ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്. എന്നാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാർനർജി, ബിഎസ്പി നേതാവ് മായവതി എന്നിവർക്കൊപ്പം ആം ആദ്മി പാർട്ടിയും യോഗത്തിൽ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായിട്ടുണ്ട്.
പ്രതിഷേധത്തിന്‍റെ ഭാഗമായി ഇടത് പാർട്ടികൾ അക്രമം സമരം നടത്തുന്നുവെന്ന് ആരോപിച്ചാണ് മമത യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പണിമുടക്കിനിടെ ബംഗാളിൽ തൃണമൂൽ-സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. കോൺഗ്രസ് രാഷ്ട്രീയ നാടകം കളിക്കുന്നുവെന്ന് ആരോപിച്ചാണ് ബി.എസ്.പി വിട്ടുനിൽക്കുന്നത്. രാജസ്ഥാനിലെ കോട്ടയിൽ ശിശുമരണം ഉണ്ടായ ആശുപത്രി സന്ദർശിക്കാത്ത പ്രിയങ്ക ഗാന്ധി, ഉത്തർപ്രദേശിലെ ചെറിയ സംഭവങ്ങൾ പോലും രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് മായാവതിയുടെ ആരോപണം.
ഏറ്റവും ഒടുവിലാണ് ആം ആദ്മി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ എവിടെയും ആം ആദ്മി പാർട്ടി പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. നേരത്തെ ആർട്ടിക്കിൾ 370 പിൻവലിച്ചപ്പോഴും ആം ആദ്മി പാർട്ടി സമരരംഗത്ത് ഉണ്ടായിരുന്നില്ല.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പാർലമെന്‍റ് അനക്സിലാണ് യോഗം.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.