ഇന്ത്യയിൽ റോഡുകളിലെ കുഴികൾ മൂലം വർഷാവർഷം ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെടാറുള്ളത്. ഈ സാമൂഹ്യ പ്രശ്നത്തിന് ഒരറുതി വരുത്താനായി സ്വയം ഇറങ്ങി തിരിച്ചിരിക്കുകയാണ് ഹൈദരാബാദ് സ്വദേശികളായ വയോധിക ദമ്പതികൾ. കഴിഞ്ഞ പതിനൊന്ന് വർഷക്കാലമായി സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി കൊണ്ട് റോഡുകളിലെ കുഴികൾ നികത്താൻ ശ്രമിക്കുകയാണ് ഈ ദമ്പതികൾ.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി നഗരത്തിലെ തിരക്കു പിടിച്ച നിരവധി റോഡുകളിലൂടെയും കവലകളിലൂടെയും യാത്ര ചെയ്യുന്ന ദമ്പതികൾ കുഴികൾ മൂലം ഉണ്ടാകാറുള്ള അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് സ്വയം സന്നദ്ധരായി ഈ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നത്. 73 വയസുകാരനായ ഗംഗാധർ തിലക് കട്നയും 64കാരിയായ ഭാര്യ വെങ്കടേശ്വരി കട്നയും ചേർന്ന് സ്വന്തം കാറിൽ നിരത്തുകളിലേക്ക് ഇറങ്ങുകയും യാത്ര ചെയ്യുന്ന വഴിയിൽ കാണുന്ന കുഴികൾ നികത്തുകയും ചെയ്യുന്നതായി എ എൻ ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
വോട്ട് ചെയ്യാനായി ആറു മണിക്കൂറോളം വരിയിൽ നിന്നു; കള്ളവോട്ട് ചെയ്തതിന് അറസ്റ്റിൽ
'സ്വയം കുഴികൾ നികത്താൻ ഞാൻ തീരുമാനിക്കുകയായിരുന്നു. പെൻഷനായി ലഭിക്കുന്ന തുകയിൽ നിന്നാണ് ഇതിനായി പണം കണ്ടെത്തുന്നത്. ഇതുവരെ 2,000 കുഴികൾ ഞങ്ങൾ നികത്തിയിട്ടുണ്ട്. അതിനായി ആകെ 40 ലക്ഷം രൂപയാണ് ചെലവായിട്ടുള്ളത്' - ഗംഗാധർ എ എൻ ഐയോട് പറഞ്ഞു. റോഡുകളിലെ കുഴികളിൽ വീണും മറ്റും നിരവധി യാത്രക്കാർ അപകടങ്ങളിൽപ്പെടുന്നത് കണ്ടിട്ടാണ് ഈ ദൗത്യം സ്വന്തമായി ഏറ്റെടുക്കാൻ തീരുമാനിച്ച് മുന്നോട്ട് വന്നതെന്ന് ഗംഗാധർ പറയുന്നു.
Telangana: An elderly couple have been filling potholes in Hyderabad for past 11 years
ആളുകൾ സ്നേഹപൂർവം അദ്ദേഹത്തെ 'റോഡ് ഡോക്ടർ' എന്നാണ് വിളിക്കാറുള്ളത്. നിരവധി തവണ അധികൃതർക്കും പൊലീസിനും മുൻസിപ്പാലിറ്റിക്കുമൊക്കെ പരാതികൾ കൊടുത്തിട്ടുണ്ടെങ്കിലും അവരിൽ നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സ്വന്തമായി ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ഉറച്ചതെന്നും അദ്ദേഹം പറയുന്നു.
'മുംബൈയിലെ മദർ തെരേസ'; 50 ആദിവാസി കുട്ടികളെ ദത്തെടുത്ത് രഹെന ഷെയ്ഖ് എന്ന പൊലീസുകാരി
ഇന്ത്യൻ റെയിൽവേയിലെ ഉദ്യോഗസ്ഥനായിരുന്ന ഗംഗാധർ 35 വർഷക്കാലത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഭാര്യയോടൊപ്പം ഹൈദരാബാദിലേക്ക് താമസം മാറുകയും ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ എഞ്ചിനീയറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, നഗരത്തിലെ റോഡുകളുടെ ദയനീയാവസ്ഥയും റോഡപകടങ്ങളും കണ്ട് മനസ് മാറിയ ഗംഗാധർ ജോലി ഉപേക്ഷിക്കുകയും മുഴുവൻ സമയവും ഈ സന്നദ്ധപ്രവർത്തനത്തിന് നീക്കി വെയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഗംഗാധറിന്റെ ശ്രമങ്ങൾ ഫലവത്താവുകയും അധികൃതരിൽ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിക്കുകയും ചെയ്യുന്നുണ്ട്. കുഴികൾ മൂടുന്നതിന് ആവശ്യമായ ഉപകരണങ്ങളും മറ്റു സഹായങ്ങളും അധികൃതർ ഇപ്പോൾ നൽകുന്നുണ്ട്. 'ശ്രമദാൻ' എന്ന പേരിൽ ഒരു സംഘടനയ്ക്കും ഗംഗാധർ തുടക്കമിട്ടിട്ടുണ്ട്. കുഴികൾ നികത്താൻ അവശ്യസാധനങ്ങൾ വാങ്ങാനായി ആളുകൾ ഈ സംഘടന വഴി സംഭാവനകൾ നൽകുന്നു. "ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കാൻ തീരുമാനിച്ചാൽ പല വലിയ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ നമുക്ക് പരിഹരിക്കാൻ കഴിയും' - ഗംഗാധർ പറഞ്ഞതായി എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.