ്തു. പുതിയ ചോദ്യപേപ്പർ സംബന്ധിച്ച് ആർബിഎസ്ഇയിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. ഈ ചോദ്യങ്ങൾ തെറ്റാണെന്ന് കണ്ടാൽ, വിദ്യാർത്ഥികൾക്ക് മാർക്ക് നൽകേണ്ടിവരും.

ഓരോ വർഷവും 9 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രാജസ്ഥാൻ ബോർഡ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. മാർച്ചിൽ ആരംഭിച്ച പരീക്ഷകൾ ഉടൻ അവസാനിക്കും. ബോർഡിന്റെ ഫലങ്ങൾ മെയ് മാസത്തിൽ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം, രാജസ്ഥാൻ ബോർഡ് 12-ാം പരീക്ഷയിൽ, 91.96 ശതമാനം വിദ്യാർത്ഥികൾ സയൻസിലും 94.49 ശതമാനം പേർ കൊമേഴ്സിലും 90.70 ശതമാനം പേർ ആർട്സ് സ്ട്രീമിലും വിജയിച്ചു.
Published by:Anuraj GR
First published: