നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Inventor | കാഴ്ച പരിമിതർക്ക് വായിക്കാനും വരയ്ക്കാനും ജ്യാമിതിപഠിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യയുമായി ഗോവ സ്വദേശി

  Inventor | കാഴ്ച പരിമിതർക്ക് വായിക്കാനും വരയ്ക്കാനും ജ്യാമിതിപഠിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യയുമായി ഗോവ സ്വദേശി

  കാഴ്ചയില്ലാത്തവർക്ക് സഹായകമാകുന്ന മറ്റ് പല കണ്ടുപിടുത്തങ്ങളും പോള്‍ നടത്തിയിട്ടുണ്ട്

  • Share this:
   'പ്രതിഭ എന്നത് ഒരു ശതമാനം പ്രചോദനവും 99 ശതമാനം പ്രയത്‌നവുമാണ്' എന്ന് പറഞ്ഞത് ലോക പ്രശസ്ത ശാസ്ത്രഞ്ജനായ (Scientist) തോമസ് ആല്‍വ എഡിസണാണ് (Thomas Alva Edison). എന്നാല്‍ തുടര്‍ച്ചയായി ഓരോരോ കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന പോള്‍ ഡിസൂസയ്ക്ക് (Paul Dsouza) പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ ആ ഒരു ശതമാനം പ്രചോദനം മാത്രം മതിയാകും. അതുകൊണ്ടാണ്, കാഴ്ചയില്ലാത്ത തന്റെ സുഹൃത്തായ ടിഫാനി ബ്രാര്‍ കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന എന്തെങ്കിലും സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോള്‍ 'ടിഫി ടെംപ്ലേറ്റ്' ഉണ്ടാക്കിയത്.

   നോട്ട് നിരോധനം വന്ന് നോട്ടുകളുടെ വലുപ്പം മാറിയത് വരെ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം കാഴ്ചയില്ലാത്ത ഏതൊരു വ്യക്തിക്കും ഇത് സൗജന്യമായി ലഭ്യമായിരുന്നു. ഇതുള്‍പ്പടെ കാഴ്ചയില്ലാത്തവർക്ക് സഹായകമാകുന്ന മറ്റ് പല കണ്ടുപിടുത്തങ്ങളും പോള്‍ നടത്തിയിട്ടുണ്ട്. തന്റെകണ്ടുപിടുത്തങ്ങള്‍ക്ക് അംഗീകാരമായി ഈ വര്‍ഷം 'നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് എംപ്ലോയ്മെന്റ് ഫോര്‍ ഡിസേബിള്‍ഡ് പീപ്പിള്‍ (NCPEDP - National Centre for Promotion of Employment for Disabled People)- എംഫസിസ് യൂണിവേഴ്‌സല്‍ ഡിസൈന്‍ അവാര്‍ഡും (Mphasis Universal Design Award') അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. കഴിഞ്ഞ 11 വര്‍ഷമായി കാഴ്ച പരിമിതിയുള്ളവര്‍ക്ക് സഹായകരമാകുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

   കാഴ്ച പരിമിതിയുള്ളവരെ സഹായിക്കുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനായി കമ്പനി

   2015ല്‍, ഡിഐവൈ (DIY) പ്രേമികളുടെ സംഗമമായ ബെംഗളൂരുവിലെ ആദ്യ മേക്കര്‍ ഫെയറില്‍ പോള്‍ അവതരിപ്പിച്ചത് 'ടച്ച്' എന്ന് വിളിക്കുന്ന തന്റെ ആദ്യത്തെ റിഫ്രഷബിള്‍ ബ്രെയിലി ഡിസ്‌പ്ലേ ആയിരുന്നു. 2017-ല്‍, ടച്ചിന്റെ വിപുലമായ പതിപ്പായ ബ്രെയിലി ഇ-റീഡര്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം സാപിയന്റുമായി സഹകരിച്ചു. അതേ വര്‍ഷം തന്നെ, കാഴ്ച പരിമിതിയുള്ളവരെയും മറ്റ് പരിമിതികളുള്ളവരെയും സഹായിക്കുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടച്ച്‌ടെക് ലാബ്‌സ് (Touchétech Labs) എന്ന പേരില്‍ ഒരു കമ്പനി ആരംഭിച്ചു.തിങ്കര്‍ബെല്‍ ലാബ്സ് (Thinkerbell Labs) പോലുള്ള കമ്പനികൾക്ക് അവരുടെ ഫ്ലാഗ്ഷിപ്പ് ഉത്പന്നമായ 'ആനി'യില്‍ (Annie) ഉപയോഗിക്കാൻ ബ്രെയിലി സെല്‍ മൊഡ്യൂളുകള്‍ ടച്ച്ടെക് ലാബ്സ് നിര്‍മ്മിക്കുന്നു. വെമ്പി ടെക്നോളജീസ് അവരുടെ ബ്രെയിലി റീഡറായ 'ഹെക്‌സിസ്'ല്‍ ഇത് ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഐഐടി ബാംഗ്ലൂരിലെ വിഷന്‍ എംപവര്‍ ട്രസ്റ്റിലും മറ്റു സ്ഥാപനങ്ങളിലും പോളിന്റെ കമ്പനി ബ്രെയിലി സെല്‍ മൊഡ്യൂളുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

   പോളിന്റെ റിഫ്രഷബിള്‍ ബ്രെയിലി ഡിസ്‌പ്ലേ ഉപയോഗിച്ച് ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് വായിക്കുന്ന കുട്ടി: https://www.youtube.com/watch?v=Xl6zxjH29E4&t=34s

   ടച്ച്‌ടെക് ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഒരു സാമൂഹിക സംരംഭകത്വ സ്ഥാപനമാണെന്നാണ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചിരിക്കുന്നത്. കമ്പനി പ്രാഥമികമായി ശാരീരിക വെല്ലുവിളി നേരിടുന്നവരുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാഴ്ച പരിമിതിയുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വളരെ ആവേശകരമായ ചില പ്രോജക്ടുകളില്‍ തങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണെന്നും കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

   അമ്മ തന്ന പ്രചോദനം

   ഇത്തരം കണ്ടുപിടുത്തങ്ങളുടെ മേഖലയിലേക്ക് താന്‍ എത്തിപ്പെട്ടത്തിനെക്കുറിച്ച് ഗോവ സ്വദേശിയായ പോള്‍, ന്യൂസ് 18-നോട് സംസാരിക്കുകയുണ്ടായി. ''കുട്ടിക്കാലം മുതല്‍, കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. എന്റെ അഭിനിവേശം പിന്തുടരാന്‍ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാന്‍ ചെറിയ കളിപ്പാട്ടങ്ങളും ഉപകരണങ്ങളും ഉണ്ടാക്കാന്‍ തുടങ്ങി. ക്ലോക്കുകള്‍ എന്നെ ആകര്‍ഷിച്ചു, ക്ലോക്ക് മേക്കര്‍ ജോണ്‍ ഹാരിസണ്‍ എന്റെ ആരാധ്യനായിരുന്നു. 1998 ല്‍, സ്വിസ് വാച്ച് മേക്കര്‍ ബ്രെഗേറ്റ് നടത്തിയ ഒരു മത്സരത്തില്‍, ക്ലോക്കുകള്‍ക്കും വാച്ചുകള്‍ക്കുമായി ഒരു മെക്കാനിക്കല്‍ പെര്‍പെച്വല്‍ കലണ്ടര്‍ രൂപകല്‍പ്പന ചെയ്തതിന് എനിക്ക് റണ്ണര്‍ അപ്പ് അവാര്‍ഡ് ലഭിച്ചു. ഞങ്ങളുടെ സ്‌കൂള്‍ ലൈബ്രറിയിലെ എല്ലാ എന്‍സൈക്ലോപീഡിയ എഡിഷനുകളുടെയും വായനക്കാരനായിരുന്നു ഞാന്‍. ഞാൻ ഔപചാരിക വിദ്യാഭ്യാസത്തിന്റെ വലിയ ആരാധകനായിരുന്നില്ല. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഞാന്‍ പഠിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും ബിരുദം നേടിയിട്ടില്ല,'', പോൾ പറയുന്നു.

