ന്യൂഡൽഹി: ഡൽഹി കലാപത്തിലെ വൈറലായ ചിത്രത്തിൽ മർദനമേറ്റ് ചോരയൊലിപ്പിക്കുന്ന ആ മനുഷ്യനാണ് മുഹമ്മദ് സുബൈർ. പള്ളിയിൽ നമസ്കാരത്തിനും കുട്ടികൾക്ക് മിഠായി വാങ്ങാനും പുറത്തിറങ്ങിയതായിരുന്നു അദ്ദേഹം. ഈ സമയം അക്രമകാരികൾ ഇരുമ്പ് വടികളും ലാത്തികളുമായി ക്രൂരമർദനം അഴിച്ചുവിടുകയായിരുന്നു.
തന്നെ വംശീയമായി അധിക്ഷേപിക്കുകയും ബിജെപി നേതാവ് കപിൽ മിശ്രയുടെ പേരുപറഞ്ഞ് മർദിക്കുകയുമായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മുഹമ്മദ് സുബൈർ പറയുന്നു.
Also Read-
Delhi Violence: കലാപം വർഗീയതയല്ല, മാനസികവിഭ്രാന്തിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
'ഞാൻ തളർന്നുവീഴുന്നതുവരെ അവർ എന്നെ മർദിച്ചു. ഞാൻ യാചിച്ചെങ്കിലും ക്രൂരമായി തല്ലുന്നത് തുടർന്നു. അവർ എനിക്കുമേൽ വർഗീയ അധിക്ഷേപം ചൊരിഞ്ഞു. മര്‍ദിക്കുന്നതിനിടെ കപിൽ മിശ്രയുടെ പേരും പറഞ്ഞു. കൂടുതലൊന്നും ഓർമയില്ല. എന്റെ കുട്ടികൾ സുരക്ഷിതരായിക്കണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ആ ഫോട്ടോയിലേക്ക് നോക്കാൻ കഴിയുന്നില്ല. എന്റെ കാലുകൾ വേദനയാൽ വിറയ്ക്കുകയാണ്'- സുബൈർ പറഞ്ഞു.
ബോധം മറയുന്നതുവരെ അക്രമി സംഘം സുബൈറിനെ മർദിച്ചു. കൈയിലും കാലിലും നിരവധി പരിക്കുകളാണ് അദ്ദേഹത്തിനുള്ളത്. ജിടിബി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ അടുത്ത ബന്ധുവിനൊപ്പം സംഘർഷം നടന്നതിന് ഏറെ ദൂരെയുള്ള മറ്റൊരിടത്താണ് താമസം.
Also Read-
Delhi violence|അമിത്ഷാ രാജിവെയ്ക്കണം; കേന്ദ്രത്തോട് ആറ് ചോദ്യങ്ങളുമായി സോണിയ ഗാന്ധി
തൊഴിലാളിയായ മുഹമ്മദ് സുബൈറിന് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണുള്ളത്. എല്ലാവർക്കും ആറു വയസ്സിൽ താഴെയാണ് പ്രായം. പേടി കാരണം കുട്ടികളെ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലേക്ക് മാറ്റി. മറ്റു കുടുംബാംഗങ്ങളെല്ലാം സംഘർഷം നടന്ന ചാന്ദ്ബാഗിൽ തന്നെയാണ്.
ഭീതിയോടെയാണ് സുബൈറിന്റെ കുടുബം കഴിയുന്നതെന്നാണ് റിപ്പോർട്ട്. സുബൈറിന്റെ സഹോദരൻ കുടുംബാംഗങ്ങളെ രണ്ടുമുറികളുള്ള വീട്ടിൽ അടച്ചിട്ടിരിക്കുകയാണ്. ഇപ്പോൾ പരാതി നൽകുന്നതിനെ സഹോദരൻ അനുകൂലിക്കുന്നില്ല. അതിജീവനത്തിനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഡൽഹിയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 11 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.