യുപിയിൽ ഇസ്ലാം മതപണ്ഡിതന്റെ സംസ്കാര ചടങ്ങുകൾക്കായി ആയിരങ്ങൾ ഒത്തുകൂടി; കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്
യുപിയിൽ ഇസ്ലാം മതപണ്ഡിതന്റെ സംസ്കാര ചടങ്ങുകൾക്കായി ആയിരങ്ങൾ ഒത്തുകൂടി; കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്
സാമൂഹിക അകലം പാലിക്കൽ അടക്കം കോവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് നടന്ന ഒത്തുചേരലിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
(Image: @KanwardeepsTOI Twitter)
Last Updated :
Share this:
ലക്നൗ: മുസ്ലീം മതപണ്ഡിതന്റെ സംസ്കാര ചടങ്ങുകൾക്കായി ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് യുപി പൊലീസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് അജ്ഞാത വ്യക്തികളെ പ്രതി ചേര്‍ത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുപിയിലെ ബുദൗൻ ജില്ലയിലാണ് മതപണ്ഡിതൻ ഹസ്രത് അബ്ദുൾ മുഹമ്മദ് സലീമുൽ ഖദ്രിയുടെ സംസ്കാര ചടങ്ങുകൾക്കായി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആയിരങ്ങൾ ഒത്തുകൂടിയത്. പകർച്ചാവ്യാധി നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
'ഒരു മതനേതാവിന്റെ ശവസംസ്കാര ചടങ്ങിനായി ആളുകൾ വൻതോതിൽ തടിച്ചുകൂടിയ ഒരു കേസ് ബദൗൻ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കോട്വാലി പൊലീസ് സ്റ്റേഷനിൽ 144, 188 വകുപ്പുകൾക്ക് പുറമെ മറ്റ് പ്രസക്തമായ വകുപ്പുകളും ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കാൻ അഡീഷണൽ എസ്പിയുടെ കീഴിൽ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്' എന്നാണ് ബദൗൻ എസ്എസ്പി സങ്കൽപ് ശർമ്മ വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മതനേതാവും ഇസ്ലാമിക പണ്ഡിതനുമായ ഖദ്രി മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുള്ള യാത്രയിലാണ് ആയിരങ്ങൾ പങ്കു ചേർന്നത്. ഇവരിൽ പലരും ഫേസ് മാസ്ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കൽ അടക്കം കോവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് നടന്ന ഒത്തുചേരലിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോ വിശകലനം ചെയ്യുന്നതിന് പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്.
മതനേതാവിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ വൻജനാവലി ഒത്തുകൂടാനുള്ള സാധ്യതയുണ്ടായിട്ടും സ്ഥലത്ത് ജില്ലാ ഭരണകൂടം പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് യുപി. മരണാനന്തര ചടങ്ങുകളിൽ ഇരുപത് പേര്‍ക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. ഇതുൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് ബദൗനിൽ ജനക്കൂട്ടം ഒത്തുകൂടിയത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.