   ഇന്ന് പോളിന്റെ പേരില്‍ വാച്ച് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഞ്ച് പേറ്റന്റുകള്‍ ഉണ്ട്. 2016-ല്‍ സ്വീഡനിലെ ലുണ്ട് യൂണിവേഴ്സിറ്റി നല്‍കിയ 'ഇന്നവേഷന്‍ ഫോര്‍ ഗുഡ്' അവാര്‍ഡ്, 2010-ല്‍ നാഷണല്‍ ജിയോഗ്രാഫിക് നല്‍കിയ 'ഷേപ്പിംഗ് ദി ഫ്യൂച്ചര്‍' അവാര്‍ഡ് (ഫസ്റ്റ് റണ്ണര്‍ അപ്പ്), 2017-ല്‍ കര്‍ണാടക സര്‍ക്കാരിന്റെ എലിവേറ്റ് 100 അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പോള്‍ ഡിസൂസയെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു. പ്ലംബിംഗ്, കൊത്തുപണി, മരപ്പണി, മെറ്റല്‍ വര്‍ക്ക്, പ്രിസിഷന്‍ മെഷീനിംഗ്, വാച്ച് നിര്‍മ്മാണം, ജ്വല്ലറി ടെക്‌നിക്കുകള്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടറുകള്‍, ഒപ്റ്റിക്‌സ്, മിനിയേച്ചറുകള്‍, എയ്‌റോ മോഡലിംഗ്, എംബ്രോയ്ഡറി തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ താല്‍പ്പര്യം ആ മേഖലകളിലെ നിരവധി പുതുമകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും കാരണമായെന്നും വെബ്‌സൈറ്റില്‍ ചേര്‍ത്തിരിക്കുന്നു.

   കാഴ്ച പരിമിതിയുള്ളവര്‍ക്ക് വേണ്ടിയുള്ള ടാക്ടൈൽജ്യാമിതി ബോക്‌സ്

   ബ്രെയിലി/അസിസ്റ്റീവ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എട്ട് പേറ്റന്റുകള്‍ പോള്‍ ഇതുവരെ നേടിയിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തത്തിന്റെ ഭാഗമായി, കാഴ്ചവൈകല്യമുള്ള കുട്ടികൾക്ക് ജ്യാമിതിയുടെ സൂക്ഷ്മതലങ്ങൾ നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ അദ്ദേഹം നിര്‍മ്മിക്കാന്‍ തുടങ്ങി. ''ഇതില്‍ ടാക്ടൈൽ റൂളര്‍, ടാക്ടൈൽ കോമ്പസ്, ടാക്ടൈൽ പ്രൊട്രാക്ടര്‍, എന്നിവയോടൊപ്പം മുമ്പ് അറിയപ്പെടാത്ത ഒരു ഉപകരണം കൂടി ഉള്‍പ്പെടുന്നു. അതിനെ ഞാന്‍ 'ബൈസെക്ടര്‍ ആര്‍ക്ക്‌സ്' എന്ന് വിളിക്കുന്നു. ജ്യാമിതി ടൂള്‍ കിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്, കടലാസിലോ മറ്റേതെങ്കിലും ഡ്രോയിംഗ് മെറ്റീരിയലിലോ ഉപയോഗിക്കാവുന്ന തരത്തിലാണ്. റൂലെറ്റിന്റെ (Roulette) ഉപയോഗവുമായി യോജിക്കുന്ന തരത്തിലുള്ളവയാണ് എന്റെ ഡ്രോയിംഗ് ടൂളുകള്‍. കാഴ്ചയില്ലാത്തവര്‍ക്ക് എളുപ്പത്തില്‍ ലഭ്യമായ ഫോട്ടോകോപ്പി ഗ്രേഡ് പേപ്പറില്‍ വരകള്‍ വരയ്ക്കാന്‍ റൗലറ്റ് സഹായിക്കുന്നു. അതുവഴി കൂടുതല്‍ ചെലവേറിയ പ്ലാസ്റ്റിക് മെഴുക് കടലാസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കാഴ്ച പരിമിതിയുള്ളവർക്ക് കഴിയുന്നു'', പോള്‍ പറഞ്ഞു.

   ബൈസെക്ടര്‍ ആര്‍ക്ക്‌സ് എന്താണെന്ന്മനസ്സിലാക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: https://www.youtube.com/watch?v=pVfa7lz8gGg

   മുംബൈയിലെ വിഷ്വലി ചലഞ്ച്ഡ് ഫോര്‍ ദി സേവ്യേഴ്സ് റിസോഴ്സ് സെന്ററില്‍ നിന്നുള്ള നേഹ ത്രിവേദിയുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു അദ്ദേഹം ഈ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തത്. ''ആരെങ്കിലും പ്രചോദനം നല്‍കുന്നിടത്തോളം കാലം എനിക്ക് പുതുമകള്‍ സൃഷ്ടിക്കാന്‍ കഴിയും'', പോള്‍ പറയുന്നു.
   Published by:Karthika M
   First published:
   )}